25 November, 2017 01:44:07 PM


ഉച്ചത്തിലുള്ള ശരണംവിളി ശ്വാസകോശത്തിന്‍റെ ശേഷി വര്‍ധിപ്പിക്കും



ശബരിമല: വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്ന് ആരോഗ്യവിഭാഗം അധികൃതരുടെ നിര്‍ദ്ദേശം. അസുഖബാധിതര്‍ പ്രത്യേകിച്ചും ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ ശബരിമല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നുള്ള മാര്‍ഗരേഖയും പുറത്തിറക്കി.


(1) ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കകയോ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ അതീവ ശ്രദ്ധയോടെ മലകയറുകയോ വേണം.
(2) ചുരുങ്ങിയത് മൂന്നവര്‍ഷത്തോളമായി ഷുഗറിനും പ്രഷറിനും മരുന്നുകഴിക്കുന്നവര്‍ മലകയറുന്നതിനുമുമ്പ് ഡോക്ടറെ കണ്ട് പരിശോധന നടത്തി ഹൃദയ സംബന്ധമായ തകരാര്‍ ഇല്ലെന്ന് ഉറപ്പാക്കണം.
(3) വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്.
(4) ഉച്ചത്തില്‍ ശരണം വിളിക്കുമ്പോള്‍ ശ്വാസകോശത്തിന്‍റെ ശേഷി വര്‍ധിക്കുകയാണ്. വ്രതാനുഷ്ഠാന വേളയിലും മല കയറുമ്പോളും ശരണം വിളി ശീലമാക്കുക.
(5) മലകയറ്റത്തിനായി വരുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച മെഡിക്കല്‍ റെക്കോര്‍ഡ്‌സും കൂടെ കരുതുക. 
(6) ശബരിമലയില്‍ തിരക്കുകുറഞ്ഞ സമയത്താണ് മലകയറ്റത്തെ തുടര്‍ന്നുള്ള ഹൃദയാഘാത മരണം കൂടുതല്‍ സംഭവിക്കുന്നത്. ഈ സമയം വേഗത്തില്‍ മലകയറുന്നതാണ് കാരണം. വളരെ സാവധാനം ആവശ്യത്തിന് സമയമെടുത്ത് മലകയറുക.
(7) നടക്കുമ്പോള്‍ നെഞ്ചുവേദന, തലകറക്കം, ശ്വാസം മുട്ടല്‍ തുടങ്ങിയവ ഉണ്ടായില്‍ വിശ്രമിക്കുക. ചികില്‍സ തേടുക. 

പ്രതിദിനം ആയിരത്തോളം പേര്‍ ചികില്‍സയ്ക്ക് എത്തുന്നു


ശബരിമല: മണ്ഡലകാലം തുടങ്ങി ഇതേവരെ ശരാശരി പ്രതിദിനം 700 ഓളം പേര്‍ ചികില്‍സയ്ക്ക എത്തുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത് 1000-1500 വരെയായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. കഴിഞ്ഞവര്‍ഷം 2.5 വര്‍ഷം അയ്യപ്പന്മാരാണ് ചികില്‍സ തേടിയത്. തൊട്ടുമുന്‍വര്‍ഷം ഇത് 2.15 ലക്ഷമായിരുന്നു. പനി, മുട്ടുവേദന, മൂക്കൊലിപ്പ്, കാല്‍വേദന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഭക്തര്‍ കൂടുതലും ചികില്‍സ തേടുന്നത്. 

പ്രഥമ ശുശ്രൂഷയ്ക്ക് 15 എമര്‍ജന്‍സി സെന്‍ററുകള്‍


ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുന്ന ഇവിടെ പരിശീലനം സിദ്ധിച്ച നെഴ്‌സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും അയ്യപ്പസേവാ സംഘം വോളന്റിയര്‍മാരുടെയും സേവനം ലഭിക്കും. അസുഖം ബാധിക്കുന്ന അയപ്പന്മാര്‍ക്ക് ഈ സെന്‍ററുകളില്‍ അടിയന്തിര വൈദ്യസഹായം നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റും. ഓരോ സെന്‍ററിലും നാലു പേരടങ്ങുന്ന സംഘം വീതം രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം നല്‍കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടാല്‍ അടിയന്തിര ചികില്‍സയ്ക്കായി ആറ് സെന്‍ററുകളില്‍ ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ (എ.ഇ.ഡി) മെഷിനും ലഭ്യമാണ്


അസുഖം ഗുരുതരമാകുന്നര്‍ക്കായി ആംബുലന്‍സ് സൗകര്യവും


ശബരിമല: സന്നിധാനത്തുവെച്ച് ഗുരുതരമായ രീതിയില്‍ അസുഖം മൂര്‍ഛിക്കുന്നവരെ പെട്ടെന്ന് പമ്പയില്‍ എത്തിക്കാന്‍ സന്നിധാനത്തെ ആശുപത്രിയില്‍ ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സില്‍ സട്രെച്ചറും, ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ അടക്കമുളള സൗകര്യങ്ങളും ഉണ്ട്. 



Share this News Now:
  • Google+
Like(s): 181