22 November, 2017 09:13:11 PM


ചിക്കനും ബീഫും മറ്റും ചേര്‍ന്ന ഭക്ഷണങ്ങള്‍ ; പിന്നാമ്പുറ കഥകള്‍



കോട്ടയം: രുചികരവും ഏറെ പ്രിയപ്പെട്ടതുമായ പല ഭക്ഷണ സാധനങ്ങളുടെയും ഉറവിടം തേടി ബേക്കറികളുടെ പിന്നാമ്പുറങ്ങളിലേക്ക് ചെന്നാല്‍ പലപ്പോഴും നമ്മെ കാത്തിരിക്കുക ഞെട്ടിക്കുന്ന കാഴ്ചകളാകും. ഭക്ഷ്യയോഗ്യമല്ലാത്തതും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ നിരവധി ഭക്ഷണസാധനങ്ങള്‍ ഇന്ന് വിപണിയിലെ ബേക്കറികളിലും ഹോട്ടലുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എത്തുന്നുണ്ട്.  ഇവയില്‍ പലതും നമ്മള്‍ക്ക് പ്രിയപ്പെട്ടതും സ്നാക്സില്‍ ഉള്‍പ്പെടുത്തി ദിനംപ്രതി ഉപോഗിക്കുന്നതുമാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചിക്കനും ബീഫും ഉപയോഗിച്ചുള്ള ഭക്ഷണസാധനങ്ങള്‍.



നന്നായി അരച്ച ചിക്കനും മറ്റു ഇറച്ചികളും റെഡിയാക്കി ബേക്കറികളില്‍ എത്തിക്കുന്ന ഒരു വലിയ സംഘം തന്നെ ഇന്നുണ്ട്.  ഇറച്ചിയുടെ ഒരു ഭാഗവും വെയ്സ്റ്റ് ആക്കാതെ പേസ്റ്റ് പോലെ അരയ്ക്കുന്ന യന്ത്രങ്ങളും ഇന്ന് വിപണിയിലുണ്ട്. ഈ യന്ത്രങ്ങളില്‍ അരച്ചെടുത്ത് കഴിഞ്ഞാല്‍ ഇത് കോഴിയാണോ അതോ മറ്റെന്തെങ്കിലും മൃഗത്തിന്‍റെയോ പക്ഷിയുടെയോ ഇറച്ചിയാണോ എന്ന് പോലും തിരിച്ചറിയാനും സാധിക്കില്ല.


കോഴികളുടെ കാര്യത്തില്‍ ഒട്ടും പറയുകയും വേണ്ട. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും വലിയ ലോറികളില്‍ ചില്ലറ വില്‍പ്പനയ്ക്കെത്തുന്ന കോഴികളില്‍ നല്ലൊരു ശതമാനവും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ ഞെങ്ങി ഞെരുങ്ങി ചാകാറുണ്ട്. ഇങ്ങനെ ജീവനൊടുങ്ങുന്ന ചിക്കനാണ് നമ്മള്‍ വളരെ സ്വാദോടെ കഴിക്കുന്ന പഫ്സ്, ചിക്കന്‍ കട്ലറ്റ് പോലുള്ള ഭക്ഷണങ്ങളില്‍ അരച്ച് ചേര്‍ക്കുന്നത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മിക്ക ബേക്കറികളിലും ഇവ സ്നാക്സുകളുടെ ഭാഗമാകുന്നത്. അതും 'പപ്പും പൂടയും' ഒന്നും പറിച്ചു മാറ്റാതെ തന്നെ യന്ത്രത്തിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞയിടെ ഒരു ഹോട്ടലില്‍ നിന്നും പഫ്സിനുള്ളില്‍ തൂവല്‍ കണ്ട സംഭവം തെളിയിക്കുന്നു.


ബീഫെന്ന് പറഞ്ഞ് നമ്മള്‍ വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളിലും ഇത്തരം മായമുണ്ടത്രേ. ചത്തു വീഴുന്ന പശുവിന്‍റെ ഇറച്ചി മുതല്‍ തെരുവുനായ്ക്കള്‍ വരെ ബീഫ് ആയി തീന്‍മേശയില്‍ എത്തുന്നു. ലാഭം മുന്‍നിര്‍ത്തി മാത്രം കച്ചവടം ചെയ്യുന്ന ഇത്തരം പ്രസ്ഥാനങ്ങളില്‍ വില്‍ക്കപ്പെടുന്ന വെജിറ്റബിള്‍, ഫിഷ് ഉത്പന്നങ്ങളും സംശയത്തോടെ തന്നെ കാണേണ്ടിയിരിക്കുന്നു. മനുഷ്യനെ മാറാരോഗങ്ങളിലേയ്ക്ക് നയിച്ചു കൊണ്ടാണ് ലൈറ്റിട്ട ചില്ലുകൂടുകളിലേയ്ക്ക് ഇത്തരം ഭക്ഷണസാധനങ്ങള്‍ എത്തുന്നതെന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല. 


കൃത്യമായ രീതിയില്‍ കൂടെകൂടെ പരിശോധനകള്‍ നടത്തി ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങള്‍ മാത്രം വിപണിയില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്. അല്ലെങ്കില്‍ പരാജയപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങി ഉപയോഗിക്കണോ വേണ്ടയോ എന്ന് ഏവരും സ്വയം തീരുമാനിക്കുന്നതായിരിക്കും ഉചിതം.


- സ്മിത സി.ആര്‍.


Share this News Now:
  • Google+
Like(s): 492