29 October, 2017 08:01:33 PM


ഏറ്റുമാനൂര്‍ ഏഴരപൊന്നാനകള്‍: അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെതിരെ ഭക്തര്‍
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഏഴരപൊന്നാനകള്‍ സംബന്ധിച്ച വിവാദം വഴിത്തിരിവിലേക്ക്. ഭക്തജന പ്രതിനിധികള്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ  പരിശോധനയില്‍ ഏഴരപൊന്നാകള്‍ക്ക് കണ്ടെത്തിയ കേടുപാടുകളില്‍ നിന്നും വളരെ വ്യത്യസ്തമായാണ് അഡ്വക്കേറ്റ് കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് പുതിയ ആരോപണം. അഡ്വക്കേറ്റ് കമ്മീഷന്‍റെ റിപ്പോര്‍ട്ട് ചില തല്പരകക്ഷികള്‍ക്കു വേണ്ടിയുള്ളതാണെന്ന് കാട്ടി ഇതിനെതിരെ ഭക്തജനങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

അഡ്വക്കേറ്റ് കമ്മീഷണര്‍ നോമിനേറ്റ് ചെയ്ത ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു.  പിന്നാലെയാണ് അടുത്തിടെ തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഏഴരപൊന്നാനകള്‍ പുതുക്കിപണിയണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഏഴരപൊന്നാനകളുടെ പരിശോധനയ്ക്കായി എത്തിയ പ്രത്യേക സംഘത്തിലെ അംഗങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഭക്തജനങ്ങള്‍ തടഞ്ഞു. ക്ഷേത്രത്തിലെ ഏഴരപൊന്നാനകളും തിടമ്പും ഉള്‍പ്പെടെയുള്ള അമൂല്യനിധികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ഭക്തജനങ്ങളെയോ ദേവസ്വം അധികൃതരെയോ അറിയിക്കാതെയാണ് കോടതിയില്‍ അപേക്ഷ നല്‍കിയതെന്നാരോപിച്ച് ഭക്തര്‍ രംഗത്തുവരികയായിരുന്നു. പുതുക്കി പണിയുക എന്ന പേരില്‍ ഏഴരപൊന്നാനകളെ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും, പരിശോധന സുതാര്യമാക്കണമെന്നും, ഭക്തരുടെ സാന്നിദ്ധ്യത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

പരിശോധന നടക്കുമ്പോള്‍ ഭക്തജനങ്ങളെ അകത്ത് പ്രവേശിപ്പിക്കില്ല എന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് തന്ത്രിയുമായി നടന്ന ചർച്ചയില്‍ ഭക്തരുടെ പ്രതിനിധികളെ കൂടി അകത്ത് പ്രവേശിപ്പിക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് എട്ട് പേരെ കൂടി ചേര്‍ത്ത് വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അന്നുതന്നെ മാധ്യമങ്ങള്‍ വഴി പുറംലോകം അറിഞ്ഞിരുന്നു. എന്നാല്‍ ഇതിന് ഘടകവിരുദ്ധമായാണ് അഡ്വക്കേറ്റ് കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഭക്തജനങ്ങള്‍ രൂപം നല്‍കിയ ക്ഷേത്രരക്ഷാവേദി ഭാരവാഹികള്‍ പറയുന്നു.

ഏഴരപ്പൊന്നാനയുടെ കേടുപാടുകൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതിയില്‍ ദേവസ്വം കമ്മീഷണർ രാമരാജ ദേവപ്രസാദ്, ദേവസ്വം വിജിലൻസ് എസ്.പി കെ എൽ സജിമോൻ, ദേവസ്വം ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് പി ആർ രാമൻ, തിരുവാഭരണ കമ്മീഷണർ സി ആർ ലത, സാങ്കേതിക വിദഗ്ദ്ധൻ പരുമല അനന്തനാചാരി, അഡ്വ. കമ്മീഷണർ എ. എസ്. പി.കുറുപ്പ്, തന്ത്രി കണ്ഠരര് രാജിവരര് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് പരിശോധനയ്ക്ക് എത്തിയത്. നഗരസഭാ കൗൺസിലർ മാരായ ഉഷ സുരേഷ്, ഗണേഷ് ഏറ്റുമാനൂർ, അനീഷ് വി നാഥ്, ഹിന്ദു ഐക്യ വേദി ജില്ലാ സെക്രട്ടറി വിജയകുമാർ, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്‍റ് സുരേഷ് ഗോവിന്ദ്, എസ് എൻ ഡി പി പാലാ യൂണിയൻ കൺവീനർ അഡ്വ .സന്തോഷ് കുമാർ, ഏറ്റുമാനൂര്‍ മേഖലാ കൺവീനർ കെ പി സന്തോഷ് എന്നിവരാണ് ഭക്തജനങ്ങള്‍ക്കുവേണ്ടി പരിശോധനാസംഘത്തോടൊപ്പം അകത്ത് കടന്നത്.

