31 December, 2017 07:28:46 PM


സനാതന ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച ഏറ്റുമാനൂരില്‍ തുടക്കം




ഏറ്റുമാനൂര്‍: സനാതന ഭാഗവത സപ്താഹ യജ്ഞത്തിന് ഏറ്റുമാനൂരില്‍ തിങ്കളാഴ്ച തുടക്കം കുറിക്കും. നന്ദാവനം ഓഡിറ്റോറിയത്തില്‍ ജനുവരി എട്ട് വരെ നീളുന്ന സപ്താഹയജ്ഞത്തില്‍ സ്വാമി ഉദിത് ചൈതന്യ ആചാര്യനായിരിക്കും. ആദ്ധ്യാത്മിക നവോത്ഥാന സമിതിയുടെയും ക്ഷേത്രസംരക്ഷണസമിതിയുടെയും ആഭിമുഖ്യത്തില്‍ വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് യജ്ഞം നടക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലിന് പേരൂര്‍ കവലയില്‍ നിന്നും ഭാഗവതം കയ്യിലേന്തിയ 101 അമ്മമാരുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്രയ്ക്കു ശേഷം അഞ്ചിന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് യജ്ഞം ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അയ്യപ്പദാസ്, അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ.സി.എന്‍.നാരായണന്‍ നായര്‍ രചിച്ച ഭക്തിമഞ്ജുഷയുടെ പ്രകാശനം യോഗത്തില്‍ നടക്കും. തുടര്‍ന്ന് സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടക്കും. 

എട്ടാം തീയതി വരെ ദിവസവും ഭാഗവത പാരായണം, പ്രഭാഷണം, ധ്യാനം, വിഷ്ണു സഹസ്രനാമം എന്നിവ ഉണ്ടാകും. രണ്ടാം തീയതി വൈകിട്ട് 7ന് വൈക്കം ഷാജിയുടെ ക്ലാസിക്കല്‍ ഫ്യൂഷന്‍, നാലാം തീയതി വൈകിട്ട് 7ന് ഇളവൂര്‍ അനിലിന്‍റെ ചാക്യാര്‍ കൂത്ത്, 5ന് വൈകിട്ട് 7ന് ശിവകൃപ സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍റെ സംഗീതാര്‍ച്ചന, 6ന് വൈകിട്ട് 6 മുതല്‍ രുഗ്മിണി സ്വയംവരം,  7ന് രാവിലെ 7ന് വിദ്യാ ഗോപാല മന്ത്രാര്‍ച്ചന, 1ന് സൗന്ദര്യ ലഹരി, വൈകിട്ട് 7ന് കോട്ടയ്ക്കല്‍ ശശിധരന്‍ അവതരിപ്പിക്കുന്ന ഭരതം കൃഷ്ണകഥ, തിരുവാതിര, സമാപനദിവസമായ 8ന് രാവിലെ 11ന് ചികിത്സാ സഹായ വിതരണം, 1ന് മഹാപ്രസാദമൂട്ട് എന്നിവയാണ് മറ്റ് പ്രധാന പരിപാടികള്‍


സംഘാടകസമിതി പ്രസിഡന്‍റ് ഡോ.എം.എന്‍.രവീന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കെ.പി.സഹദേവന്‍, ഡോ.സി.എന്‍.എന്‍ നായര്‍, എസ്.സുരേഷ്പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷ ശാന്താ എസ് പിള്ള, ആദ്ധ്യാത്മിക സനാതന സമിതി ട്രഷറര്‍ പി.ബി.സുരേഷ് ബാബു, ജോയിന്‍റ് സെക്രട്ടറിമാരായ സിന്ധു സുരേഷ്, സിന്ധു ഗിരീഷ്, പി.കെ.കൃഷ്ണകുമാരി, രമണി പി നായര്‍, ഗൗരിക്കുട്ടി നായര്‍, കെ.ജയകുമാര്‍ എന്നിവരും പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 321