29 December, 2017 10:34:42 PM


ആധുനികവും ജനകീയവുമായ പദ്ധതികള്‍ ആരോഗ്യരംഗത്ത് തുടങ്ങിയെന്ന് മന്ത്രി ശൈലജ
കോട്ടയം: ആരോഗ്യ രംഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ആധുനികവും ജനകീയവുമായ സംവിധാനങ്ങള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതായി ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങളുളള ജില്ലാ പ്രാരംഭ രോഗനിര്‍ണ്ണയ ചികിത്സാ കേന്ദ്രത്തിനായുളള നവീകരിച്ച കെട്ടിടത്തിന്റെയും കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റിന്റെയും നവജാതശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് പദ്ധതിയുടെയും ഉദ്ഘാടനവും മൊബൈല്‍ പ്രാരംഭ രോഗ നിര്‍ണ്ണയ ചികിത്സാ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വ്വഹിച്ചു.


സംസ്ഥാനത്ത് ആകമാനം ആറ് വികസന ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തില്‍ 25 വാഹനങ്ങളാണ് മൊബൈല്‍ ചികിത്സാ യൂണിറ്റിനായി ഒരുക്കിയിട്ടുളളത്. രോഗപ്രതിരോധനത്തിലൂന്നിയ ആരോഗ്യനയത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് - മന്ത്രി പറഞ്ഞു. പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സമരം രോഗികളോടും ജനങ്ങളോടുമുളള വെല്ലുവിളിയാണ്.  മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. ഇതിനിടയില്‍ യഥാസമയം നോട്ടീസ് നല്‍കാതെയുളള സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും.  സമരം രോഗികളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു.


ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഡോക്ടര്‍മാരുടെ 861 ഉം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പു അദ്ധ്യാപകരുടെ 175 ഉം തസ്തികകളാണ് സൃഷ്ടിച്ചത്. ഒന്നരവര്‍ഷത്തിനിടയില്‍ 4100 പുതിയ തസ്തികകളും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കും. ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭിക്കാനും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമാകാതിരിക്കാനുമാണ് ഈ മേഖലയില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത്. ഇതുമൂലം ആരുടെയും അവസരം നഷ്ടപെടില്ലെന്നും മന്ത്രി പറഞ്ഞു. 


ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ  കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി പാമ്പാടി, വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി ഉണ്ണിത്താന്‍, ജില്ല മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി തുടങ്ങിയവര്‍ സംസാരിച്ചു. Share this News Now:
  • Google+
Like(s): 343