11 January, 2018 04:09:36 PM


മുഖ്യമന്ത്രിയ്ക്ക് മൂരിവണ്ടിയോ? സര്‍ക്കാര്‍ നല്‍കും ഹെലികോപ്റ്റര്‍ വാടക - മന്ത്രി ബാലന്‍



തിരുവനന്തപുരം: മുഖ്യമന്ത്രി മൂരിവണ്ടിയിൽ പോകണോയെന്ന് മന്ത്രി എ.കെ.ബാലൻ. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ പണം സര്‍ക്കാര്‍ നല്‍കുമെന്നും  മന്ത്രി. പണം പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. യാത്രയുടെ പണം കണ്ടെത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പാര്‍ട്ടി പണം നല്‍കേണ്ട കാര്യമില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു. തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് കണ്ടെത്തും. സിഎംഡിആര്‍എഫ് ഫണ്ടിലാണ് ഓഖി ഫണ്ട് ഉള്‍പ്പെടുന്നത്. ഹെലികോപ്റ്ററിന്റെ വാടക കൊടുക്കുന്നതിന് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം എടുത്തിട്ടില്ല. പാര്‍ട്ടി പിരിച്ച അഞ്ചു കോടി ഓഖി ഫണ്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണ്. അതുകൊണ്ടതുന്നെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട നിയമത്തെ അടിസ്ഥാനപ്പെടുത്തയാണ് ചെലവിനുള്ള പണം കണ്ടെത്തുക. ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം എടുക്കുന്നത്. ഈ ഫണ്ടില്‍ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. സാധാരണ ഈ ഫണ്ടില്‍നിന്നാണ് ഇത്തരം കാര്യങ്ങള്‍ക്ക് പണം കണ്ടെത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരിതാശ്വാസ നിധിയില്‍നിന്നാണ് പണം എടുത്തതെന്ന് കരുതിയാണ് നേരത്തെ ഉത്തരവ് റദ്ദാക്കിയത്. ആ നടപടി തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തിരിച്ചുള്ള യാത്രയുടെ ചെലവ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി തിരിച്ച് മൂരിവണ്ടിയില്‍ പോകുമോയെന്ന് മന്ത്രി ബാലന്‍ ചോദിച്ചത്.



Share this News Now:
  • Google+
Like(s): 187