25 December, 2017 07:55:46 AM


ശബരിമലയില്‍ തങ്കഅങ്കി ചാർത്തൽ ഇന്ന് വൈകിട്ട്; മണ്ഡലപൂജ നാളെ




ശബരിമല: 41 ദിവസത്തെ വ്രതംനോറ്റ മണ്ഡലകാലത്തിന് നാളെ (ഡിസംബർ 26) സമാപനമാകും. മണ്ഡലപൂജ നാളെ രാവിലെ 11.04നും 11.40നും മധ്യേയാണ് നടക്കുക. ശരണംവിളികളാൽ മുഖരിതമാകുന്ന അന്തരീക്ഷത്തിൽ ഇന്ന് (ഡിസംബർ 25) വൈകിട്ട് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.  

തങ്കഅങ്കി ഘോഷയാത്ര ഇന്നു രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. പമ്പയിൽ നിന്നും തങ്കഅങ്കി പേടകങ്ങളിലാക്കി ഉച്ചയ്ക്കുശേഷം മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും. 

ക്ഷേത്ര നട തുറന്ന ശേഷം തങ്കഅങ്കി സ്വീകരിക്കാനുള്ള സംഘം സോപാനത്ത് എത്തി ദർശനം നടത്തും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജിച്ച മാലകൾ ഇവരെ അണിയിക്കും. തങ്കയങ്കി സ്വീകരിച്ച് വരുന്ന സംഘത്തിന് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നതിനുള്ള അയ്യപ്പന്റെ അനുവാദം നൽകുന്നതിനാണ് തന്ത്രി ഇവരെ പ്രത്യേക മാല അണിയിക്കുത്. തങ്കഅങ്കി സ്വീകരിക്കുന്ന സംഘം ശരംകുത്തിയിലെത്തിയ ശേഷം അവിടെ നിന്നും തീവെട്ടി, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് കൊടിമരച്ചുവട്ടിൽ എത്തും.


ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, എക്‌സിക്യുട്ടീവ് ഓഫീസർ തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകിയ ശേഷം തങ്കഅങ്കി പേടകം ക്ഷേത്രത്തിനുള്ളിൽ എത്തിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടർന്ന് നടയടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ അണിയിച്ച് ദീപാരാധാനയ്ക്കായി നട തുറക്കും.


അത്താഴപൂജയ്ക്കു ശേഷം തങ്കഅങ്കി വിഗ്രഹത്തിൽ നിന്നും പേടകത്തിലേക്ക് മാറ്റും. മണ്ഡലപൂജ സമയത്ത് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ വീണ്ടും ചാർത്തും. മണ്ഡല പൂജയ്ക്കു ശേഷം വിഗ്രഹത്തിൽ നിന്നും പേടകത്തിലേക്ക് മാറ്റും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും. 



Share this News Now:
  • Google+
Like(s): 254