13 January, 2018 10:42:52 PM


ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് ഞായറാഴ്ചശബരിമല: രണ്ടുമാസക്കാലം നീണ്ടുനിന്ന ശബരിമല മണ്ഡല-മകര വിളക്ക് മഹോത്സവത്തിന്‍റെ പ്രധാന ചടങ്ങുകളായ മകര സംക്രാന്തി പൂജയും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധാനയും മകരജ്യോതി ദർശനവും ഞായറാഴ്ച നടക്കും. എരുമേലി പേട്ട തുള്ളൽ, പമ്പാസദ്യ എന്നിവയ്ക്ക് ശേഷം സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ പ്രവാഹം തുടരുകയാണ്. സന്നിധാനത്തും പുല്ലുമേട്ടിലും മകരജ്യോതി ദർശനം കിട്ടുന്ന മറ്റിടങ്ങളിലും അയ്യപ്പ ഭക്തർ തമ്പടിച്ചുകഴിഞ്ഞു. 

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പൂർത്തിയായി. ബിംബശുദ്ധിക്രിയകളുടെ ഭാഗമായി ചതുർശുദ്ധി, ധാര, പഞ്ചകം, ഗവ്യം എന്നിവ നടന്നു. പന്തളം കൊട്ടാരത്തിൽനിന്ന് ഉച്ചയോടെ എത്തുന്ന തിരുവാഭരണങ്ങൾ ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. മകരജ്യോതി ദർശനത്തിനെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് വിപുലമായ സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.


മുഴുവൻ ഭക്തർക്കും മകരജ്യോതി ദർശനത്തിന് സൗകര്യം-പ്രസിഡന്‍റ്

ശബരിമല: മകരജ്യോതി ദർശിക്കുന്നതിന് സന്നിധാനത്തും മറ്റ് വിവിധ ഭാഗങ്ങളിലും എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിനായി സൗകര്യമൊരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാനായി ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകരജ്യോതി ദർശിക്കുന്നതിൽനിന്ന് ആരെയും തടയില്ല. ദർശനം കഴിഞ്ഞ് ഭക്തർക്ക് പമ്പയിലെത്തി മടങ്ങുന്നതിന് കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം, സുരക്ഷ എന്നിവക്കാണ് പ്രഥമ പരിഗണന. ഇത്തവണ ഭക്തർക്ക് വേണ്ടത്ര അപ്പവും അരവണയും സ്‌റ്റോക്കുണ്ട്. 16 ലക്ഷം ടിൻ അരവണയും മൂന്ന് ലക്ഷം അപ്പവും സ്‌റ്റോക്കുണ്ട്. അപ്പത്തിന്‍റെയും അരവണയുടെയും ഗുണനിലവാരം മികച്ചതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ കൂടുതൽ പേർക്ക് അന്നദാനം നൽകുന്നതിനായി അന്നദാന മണ്ഡപം പൂർണ സജ്ജമാക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. ചെലവിൽ മിതത്വവും ശ്രദ്ധയും പുലർത്തിയ ബോർഡ് അന്നദാനത്തിന്‍റെ കാര്യത്തിൽ ഉദാരസമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലെ ചില ഹോട്ടലുകളിൽ പഴകിയ ഭക്ഷണം നൽകുന്നുവെന്ന പരാതിയുള്ളതിനാൽ ഹോട്ടലുകളിൽ പരിശോധന കൂടുതൽ ശക്തമാക്കാൻ പത്തനംതിട്ട ജില്ലാ കലക്ടർ ആർ. ഗിരിജ നിർദേശം നൽകി. മകരജ്യോതി ദർശനത്തിനായി ഭക്തർ തമ്പടിച്ച പാണ്ടിത്താവളത്ത് പ്രഥമ ശുശ്രൂഷ നൽകാനായി അടിയന്തിര വൈദ്യ സഹായകേന്ദ്രത്തിന്റെ പ്രവർത്തിപ്പിക്കാനും കലക്ടർ നിർദേശിച്ചു. അപ്പാച്ചിമേട്, ഹിൽടോപ്പ് ഒഴികെ ജ്യോതി ദർശനത്തിനായി ആളുകൾ എത്തുന്ന കേന്ദ്രങ്ങളിൽ വെള്ളവും വെളിച്ചവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ആംബുലൻസുകളെ ഇടത്താവളങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

വനംവകുപ്പിന്‍റെ 4 മണിക്കൂറും സജ്ജമായ കൺട്രോൾ റൂമും എലിഫെൻറ് സ്‌ക്വാഡും സന്നിധാനത്ത് പ്രവർത്തിക്കുന്നതായി അറിയിച്ചു. രണ്ട് പാമ്പ് പിടിത്തക്കാരുണ്ട്. ഇതിനകം 407 പാമ്പുകളെ പിടികൂടി കാട്ടിൽവിട്ടു. എലിഫെൻറ് സ്‌ക്വാഡ് നിലയ്ക്കലിലും ശ്രദ്ധിക്കണമെന്ന് പ്രസിഡൻറ് നിർദേശിച്ചു. ബാരിക്കേഡുകളുടെ നിർമ്മാണം പൂർത്തിയായി. കുടുതൽ ബാരിക്കേഡുകളും വടങ്ങളും ഈ വർഷം സജ്ജമാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസും എൻ.ഡി.ആർ.എഫും പൂർണ സജ്ജരാണെന്നും പ്രസിഡൻറ് അറിയിച്ചു.

