01 January, 2018 02:21:54 PM


അളവെടുത്തും തൂക്കം നോക്കിയും സ്‌ക്വാഡുകള്‍ സജീവംശബരിമല: മകരവിളക്കിന് നട തുറന്നതോടെ അളവെടുത്തും തൂക്കം നോക്കിയും വ്യാപാരസ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന തുടങ്ങി. ഡ്യൂട്ടി മജിസ്‌ട്രേറ്റ് ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ലാലിന്‍റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, റവന്യൂ, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. 

കടകളിലെത്തി ചായ അളവ് പാത്രത്തിലൊഴിച്ച് കൃത്യം 150 മില്ലിലിറ്റര്‍ ഉണ്ടോ, വില്‍ക്കുന്ന പരിപ്പുവടയും ഉഴുന്നുവടയും 40 ഗ്രാമില്‍ കുറവുണ്ടോ, ചായയ്ക്ക് പത്തുരൂപയിലും വടകള്‍ക്ക് 11 രൂപയിലും കൂട്ടി വാങ്ങുന്നുണ്ടോ എന്നിവ സ്‌ക്വാഡുകള്‍ ഇന്നലെയും(31ന്) വിലയിരുത്തി. തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഭക്ഷണസാധനങ്ങളുടെ വിലവിവരം പത്തനംതിട്ട ജില്ലാ കളക്ടര്‍ നിശ്ചയിച്ചത് കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നതും സ്‌ക്വാഡിന്‍റെ പരിശോധനയില്‍പ്പെട്ടതാണ്. അളവ് തൂക്കത്തില്‍ കുറവുണ്ടായാലും അമിതവില ഈടാക്കിയാലും വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി ഹിയറിങ് നടത്തും. തുടര്‍ന്ന് പിഴ ഈടാക്കും. പിഴ ഒടുക്കാത്തപക്ഷം കേസ് കോടതിയിലെത്തും. 

അളവ് കൃത്യത ഉറപ്പാക്കുന്നതിന് അളവ് പാത്രങ്ങളും തൂക്കമറിയാന്‍ ഇലക്ട്രോണിക് ത്രാസും കൊണ്ടാണ് സംഘങ്ങള്‍ പരിശോധനയ്ക്കിറങ്ങിയത്. ഹോട്ടലുകളിലെ അടുക്കളയും ജീവനക്കാരുടെ താമസസ്ഥലങ്ങളും പരിശോധിച്ച് ശുചിത്വം ഉറപ്പാക്കി. കൂടുതല്‍ ശുചിത്വപാലനം വേണ്ടിടങ്ങളില്‍ അവ സംബന്ധിച്ച് നിര്‍ദേശങ്ങളും നല്‍കി. അനുവദിച്ചതിലും കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചവരോട് അധികമുള്ള സിലിണ്ടറുകള്‍ ഫയര്‍ഫോഴ്‌സ് അനുവദിച്ചിട്ടുള്ള ഗോഡൗണിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.  

പേപ്പര്‍കപ്പുകളിലും ഡിസ്‌പോസിബിള്‍ പാത്രങ്ങളിലും ആഹാരസാധനങ്ങള്‍ നല്‍കുന്നവരോട് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും ദേവസ്വംബോര്‍ഡിന്‍റെ സഹായത്തോടെ ഗ്രീന്‍ പ്രോട്ടോകോള്‍ ഹോട്ടലുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ഡ്യൂട്ടിമജിസ്‌ട്രേറ്റ് അറിയിച്ചു. ദേവസ്വംബോര്‍ഡിലെ ജീവനക്കാരെകൂടി ഉള്‍പ്പെടുത്തി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലമാക്കാന്‍ നടപടികളായെന്നും വരും ദിനങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. 


വിലവിവരം പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ നടപടി

ശബരിമല: പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മറ്റുവ്യാപാരസ്ഥാപനങ്ങളിലും വിലവിവരം പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചായയ്ക്ക് 150 മില്ലീലിറ്ററിന് സന്നിധാനത്ത് പത്തുരൂപയും പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ ഒമ്പതുരൂപയുമാണ് നിരക്ക്. പമ്പ, ളാഹ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒരേ നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. കടുംകാപ്പി, കടുംചായ എന്നിവയ്ക്ക് സന്നിധാനത്ത് എട്ടുരൂപയും മറ്റിടങ്ങളില്‍ ഏഴുരൂപയുമാണ്. മെഷീന്‍വഴി നല്‍കുന്ന കാപ്പിയ്ക്ക് യഥാക്രമം 14 രൂപ, 13 രൂപ എന്നിങ്ങനെയാണ് വില. 

ഭക്ഷണസാധനങ്ങള്‍ക്ക്  സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളിലെ വില യഥാക്രമം പരിപ്പുവട, ഉഴുന്നുവട എന്നിവ 11രൂപ, പത്തുരൂപ. ബോണ്ട ഒന്‍പത് രൂപ, എട്ടുരൂപ, പകുതി ഏത്തയ്ക്കയുള്ള ഏത്തയ്ക്കാഅപ്പം(പഴംപൊരി) 11 രൂപ, പത്തുരൂപ. ബജി എട്ടുരൂപ, ഏഴുരൂപ. ദോശ, ചപ്പാത്തി, ഇഡ്ഡലി, പൂരി(ഒരെണ്ണത്തിന്) ഒന്‍പതുരൂപ, എട്ടുരൂപ. പീസ് മസാല, ഉപ്പുമാവ്, കടലക്കറി, കിഴങ്ങുകറി എന്നിവയ്ക്ക് 22 രൂപ, 20 രൂപ.ഊണ്(പച്ചരി)60 രൂപ, 55 രൂപ. ഊണ്(പുഴുക്കലരി) 55 രൂപ, 50 രൂപ, വെജിറ്റബിള്‍ ബിരിയാണി 60 രൂപ, 55 രൂപ എന്നിങ്ങനെയാണ് പ്രധാനഭക്ഷണ സാധനങ്ങളുടെ വിലവിവരം. അമിതവില ഈടാക്കുന്നതും അളവില്‍ കുറയ്ക്കുന്നതും സംബന്ധിച്ച് പരിശോധിക്കാന്‍ ഇന്നലെയും പമ്പയിലും സന്നിധാനത്തും സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. Share this News Now:
  • Google+
Like(s): 494