Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

13 January, 2018 10:53:41 PM


മകരവിളക്ക് മഹോത്സവം: സുസജ്ജമായി പൊലീസ് സേന




ശബരിമല: മകരവിളക്ക് മഹോത്സവത്തിന്‍റെ സുരക്ഷയ്ക്കായി ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, കമാന്‍ഡോ യൂനിറ്റുകള്‍ എന്നിവയടക്കം 5,200ഓളം വരുന്ന പൊലീസ് സേനയെ വിന്യസിച്ചതായി ശബരിമല പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2400 പൊലീസുകാരെ പമ്പയിലും നിലയ്ക്കിലും 2800 പേരെ സന്നിധാനത്ത് മാത്രമായും വിന്യസിച്ചിട്ടുണ്ട്. എരുമേലി 350, പുല്ലുമേട് 250 എന്നിങ്ങനെയും പൊലീസ് സേനയെ വിന്യസിച്ചു. 

തിരക്ക് മൂലമുള്ള അപകടങ്ങള്‍, തീ പിടിത്തങ്ങള്‍, ബോംബ് സ്‌ഫോടനം എന്നിവ ഉള്‍പ്പെടെ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സേന സുസജ്ജമാണ്. സന്നിധാനം സെക്ടറിനെ പത്തായി വിഭജിച്ചാണ് സുരക്ഷാ വിന്യാസം. അത്യാഹിതമുണ്ടായാല്‍ പെട്ടന്ന് പ്രതികരിക്കാന്‍ കഴിയുന്ന വിധം ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, കേരള പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവയെ വിവിധ ഭാഗങ്ങളിലായി വിഭജിച്ച് വിന്യസിച്ചിട്ടുണ്ട്. മറ്റ് 16 വകുപ്പുകളുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം. 

10 ആംബുലന്‍സുകള്‍ പമ്പയില്‍ മാത്രം ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അത്യാഹിതമുണ്ടായാല്‍ ആംബുലന്‍സില്‍ കോട്ടയത്തോ പത്തനംതിട്ടയിലോ അടൂരിലോ ഉള്ള ആശുപത്രികളിലെത്തിക്കും. ഹെലികോപ്റ്ററിലാണെങ്കില്‍ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കിംസ് ഹോസ്പിറ്റല്‍ എന്നിവ ഇതിന് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 20 ആംബുലന്‍സുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. അത്യാഹിതങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയത്. 

72 സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു. കേരള പൊലീസിന്റെ ഡ്രോണ്‍, ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചും വ്യോമ നിരീക്ഷണം നടത്തുന്നു. ഹെലികോപ്്റ്റര്‍ ഉപയോഗിച്ച് സന്നിധാനത്ത് മാത്രമല്ല, എരുമേലിയിലും പുല്ലുമേട്ടിലും നിരീക്ഷണം നടത്തുന്നു.

തീവ്രവാദ ഭീഷണി നേരിടുന്നതിനായി തണ്ടര്‍ബോള്‍ട്ടുള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സേവനം ഉപയോഗിക്കുന്നു. കൂടാതെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും കര്‍മനിരതരാണ്. ഐ.ജി മനോജ് അബ്രഹാമിനെയും എസ്.പി ജാദേവിനെ സ്‌പെഷല്‍ ഓഫീസറായും എസ്.പി നാരായണനെയും പമ്പയില്‍ മാത്രമായി നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്ത് സ്‌പെഷല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്‌റയെ സഹായിക്കാനായി എ.ഡി.ജി.പിയും ഐ.ജി എസ്. ശ്രീജിത്തും ഉണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഐ.ജി എസ്. ശ്രീജിത്ത്, സ്‌പെഷല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരും സംബന്ധിച്ചു.

'ദര്‍ശനത്തിന് ശേഷം തീര്‍ഥാടകര്‍ തിരക്ക് കൂട്ടരുത്'

മകരജ്യോതി ദര്‍ശനത്തിന് ശേഷം തിരക്ക് കൂട്ടരുതെന്ന് തീര്‍ഥാടകരോട് പൊലീസിന്‍റെ അഭ്യര്‍ഥന. തീര്‍ഥാടകരില്‍ പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരുമുണ്ടാകും. മകരജ്യോതി ദര്‍ശനത്തിന് ശേഷം ഇറങ്ങുമ്പോള്‍ തിരക്ക് കൂട്ടുന്നത് അപായമുണ്ടാകാനിടയാക്കുമെന്ന് ശബരിമല പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍ പറഞ്ഞു.



കെ.എസ്.ആര്‍.ടി.സി 1200 ബസുകള്‍ സര്‍വീസ് നടത്തും

മകരജ്യോതി ദര്‍ശനത്തിന് ശേഷം മടങ്ങുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി 1200 ബസുകള്‍ സര്‍വീസ് നടത്തുന്നുമെന്ന് ശബരിമല പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍ പറഞ്ഞു. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് 400 ബസുകള്‍ ആദ്യം ചെയിന്‍ സര്‍വീസ് നടത്തും. 30,000 മുതല്‍ 40,000 വരെ തീര്‍ഥാടകരെ ഒരു ട്രിപ്പില്‍ത്തന്നെ കൊണ്ടുപോവാന്‍ കഴിയും. 70,000 മുതല്‍ 80,000 വരെ തീര്‍ഥാടകര്‍ പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് വഴി കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ നാല് മണിക്കൂര്‍ പമ്പ മുതല്‍ നിലയ്ക്കല്‍ വരെ കെ.എസ്.ആര്‍.ടി.സി മാത്രമേ അനുവദിക്കൂ. അത്യാഹിത ഘട്ടത്തിലല്ലാതെ മറ്റൊരു വാഹനവും കടത്തിവിടില്ല. എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.



Share this News Now:
  • Google+
Like(s): 28