08 January, 2018 08:17:28 PM


അതിരമ്പുഴ തിരുനാൾ: ജനുവരി 25ന് പ്രാദേശിക അവധി പ്രഖ്യാപിക്കുംഏറ്റുമാനൂര്‍: അതിരമ്പുഴ തിരുനാളിന് മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകളുടെ ഉദ്യോഗസ്ഥതലയോഗം ക്രമീകരണങ്ങൾ വിലയിരുത്തി.  പ്രധാന തിരുനാൾ ദിനമായ ജനുവരി 25ന് പ്രാദേശിക അവധി പ്രഖ്യാപിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. അതിരമ്പുഴ വെടിക്കെട്ടിന്‍റെ അനുമതിക്കുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും. ഓരോ വകുപ്പുകളുടെയും നേതൃത്വത്തിൽ  ഇനിയും പൂർത്തിയാക്കാനുള്ള നടപടികളെ  സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.  

തിരുനാളിന്‍റെ പ്രധാന ദിനങ്ങളായ 24, 25, 26, ഫെബ്രുവരി ഒന്ന് തിയതികളിൽ  പവർകട്ടും ലോഡ് ഷെഡിംഗും ഒഴിവാക്കുക, അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും ഇലക്ട്രിക്  ലൈനുകളുടെ ടച്ചിങ് വെട്ടി വോൾട്ടേജ്  ക്രമീകരിക്കുക, സ്ട്രീറ്റ്ലൈറ്റുകളുടെ അറ്റകുറ്റ പണികൾ ചെയ്യുക എന്നീ കാര്യങ്ങൾ വൈദ്യുതി വകുപ്പ് ചെയ്യേണ്ടവയാണ്. അതിരമ്പുഴ പള്ളിയിലേക്കുള്ള  എല്ലാ  പ്രധാന റോഡുകളുടെയും    അറ്റകുറ്റപ്പണികൾ പൊതുമരാമത്തു വകുപ്പ് പൂർത്തിയാക്കും. ഏറ്റുമാനൂർ-നീണ്ടൂർ റോഡിന്‍റെ ടാറിംഗ് ആരംഭിച്ചു കഴിഞ്ഞു. ഐക്കരക്കുന്നേൽ-ഒറ്റക്കപ്പിലുമാവ് റോഡ്  ടാറിംഗിന് അനുമതിയായിട്ടുണ്ട്. എം വി ഐ പി കനാലുമായി ബന്ധപ്പെട്ട നിർമാണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ചന്തക്കുളവും പരിസരവും വൃത്തിയാക്കുക, പഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം വൃത്തിയാക്കുക, തിരുനാൾദിവസങ്ങളിൽ മാലിന്യ സംസ്കരണത്തിന് പ്രത്യേകസംവിധാനം ഏർപ്പെടുത്തുക, നിലവിലുള്ളതും തിരുനാൾ ദിവസങ്ങളിൽ  താൽക്കാലികമായി സ്ഥാപിക്കുന്നതുമായ  ഭക്ഷണ വിൽപ്പനശാലകൾക്ക് ശുചിത്വക്രമീകരണം സംബന്ധിച്ച നോട്ടീസ്  നൽകുക, പഞ്ചായത്ത് റോഡുകൾ ഉൾപ്പെടെ എല്ലാ  റോഡുകളിലും  സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കുന്നത് ഉറപ്പാക്കുക, പഞ്ചായത്ത് റോഡുകളുടെ  അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക  തുടങ്ങിയ കാര്യങ്ങൾ  ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. 

24, 25 തീയതികളിൽ പള്ളിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന ഫസ്റ്റ് എയിഡ് സെന്ററിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയുംസാന്നിധ്യവും 24, 25, 26,  ഫെബ്രുവരി ഒന്ന് തീയതികളിൽ  അതിരമ്പുഴ ഗവണ്മെന്റ് ആശുപത്രിയിൽ  മുഴുവൻ സമയം ഡോക്ടർമാരുടെ  സേവനവും  ആരോഗ്യ വകുപ്പ് ഉറപ്പാക്കും.  ശുദ്ധജല സ്രോതസുകൾ ക്ലോറിനേറ്റ്ചെയ്യും. സാനിറ്റേഷൻ നടപടികൾപൂർത്തിയാക്കും. ഭക്ഷണ വിൽപ്പന ശാലകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ  പരിശോധന  നടത്തും. ജോലിക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും. 24, 25  തീയതികളിൽ ആംബുലൻസിന്റെ സേവനം ഉറപ്പാക്കും.

ക്രമസമാധാന പാലനത്തിനായി ആഭ്യന്തര വകുപ്പ് വിപുലമായ  ക്രമീകരണങ്ങൾ   ഒരുക്കിയിട്ടുണ്ട്. ദേശക്കഴുന്ന്  നടക്കുന്ന 19 മുതലുള്ള  ദിവസങ്ങളിൽ പോലീസിന്റെ സാന്നിധ്യമുണ്ടാകും. അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും പോലീസ് പട്രോളിംഗ്  ശക്തമാക്കും.  സ്ഥിരം മോഷ്ടാക്കൾ  ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധരെ പ്രത്യേകം  നിരീക്ഷിക്കും. അമ്പതിലേറെ ക്യാമറകളുടെ സഹായത്തോടെ പള്ളിയും പരിസരവും  നിരന്തര  നിരീക്ഷണത്തിലാക്കും. ട്രാഫിക്  ക്രമീകരണത്തിന്  പ്രത്യേക സംവിധാനമൊരുക്കും. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ  വില്പനയും  ഉപയോഗവും തടയാൻ എക്സൈസ്   വകുപ്പ് നടപടികൾ സ്വീകരിക്കും. 24, 25  തീയതികളിൽ ഫയർഫോഴ്‌സിന്റെ സേവനം ലഭ്യമാക്കും.

അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിച്ച അവലോകന യോഗം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിറിയക് കോട്ടയിൽ ആമുഖപ്രസംഗം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, തോമസ് ചാഴികാടൻ, ജില്ലാ കളക്ടർ ഡോ.ബി.എസ് തിരുമേനി, ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്, ക്രൈംബ്രാഞ്ച് എസ് പി ജേക്കബ് ജോബ്, എം ജി യൂണിവേഴ്സിറ്റി വി സി ഡോ.ബാബു സെബാസ്റ്റ്യൻ, ആർ ഡി ഒ. എൻ രാമദാസ്, എ ഡി എം. കെ രാജൻ, ഡി വൈ എസ് പി സഖറിയാ മാത്യു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എത്സമ്മ മാത്യു, ജില്ലാ പഞ്ചായത്ത് മെംബർ മഹേഷ് ചന്ദ്രൻ, ജനറൽ കൺവീനർ ഫാ.ജിജോ മണക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. Share this News Now:
  • Google+
Like(s): 429