കാലപ്പഴക്കവും കൈകാര്യം ചെയ്തതിലെ അശ്രദ്ധയും കാരണം മഹാദേവക്ഷേത്രത്തിലെ ഏഴരപൊന്നാനകള്‍ക്ക് എല്ലാം കേടുപാടുകള്‍ ഉണ്ടെന്നാണ് അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി.കുറുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഏഴരപൊന്നാനകളുടെ സ്വര്‍ണ്ണപാളികളില്‍ ചില ഭാഗങ്ങളില്‍ പൊട്ടുകള്‍ ഉണ്ടെന്നും തടി തെളിഞ്ഞു കാണുന്നുണ്ടെന്നുമുള്ള പരിശോധനാസമിതിയംഗം അനന്തന്‍ ആചാരിയുടെ റിപ്പോര്‍ട്ടും അഡ്വക്കേറ്റ് കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്. പരിശോധനാ സമയത്ത് ഭക്തര്‍ പ്രതിഷേധവുമായി എത്തിയെന്നും തെറ്റായ പ്രചരണം അഴിച്ചു വിട്ടുവെന്നും അഡ്വക്കേറ്റ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ഫെബ്രുവരിയില്‍ നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി ഏഴരപൊന്നാനകളുടെ കേടുപാടുകള്‍ തീര്‍ക്കേണ്ടതുണ്ടെന്നും അതിനായി തിരുവാഭരണം കമ്മീഷണര്‍ക്ക് ഹൈക്കോടതി ഉത്തരവ് നല്‍കണമെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ടിനോടൊപ്പം അപേക്ഷിച്ചിട്ടുള്ളതായാണ് അറിയുന്നത്.

അതേസമയം, പരിശോധനാ സമയത്ത് കണ്ടെത്തിയ കാര്യങ്ങള്‍ പരുമല അനന്തന്‍ ആചാരിയുടെ പിന്നീടുണ്ടാക്കിയ റിപ്പോര്‍ട്ട് സഹിതം വളച്ചൊടിച്ച് കോടതിയില്‍ സമര്‍പ്പിച്ചതാണെന്നാണ് ഭക്തരുടെ ആരോപണം. കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍ പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് തെറ്റാണെന്നിരിക്കെ ശബരിമലയിലും ഏറ്റുമാനൂരിലും കൊടിമരം നിര്‍മ്മിച്ച അനന്തന്‍ ആചാരിയുടെ പക്കല്‍ നിന്നും ശബരിമലയില്‍ വെച്ച് ഉപഹാരം സ്വീകരിച്ചത് ഇവര്‍ തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് വെളിവാക്കുന്നതെന്ന് ക്ഷേത്രരക്ഷാവേദി കണ്‍വീനര്‍ എം.എസ്.വിനോദ് പറഞ്ഞു. അഡ്വക്കേറ്റ് കമ്മീഷണര്‍ ഉപഹാരം സ്വീകരിക്കുന്ന ചിത്രം സഹിതം ക്ഷേത്രത്തിന് ചുറ്റും പ്രതിഷേധബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രത്യേക സമിതിയോടൊപ്പം ഭക്തജനങ്ങള്‍ക്ക് വേണ്ടി ഏഴരപൊന്നാനകളെ പരിശോധിച്ചവരില്‍ ഒരാളായ വിജയകുമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണ പണികള്‍ക്കായി തിരുവിതാംകൂര്‍ മഹാരാജാവ് നിയോഗിച്ച പണിക്കാരു വീട്ടിലെ ഇപ്പോഴത്തെ പ്രതിനിധിയാണ്. ഏഴരപൊന്നാനകള്‍ക്ക് നിസാരമായ കേടുപാടുകളേ ഉള്ളുവെന്നും അത് തന്‍റെ സമര്‍പ്പണമായി ക്ഷേത്രത്തിനുള്ളില്‍ വെച്ച് പരിഹരിച്ച് നല്‍കികൊള്ളാമെന്നുമുള്ള ഇദ്ദേഹത്തിന്‍റെ സത്യവാങ്മൂലവും പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണപണികള്‍ ചെയ്യുന്നയാള്‍ എന്ന  ഐഡി കാര്‍ഡും സഹിതമാണ് ഭക്തജനങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്‍റാണ് ഭക്തജനങ്ങള്‍ക്കുവേണ്ടി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത ഉപദേശകസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒരു സ്വകാര്യ അന്യായവും ഇതിനു പുറമെ കോടതിയുടെ പരിഗണനയിലാണ്.

അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍


ആനകളുടെ കേടുപാടുകള്‍ അഡ്വക്കേറ്റ് കമ്മീഷണര്‍  റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതിങ്ങനെ
 
ആന ഒന്ന് - രണ്ട് കൊമ്പിന്‍റെയും തകിടിന് ഇളക്കം
ആന രണ്ട് - തുമ്പിക്കൈ ഇളകി, ചില ഭാഗങ്ങളില്‍ തകിടും
ആന മൂന്ന് - തുമ്പിക്കൈയും രണ്ടു കൊമ്പും തകിടും ഇളകി
ആന നാല് - ഇടുകാലിലെ തകിടിനും ചില ആണികള്‍ക്കും ഇളക്കം
ആന അഞ്ച് - വലതു ചെവിയിലെ തകിടും ഇടതു മുന്‍കാലിലെ തകിടും ഇളകി
ആന ആറ് - വലതുകാലിലെ തകിടിന് ഇളക്കം
ആന ഏഴ് - വാല്‍ഭാഗത്തും ഇടതു മുന്‍കാലിന്‍റെ അടിഭാഗത്തും ഇളക്കം
അരയാന - രണ്ടു കൊമ്പിന് ചെറിയ തകരാര്‍

പരിശോധനാഫലം: ഭക്തര്‍ പറയുന്നത്


വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അന്ന് വെളിവാക്കിയതും ബോധ്യപ്പെട്ടതുമായി നഗരസഭാ കൗണ്‍സിലര്‍ ഉഷാ സുരേഷ് എഴുതി തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കത്തില്‍ ഏഴര പൊന്നാനകളുടെയും മറ്റ് അമൂല്യവസ്തുക്കളുടെയും കേടുപാടുകള്‍ സൂചിപ്പിച്ചിരിക്കുന്നതിങ്ങനെ. 

ആന ഒന്ന് - ഒരു കൊമ്പിന്‍റെ അറ്റത്ത് ചളുക്കം, ചെവിക്കും തുമ്പിക്കൈയ്ക്കും ചെറിയ ഇളക്കം
ആന രണ്ട് - മുതുകിലെ സ്വര്‍ണ്ണം സ്വല്‍പം ഇളകി പോയി. ഒരു കൊമ്പിന് തകരാര്‍, രണ്ട് ചെവിക്കും ആട്ടമുണ്ട്.
ആന മൂന്ന് - ഒരു കുഴപ്പവുമില്ല
ആന നാല് - ഒരു കുഴപ്പവുമില്ല
ആന അഞ്ച് - വലതു കൊമ്പിന്‍റെ അറ്റം സ്വല്‍പം പോയിട്ടുണ്ട്. മുമ്പില്‍ ഇടത്തേകാലിന്‍റെ താഴെ പാളി ഇളകിയിട്ടുണ്ട്. വാലിന് ഇളക്കം.
ആന ആറ് - വലത്തെ ചെവിയുടെ അറ്റം സ്വല്‍പം ചളുക്കം
ആന ഏഴ് - വാലിന്‍റെ സ്വര്‍ണ്ണം സ്വല്‍പം പൊളിഞ്ഞിട്ടുണ്ട്.
അരപൊന്നാന - ഒരു കേടും ഇല്ല

1. പ്രഭാമണ്ഡലത്തിന്‍റെ ലക്ഷ്മിരൂപത്തിന്‍റെ തോളിന് സ്വല്‍പം പൊട്ടലുണ്ട്.
2. ശ്രീബലി ബിംബത്തിന്‍റെ വലതുകൈയില്‍ നിന്നും ഇടതുകൈയില്‍ നിന്നും സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്.
3. ഒന്ന് മുതല്‍ അഞ്ച് വരെ ഉത്സവദിവസങ്ങളില്‍  ഉപയോഗിക്കുന്ന ചെറിയ ചട്ടത്തിന്‍റെ നാഗപത്തി മൂന്ന് എണ്ണം പോയി. കുമിള ഒരെണ്ണം പോയി.
4 ആറ് മുതല്‍ പത്ത് വരെ ഉത്സവദിനങ്ങളില്‍ ഉപയോഗിക്കുന്ന വലിയ ചട്ടത്തിന്‍റെ നാഗപത്തി പൊട്ടിയിട്ടുണ്ട്. പൂവ് മൂന്നെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്.


Share this News Now:
  • Google+
Like(s): 1056