21 December, 2017 10:00:20 PM


അമിത ചാർജ്: നിലയ്ക്കലിൽ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ, പരിശോധന ശക്തം



ശബരിമല: നിലയ്ക്കൽ പാർക്കിങ് മൈതാനത്തെ ടോയ്‌ലറ്റ് ഉപയോഗിച്ചവരിൽനിന്ന് അമിത ചാർജ് ഈടാക്കിയ കരാറുകാരനിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. നിലയ്ക്കലും ശരണപാതകളിലെ ഹോട്ടലിലും വ്യാപാരസ്ഥാപനങ്ങളിലും നിലയ്ക്കൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്.  

ഭക്ഷണത്തിന് അമിത വില ഈടാക്കിയതിന് ഹോട്ടൽ ഉടമയിൽനിന്ന് 2500 രൂപ പിഴയീടാക്കി. പ്ലാപ്പള്ളിയിൽ ഹോട്ടൽ പാചകക്കാരന് പറഞ്ഞുറപ്പിച്ച കൂലി നൽകാതെ പിരിച്ചുവിട്ടെന്ന പരാതിയിൽ കൂലി വാങ്ങിനൽകി പരിഹാരം കണ്ടു. എരുമേലി റൂട്ടിൽ കണമല വരെയും പത്തനംതിട്ട റൂട്ടിൽ പ്ലാപ്പള്ളി വരെയും പമ്പ റൂട്ടിൽ ചാലക്കയം വരെയും ദിവസവും സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. 

സാധനങ്ങളുടെ അളവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ. നവീൻ ബാബു, ഡെപ്യൂട്ടി തഹസിൽദാർ പി.ആർ. പ്രസന്നകുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എ. രതീഷ്, റേഷനിങ് ഇൻസ്‌പെക്ടർ എസ്. ബാബുക്കുട്ടൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. സുരേഷ്, എസ്. ജയരാജ്, പി.സി. സാബു, എം.എം. വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.



Share this News Now:
  • Google+
Like(s): 98