02 January, 2018 01:41:42 PM


മകരവിളക്ക്: ശബരിമലയില്‍ പ്രസാദ വിതരണത്തില്‍ നിയന്ത്രണങ്ങളില്ല



ശബരിമല: മകരവിളക്ക് ഉത്സവത്തിന് സന്നിധാനത്ത് ഭക്തജനതിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. നിവേദ്യങ്ങളെല്ലാം ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. അപ്പം, അരവണ, പായസം തുടങ്ങിയ പ്രസാദങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിയന്ത്രണങ്ങളില്ല. അന്നദാനമണ്ഡപത്തില്‍ ആഹാരക്രമത്തിലും മാറ്റമില്ല. ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. സന്നിധാനത്ത് ഭക്തജനതിരക്ക് വര്‍ധിച്ചിട്ടുണ്ടെങ്കിലും സുഖദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. പൂജാക്രമത്തില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.


അന്നം മുടങ്ങാതെ ആയിരങ്ങള്‍


അന്നദാനപ്രഭുവിന്റെ തിരുസന്നിധിയില്‍ ദര്‍ശനത്തിനെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് പൂര്‍ണസമയവും അന്നദാനം നല്‍കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയാകുന്നു. ദിനംപ്രതി കാല്‍ലക്ഷത്തിലേറെ ഭക്തരാണ് അന്നദാനത്തില്‍ പങ്കാളികളാകുന്നത്.
 
ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരും താല്‍ക്കാലിക ജിവനക്കാരും പലവേലക്കാരും ഉള്‍പ്പടെ നാനൂറോളം ജീവനക്കാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്നദാനത്തിന് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അന്നദാനത്തിന്റെ ചുമതല വഹിക്കുന്ന ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. ബാബു പറഞ്ഞു.
 
രാവിലെ ആറുമണി മുതല്‍ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവ നല്‍കിവരുന്നു. 10.30വരെ പ്രഭാതഭക്ഷണം നല്‍കാറുണ്ട്. 11മണിമുതല്‍ ചോറ്, സാമ്പാര്‍, അച്ചാര്‍, അവിയല്‍, രസം, തോരന്‍ എന്നീ വിഭവങ്ങളോടെ ഉച്ചഭക്ഷണം. രാത്രി ഏഴുമണിമുതല്‍ കഞ്ഞിയും പയറും അച്ചാറും രാത്രി 11മണിവരെ നല്‍കുന്നു. രാത്രി 12മണിമുതല്‍ ഉപ്പുമാവും ഉള്ളിക്കറിയും വിതരണം ചെയ്യുന്നു.
 

അന്നദാനമണ്ഡപത്തില്‍ അത്യാധുനിക ഉപകരണ സംവിധാനങ്ങളോടെയാണ് പാചകം ചെയ്യുന്നത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമാണ് ഭക്ഷണവിതരണം നിര്‍ത്തിവെയ്ക്കുന്നത്. ഫലത്തില്‍ 24 മണിക്കൂറും അന്നദാനമണ്ഡപം സജീവമാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. വിഷുവിന് അന്നദാനമണ്ഡപം പൂര്‍ത്തിയാകുന്നതോടെ എല്ലാ ആധുനിക സൗകര്യങ്ങളും പൂര്‍ണമായും ഭക്തര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  



Share this News Now:
  • Google+
Like(s): 31