12 January, 2018 01:39:40 PM


മകരജ്യോതി ദര്‍ശനം അനുവദനീയ സ്ഥലങ്ങളില് മാത്രംശബരിമല: സന്നിധാനത്തും പരിസരത്തും മകരജ്യോതി ദര്‍ശനത്തിന് പുതിയ സുരക്ഷിതകേന്ദ്രങ്ങള്‍ ഒരുക്കി. കഴിഞ്ഞവര്‍ഷം മകരജ്യോതി ദര്‍ശനത്തിന് സൗകര്യമുണ്ടായിരുന്ന ചിലസ്ഥലങ്ങളില്‍ പുതിയ നിര്‍മ്മിതികള്‍ ഉണ്ടായ സാഹചര്യത്തിലാണിത്. 

പാണ്ടിത്താവളം ദര്ശനം കോപ്ലക്‌സ് പരിസരത്ത് പകരം സ്ഥലം കണ്ടെത്തി. ദര്‍ശനം കോംപ്ലക്‌സിന്റെ വടക്കും തെക്കും ഭാഗത്തെ തടസ്സംനീക്കി വാട്ടര്‍ ടാങ്കിന് സമീപത്തും പുതിയ വ്യൂ പോയിന്റ് കണ്ടെത്തി. പുതിയ അന്നദാനമണ്ഡപത്തിന്റെ താഴെയും ജ്യോതി കാണാന്‍ സൗകര്യമൊരുക്കും. നിര്‍മ്മാണം പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. കൂട്ടിയിട്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികളുടെ മുകളില്‍ കയറുന്നത് അപകടകരമാണ്. ബാരിക്കേഡ് മറികടക്കാനോ പോലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കാനോ പാടില്ല. പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. സുരക്ഷാ ഉപകരണങ്ങളുടെ വൈദ്യുതിബന്ധം, പരസ്പരബന്ധം എന്നിവ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഇടപെടലുകള്‍ തീര്‍ത്ഥാടകരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

മൊബൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് റേഞ്ചില്ലാത്ത ഇടങ്ങളില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂട്ടം തെറ്റിയവര്‍ക്ക് മൊബൈല്‍ ഫോണിലൂടെ സംഘാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ നിന്നിടത്തുനിന്ന് അല്‍പ്പംമാറി വീണ്ടും ശ്രമിക്കുകയോ, തൊട്ടടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായംതേടുകയോ ചെയ്യാം. കുട്ടികള്‍ കൂട്ടം വിട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. കാനനപാത മറികടന്ന് മകരജ്യോതി ദര്‍ശനത്തിന് കാട്ടിലേയ്ക്കിറങ്ങുന്നത് ഇഴജന്തുക്കളുടെ ഉപദ്രവത്തിന് കാരണമാകും. വിഷച്ചെടികളുടെ സ്പര്‍ശം ശാരീരിക അസ്വസ്ഥതകൾ വരുത്താതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. 

പ്രഥമ ശുശ്രൂഷാ സൗകര്യങ്ങള്‍ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടങ്കിലും തിരക്കിനിടയില്‍ രോഗിയെ ശുശ്രൂഷാ കേന്ദ്രത്തിലെത്തിക്കുന്നത് ശ്രമകരമാണ്.  തീര്‍ത്ഥാടകര്‍ കൈയ്യില്‍ വെളിച്ചമില്ലാതെ മുന്‍പേ പോയവരെ അനുഗമിച്ച് ഇരുളിലേയ്ക്ക് കയറരുതെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


അധിക വെളിച്ചമൊരുക്കുന്നതിന് വൈദ്യുതിവകുപ്പ് താല്‍ക്കാലിക കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി കേബിളുകളില്‍നിന്ന് അപകടമുണ്ടാകാതെയും കേബിളുകള്‍ മുറിഞ്ഞ് വൈദ്യുതി വിതരണത്തില്‍ തടസ്സം വരുത്താതെയും ശ്രദ്ധിക്കണം. വൈദ്യുതി തടസ്സം ആശങ്കവര്‍ധിപ്പിച്ച് ഉണ്ടാക്കാനിടയുള്ള തിക്കിലും തിരക്കിലും അപകടസാധ്യത കൂട്ടാമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. 

സുരക്ഷാ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും സഞ്ചാരപാത മറികടക്കാതെയുമിരുന്നാല്‍ സുരക്ഷിതമായ മകരജ്യോതി ദര്‍ശനത്തിനുള്ള പഴുതടച്ചുള്ള സംവിധാനമാണ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം സുരക്ഷാ അധികൃതര്‍ അറിയിച്ചു. 

13, 14, 15 തിയ്യതികളില്‍  വര്‍ച്വല്‍ ക്യൂ ഇല്ല


ശബരിമല: മകരവിളക്ക് തീര്‍ഥാടക പ്രവാഹം കണക്കിലെടുത്ത് വര്‍ച്വല്‍ ക്യൂ(സാങ്കല്‍പ്പിക നിര) പോലീസ് അവസാനിപ്പിച്ചു. അപ്രതീക്ഷിത തിരക്ക് ഉണ്ടാകുമ്പോള്‍ നിരയിലെത്തുന്ന തീര്‍ത്ഥാടകരുടെ മുന്‍ഗണനാക്രമം തെറ്റാതിരിക്കാനാണ് പോലീസിന്റെ ഈ നടപടി. ഇക്കുറി ഇതുവരെ 13,27,835 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തു. അതില്‍ 8,74,540 പേര്‍ ദര്‍ശനം നടത്തി. 16,17,18,19 തിയ്യതികളില്‍ ശരാശരി 15,000 പേരുടെ വര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷനാണ് പ്രതീക്ഷിക്കുന്നത്Share this News Now:
  • Google+
Like(s): 451