യോഗത്തിൽ എക്‌സിക്യുട്ടീവ് ഓഫീസർ വി.എൻ. ചന്ദ്രശേഖരൻ, സന്നിധാനം സ്‌പെഷൽ ഓഫീസർ ദേബേഷ് കുമാർ ബെഹ്‌റ, എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാൻഡൻറ് ജി. വിജയൻ, ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാർ, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെ. നാരായണൻ, ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ജി. സുരേഷ് ബാബു, പി.ആർ.ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവർ സംബന്ധിച്ചു.


വരുമാനത്തിൽ ഇതുവരെ 40.80 കോടിയുടെ വർധനവ്

ശബരിമല: ശബരിമലയിൽ മണ്ഡല-മകരവിളക്ക് സീസണിൽ വരുമാനത്തിൽ ഇതുവരെ 40,80,27,913 രൂപയുടെ വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ അറിയിച്ചു. ഇതുവരെയുള്ള മൊത്തവരുമാനം 245,94,10,007 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 205 കോടി രൂപയായിരുന്നു. മകരവിളക്ക് സീസണിൽ മാത്രം 72 കോടി 55 ലക്ഷം രൂപയാണ് വരുമാനം. പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും പന്തളത്തുമായി ആറ് കോടിയോളം രൂപ അന്നദാനത്തിനായി ചെലവഴിച്ചതായും പ്രസിഡൻറ് അറിയിച്ചു.

കവടിയാർ കൊട്ടാരത്തിൽനിന്ന് അഭിഷേക നെയ്യ് എത്തി

ശബരിമല: മകരവിളക്ക് ദിവസം മകരസംക്രമാഭിഷേകം ചെയ്യുന്നതിന് തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽനിന്ന് നെയ്ത്തേങ്ങയുമായി മൂവർ സംഘമെത്തി. കഴിഞ്ഞ 26 വർഷമായി നെയ്ത്തേങ്ങയുമായി കന്നി അയ്യപ്പനെ കൊണ്ടുവരുന്ന തിരുവനന്തപുരം സ്വദേശി രാമനാഥൻ ഗുരുസ്വാമി, കന്നി അയ്യപ്പൻ വിഘ്നേശ്വരൻ, രാമനാഥന്‍റെ മകൻ വിഘ്നേശ്വരൻ എന്നിവരാണ് സംഘത്തിൽ. വെള്ളിയാഴ്ച രാവിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം തിരുവിതാംകൂർ രാജസ്ഥാനി ശ്രീമൂലം തിരുനാൾ രാമവർമ്മ നെയ്ത്തേങ്ങ നിറച്ചു. ഈ നെയ്യാണ് ഞായറാഴ്ച ഉച്ച 1.47ന് നടക്കുന്ന മകരസംക്രമ പൂജയ്ക്ക് തന്ത്രി നേരിട്ട് അഭിഷേകം ചെയ്യുക. എട്ട് നെയ്ത്തേങ്ങകളാണ് കൊണ്ടുവന്നത്.

ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച ചിത്രയ്ക്ക് സമ്മാനിക്കും

ശബരിമല: ഈവർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് സമ്മാനിക്കും. ഞായറാഴ്ച രാവിലെ പത്തിന് സന്നിധാനംശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാര ദാനം നിർവഹിക്കും. ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെടന്നതാണ് സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഹരിവരാസനം പുരസ്‌ക്കാരം. ത്ുടർന്ന് കെ എസ് ചിത്രയുടേയും സംഘത്തിന്റേയും സംഗീതപരിപാടി അരങ്ങേറും.

2012ലാണ് ആദ്യമായി ഹരിവരാസനം അവാർഡ് നൽകിയത്. അത് കെ ജെ യേശുദാസിനായിരുന്നു. ജയൻ(ജയവിജയ), പി. ജയചന്ദ്രൻ, എസ്.പി ബാലസുബ്രഹ്മണ്യൻ, എം.ജി ശ്രീകുമാർ, ഗംഗൈ അമരൻ എന്നിവർ തുടർന്നുള്ള വർഷങ്ങളിൽ പുരസ്‌ക്കാരത്തിന് അർഹരായി.

ഇരുമുടിക്കെട്ടേന്തി കന്നി മാളികപ്പുറമായി കലക്ടർ

ശബരിമല: പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് പരമ്പരാഗത കാനന പാതയിലൂടെ മല കയറി പതിനെട്ടാം പടി ചവിട്ടി പത്തനംതിട്ട ജില്ലാ കലക്ടർ ആർ.ഗിരിജ സ്വാമി അയ്യപ്പ ദർശനം നടത്തി. വെള്ളിയാഴ്ചയാണ് കന്നി മാളികപ്പുറമായി കലക്ടർ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇരുമുടിക്കെട്ടിൽ നിറക്കാനുള്ള സാധനങ്ങളുമായി അഞ്ചു മണിയോടെ പമ്പയിലെത്തി കെട്ടു നിറച്ചു. അഞ്ചരയ്ക്ക് മലകയറ്റം തുടങ്ങി കരിമലയും നീലിമലയും ചവിട്ടി ഏഴേ മുക്കാലോടെ സന്നിധാനത്തെത്തി. ഇരുമുടിക്കെ ട്ടേന്തി ശബരിമല ദർശനം നടത്തുന്ന ആദ്യ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ആർ. ഗിരിജ. മകരവിളക്ക് മഹോത്സവത്തിന്റെ വകുപ്പ് തല ഏകോപനത്തിനായി സന്നിധാനത്തുള്ള കലക്ടർ ഇനി മകരവിളക്ക് കഴിഞ്ഞ് മാത്രമേ മലയിറങ്ങൂ.
Share this News Now:
  • Google+
Like(s): 444