14 January, 2018 10:03:34 AM


ശ്രീജിത്തിനെ പിന്തുണച്ച് ചെന്നിത്തലയെ വെട്ടിൽ വീഴ്ത്തിയത് കോൺഗ്രസ് പ്രവർത്തകൻ


തിരുവനന്തപുരം: സഹോദരന്‍റെ മരണത്തിനു പിന്നിലെ വസ്തുതകൾ പുറത്ത്‌ കൊണ്ട്‌ വരണമെന്നാവശ്യപെട്ട്‌ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. താന്‍ കോണ്‍ഗ്രസിന്‍റെയും വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളുടെയും സജീവപ്രവര്‍ത്തകനാണെന്നു ചൂണ്ടിക്കാട്ടി കൊല്ലം ശാസ്‍താംകോട്ട സ്വദേശിയായ ആന്‍ഡേഴ്‍സണ്‍ എഡ്വേര്‍ഡാണ് രംഗത്തെത്തിയത്. ആന്‍ഡേഴ്സന്‍റെ ഫേസ് ബുക്ക് പോസ്റ്റും ലൈവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് സംഭവങ്ങലുടെ തുടക്കം. സെക്രട്ടറിയേറ്റിന് മുന്നിലെ ശ്രീജിത്തിന്‍റെ സമര സ്ഥലത്തേക്ക് എത്തിയ ചെന്നിത്തലയെ പഴയ നിലപാട്‌ ഓർമ്മിപ്പിച്ച്‌ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടുകയായിരുന്നു ആന്‍ഡേഴ്‍സണ്‍. ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണു ശ്രീജിത്തിന്‍റെ സഹോദരൻ പോലീസ്‌ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതെന്നും അതിനു ശേഷം തന്നോടൊപ്പം ചെന്നിത്തലയെ കാണാനെത്തിയ ശ്രീജിത്തിനെ ചെന്നിത്തല പരിഹസിച്ച കാര്യവും ആന്‍ഡേഴ്‍സണ്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. ഇതോടെ ആവശ്യമില്ലാതെ സംസാരിക്കരുത്‌ എന്ന് ചെന്നിത്തല ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ആദ്യം സോഷ്യല്‍മീഡിയയില്‍ വൈറലായത്.

തുടര്‍ന്ന് സമരപ്പന്തലില്‍ നിന്നും മടങ്ങിയ ചെന്നിത്തല തനിക്കെതിരെ പ്രതിഷേധിച്ചത് കൂലിത്തല്ലുകാരനാണെന്ന ആരോപണവുമായി രംഗത്തെത്തി. ഇയാള്‍ സിപിഎം അനുകൂല ചാനലിലെ ജീവനക്കാരനാണെന്നതുള്‍പ്പെടെയുള്ള പ്രചരണവും നടന്നു.

തുടര്‍ന്നാണ് മറുപടിയുമായി ആന്‍ഡേഴ്സണ്‍ തന്നെ ഫേസ് ബുക്കിലൂടെ രംഗത്തെത്തിയത്. താന്‍ കോണ്‍ഗ്രസിന്‍റെയും കെഎസ്‍യുവിന്‍റെയും സജീവപ്രവര്‍ത്തകനും തന്‍റെ പിതാവ് പ്രാദേശിക കോണ്‍ഗ്രസ് നേതാവുമാണെന്ന് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയും ലൈവിലൂടെയും തുറന്നടിച്ചു. ഇതിനു തെളിവായി താന്‍ പങ്കെടുത്ത സമരചിത്രങ്ങളും മറ്റും ആന്‍ഡേഴ്സണ്‍ പങ്കുവച്ചിട്ടുമുണ്ട്. പോസ്റ്റിന്‍റെയും ലൈവിന്‍റെയും പൂര്‍ണരൂപം.

സുഹൃത്തുക്കളെ, എന്നെ കൂലിത്തല്ലുകാരൻ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാൻ അങ്ങയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാർത്ഥി യുവജന സമരങ്ങളിൽ ഞാൻ അങ്ങയുടെ പാർട്ടിക്കായി പ്രവർത്തിച്ച് ധാരാളം Police മർദ്ദനത്തിന് ഇരയായിട്ടുണ്ട്, അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.. എന്‍റെ അപ്പ ഉൾപ്പടെയുള്ളവർ അങ്ങയുടെ പാർട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്‍റെ അപ്പ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതാണ്, തലമുറകളായി കോൺഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാൻ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാൻ പറ്റിയില്ല എന്നത് സത്യം, ഞാൻ ശ്രീജിത്തിന്‍റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയിൽ നേരിൽ വന്ന് കണ്ടപ്പോൾ കിട്ടിയ മറുപടി ഞാൻ ബഹുമാനത്തോടെയുമാണ് ഓർമ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയിൽ എനിക്ക് മറുപടി തന്നപ്പോൾ ഞാൻ മറുപടി പറഞ്ഞതിൽ വിറളി പൂണ്ടത് എന്തിന് ? ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്, തെറ്റ് ആരു ചെയ്താലും ഞാൻ ചോദിയ്ക്കും, സ്വന്തം തെറ്റ് മറയ്ക്കാൻ എന്നെ കൂലിത്തല്ല് കാരൻ എന്ന് വിളിച്ച താങ്കൾ സ്വയം ലജ്ജിക്കുക കാരണം ഞാൻ എന്‍റെ ജന്മനാട്ടിൽ കോൺഗ്രസ്സിനും KSU വിനും വേണ്ടിയാണ് തല്ല് കാരനായതും കേസുകൾ നേരിട്ടതും സംശയമുണ്ടെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക, ഞാൻ എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടി വിയ്ക്ക് വേണ്ടി പ്രോഗ്രാമുകൾ ചെയ്ത് കൊടുത്തത്... കോൺഗ്രസ്സ് നേതാവ് ആർ.ശങ്കറിന്‍റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോൺഗ്രസ്സിന്‍റെ ചാനൽ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളിൽ സത്യസന്ധനായ ഒരു പൊതു പ്രവർത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം... ഈ നിമിഷം മുതൽ നിങ്ങൾ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജിൽ ഞാൻ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്‍റെ പേരിൽ എന്‍റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്‍റെ നിറം ചുവപ്പായിരുന്നു. അതിന്‍റെ പേരിൽ ശാസ്താംകോട്ടയിൽ ഹർത്താൽ നടത്തിയവർ പിടിച്ചത് മൂവർണ്ണക്കൊടിയായിരുന്നു. ജയ് ഹിന്ദ്.Share this News Now:
  • Google+
Like(s): 255