03 January, 2018 02:27:21 PM


സുരക്ഷാ സംവിധാനങ്ങളുമായി ശബരിമലയില്‍ ദ്രുതകര്‍മ്മസേനയുടെ ഡെമോണ്‍സ്‌ട്രേഷന്‍

ശബരിമല: സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ദ്രുതകര്‍മ്മസേന അതീവ ജാഗ്രതയിലാണ്. കോയമ്പത്തൂര്‍ 105 ബറ്റാലിയിന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് ശബരിമലയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മലയാളിയായ ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. ദിനേഷിന്റെ നേതൃത്വത്തില്‍, 160 സേനാംഗങ്ങളെയാണ് സന്നിധാനം, പാണ്ടിത്താവളം, മരക്കൂട്ടം, സോപാനം എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍വസജ്ജമായ സേനാംഗങ്ങളാണ് സന്നിധാനത്തും പരിസരത്തും ഉള്ളത്. കലാപങ്ങളും ആള്‍ക്കൂട്ടങ്ങളുടെ അത്യാഹിതങ്ങളും ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ ധരിക്കുന്ന അഞ്ജലി ബോഡി പ്രൊട്ടക്ടര്‍, അഗ്നിശമന രക്ഷോപകരണങ്ങള്‍ എന്നിവ ദ്രുതകര്‍മ്മസേനയ്ക്ക് ലഭ്യമായിട്ടുണ്ട്.


പതിനെട്ടാംപടിയ്ക്ക് സമീപമുള്ള കേന്ദ്രത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. പതിനെട്ടാംപടിയ്ക്ക് താഴെയുള്ള ആല്‍മരച്ചുവട്ടില്‍ ഇവയുടെ ഡെമോണ്‍സ്‌ട്രേഷന്‍ സേനാംഗങ്ങള്‍   നടത്തി. 3.75 കിലോഗ്രാം തൂക്കമുള്ള പടച്ചട്ടയുടെ മാതൃകയുള്ള ഫൈബര്‍ ബോഡി പ്രൊട്ടക്ടര്‍, കാലുറ, ഹെല്‍മെറ്റ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും പരിസരത്തും തീര്‍ഥാടകരുടെ വന്‍തിരക്കിന് സാധ്യതയുള്ളതിനാല്‍ ആര്‍.എ.എഫിന്റെ വ്യോമനിരീക്ഷണ സംവിധാനമായ നേത്ര-ഡ്രോണ്‍ പരീക്ഷണപരിശോധന നടത്തി. കേന്ദ്ര ദ്രുതകര്‍മ്മസേനയുടെ സെക്കന്റ് ഇന്‍ കമാന്‍ഡര്‍ എസ്.കെ. ദുബെ രണ്ട് ദിവസമായി സന്നിധാനത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഡെപ്യുട്ടി കമാന്‍ഡന്റ് ജി. ദിനേഷ് പറഞ്ഞു. 



Share this News Now:
  • Google+
Like(s): 251