12 October, 2017 04:40:25 PM


തെറിക്കുത്തരം കൊടുക്കാൻ മുറിപ്പത്തലുമായി പിണറായി സർക്കാർ !
'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്നത് പഴഞ്ചൊല്ല്. ഇപ്പോൾ നമ്മൾ കണ്ണിൽ കാണുന്നതും അത് തന്നെ! ലാവലിൻ തെറിയുമായി തന്നെ വേട്ടയാടിയ യു ഡി എഫിനെതിരെ സോളാർ മുറിപ്പത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ  പത്രസമ്മേളനം തികച്ചും നാടകീയമായിരുന്നു.

മന്ത്രിസഭാ നടപടികളുടെ വിശദീകരണമായിരിക്കുമെന്നേ ഏവരും കരുതിയുള്ളൂ. ഇത് യു ഡി എഫിന്റെ നെഞ്ചത്തു വന്നു വീണ് എട്ടുനിലയിൽ പൊട്ടുന്ന കതിനയായിരിക്കുമെന്ന് ആരുമേ കരുതിയിട്ടുണ്ടാവില്ല. 

പതിറ്റാണ്ടിനു മുമ്പ് സദുദ്ദേശത്തോടെ ചെയ്ത കാര്യങ്ങൾ, അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ  സ്വന്തം നിലയിൽ സാമ്പത്തികമുണ്ടാക്കിയിട്ടില്ല എന്ന് വ്യക്തമായിരുന്നിട്ടും, യു ഡി എഫ് വെറുതെ വിട്ടില്ല. ഓരോ തെരെഞ്ഞെടുപ്പ് വരുമ്പോഴും രമേശ് ചെന്നിത്തലയുൾപ്പെടെവരുടെ നാവിലെ ഇഷ്ടപദമായിരുന്നു ലാവലിൻ. ലാവലിൻ അഴിമതി വിശദീകരിക്കാതെ ഒരു യോഗം പോലും നടന്നിട്ടില്ല.

ആരോപണത്തിന്റെ തനിയാവർത്തനം കേട്ട് കേട്ട് ആടിനെ പട്ടിയാക്കിയതുപോലെ പിണറായിയെ പൊതു സമൂഹത്തിനു മുമ്പിൽ അപഹസിക്കുകയായിരുന്നു യു ഡി എഫ് നേതാക്കൾ. യാതൊരു ധാർമ്മിക-രാഷ്ട്രീയ മാന്യതയും അവരുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ല. അഴിമതിയിൽ പിണറായിക്കു പങ്കില്ലെന്നു തെളിയാൻ ആണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. യു ഡി എഫ് നേതാക്കളുടെ ആരോപണം ഒന്നു മാത്രമല്ല  സ്വന്തം പാർട്ടി സെക്രട്ടറിയെ സംശയത്തിന്റെ നിഴലിൽ നിർത്തി വിഭാഗീയത പൊലിപ്പിച്ച വി എസ്സിന്റെ പങ്കും പൊതുസമൂഹത്തിനു മുമ്പിൽ പിണറായിയുടെ മാറ്റ് കുറച്ചുകളഞ്ഞു.

വേങ്ങരയിൽ വിധിയെഴുതുന്ന ദിവസം തന്നെ, കിട്ടിയ അവസരം പിണറായി പാഴാക്കിയില്ല. അതിൽ പിണറായിയെ കുറ്റപ്പെടുത്തുന്നവരുണ്ടാകാം. എന്നാൽ ആണ്ടുകളോളം ചെയ്യാത്ത കുറ്റത്തിന്റെ പേരും ചൊല്ലി അപഹസിക്കപ്പെട്ട ഇരയ്ക്ക് കിട്ടിയ അവസരം മുതലാക്കിയതിൽ കുറ്റം പറയാനാനുമാവില്ല.

സോളാർ അഴിമതി അന്വേഷണത്തിന് ജസ്റ്റീസ് ശിവരാജനെ പിണറായി സർക്കാർ നിയമിച്ചതല്ല. അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ തന്നെ നിയമനമാണ്. സെക്രട്ടേറിയേറ്റ് വളയൽ സമരം അവസാനിപ്പിക്കാൻ വേണ്ടി ഉമ്മൻ ചാണ്ടി സർക്കാർ വഴങ്ങിക്കൊടുത്തതാണ് കമ്മീഷൻ നിയമനം. 2013  ഓഗസ്ററ് 16 നു  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഒക്ടോബറിൽ ജസ്റ്റീസ് ശിവരാജനെ നിയമിച്ചു. കമ്മീഷൻ 2014 മാർച്ചു മുതൽ പ്രവർത്തനമാരംഭിച്ചു. അതിന്റെ പ്രവർത്തനം പലപ്പോഴായി 6 മാസം വീതം നീട്ടിക്കൊടുത്തു.

കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കുക മാത്രമേ പിണറായി സർക്കാർ ചെയ്തിട്ടുള്ളൂ. തെരെഞ്ഞെടുപ്പിലേക്കു നീങ്ങും മുമ്പ് 2006 ൽ ലാവലിൻ കേസ് സി ബി ഐ ക്കു വിട്ടത് ശരിയാണെന്നു അഭിപ്രായമുള്ളവർക്ക്  ഇപ്പോൾ വേങ്ങര തെരഞ്ഞെടുപ്പ് ദിവസം ഈ സർക്കാർ ചെയ്തതിനെ വിമർശിക്കാൻ അർഹതയില്ല! ഒരു കൂട്ടർക്കു മാത്രമേ രാഷ്ട്രീയകളി പാടുള്ളൂ എന്നില്ലല്ലോ!  നിരപരാധിയായ ഒരാളെ കൂട്ടിലടയ്ക്കാൻ പരിശ്രമിച്ചവർക്ക് കിട്ടിയ അടിയായിമാത്രം ഇതിനെ കരുതിയാൽ മതി.

എന്നാൽ, വൈരനിര്യാതനബുദ്ധിയോടെയുള്ള ഇത്തരം കളികൾ രാഷ്ട്രീയമാന്യതയ്ക്ക് ചേർന്നതല്ല എന്ന് എല്ലാവരും  ഇനിയെങ്കിലും മനസ്സിലാക്കുന്നത്  നന്നായിരിക്കും.Share this News Now:
  • Google+
Like(s): 711