19 January, 2018 01:05:52 PM


ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അതിരമ്പുഴ തിരുനാള്‍ കൊടിയേറി

പ്രധാന തിരുനാൾ 24, 25 തിയതികളിൽ




കോട്ടയം: അതിരമ്പുഴ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് കൊടിയേറി.  വെള്ളിയാഴ്ച രാവിലെ രാവിലെ 5.45ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 7ന് മാര്‍ ജോസഫ് പെരുന്തോട്ടമാണ് തിരുനാളിന് കൊടിയേറ്റിയത്. വികാരി ഫാ. സിറിയക് കോട്ടയിൽ, ഫാ.ജിജോമണപ്പാട്ട്, ഫാ.ജെറിൻ തോട്ടക്കാട്ടുകാലായിൽ, ഫാ.ജസ്റ്റിൻ വഞ്ചിക്കൽ, ഫാ.തോമസ് കാഞ്ഞിരത്തുംമൂട്ടിൽ, ഫാ.അജോ കാവാലം എന്നിവർ സഹകാർമ്മികരായിരുന്നു. 


24, 25 തീയതികളിലാണ് പ്രധാന തിരുനാള്‍. 24നാണ് പ്രസിദ്ധമായ നഗരപ്രദക്ഷിണവും വെടിക്കെട്ടും. വെള്ളിയാഴ്ച വൈകുന്നേരം പ്രസുദേന്തി വാഴ്‌ചയും പ്രദക്ഷിണവും വേദഗിരി സ്പിന്നിങ് മില്ലിൽനിന്നുള്ള കഴുന്നു പ്രദക്ഷിണവും നടന്നു. ശനിയാഴ്ച വിശുദ്ധ സെബസ്ത്യാനോസിന്‍റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിന്  പ്രതിഷ്ഠിക്കും. രാവിലെ ഏഴിന് തിരുസ്വരൂപം മദ്ബഹായിൽ നിന്ന് പുറത്തെടുത്ത് പരമ്പരാഗത ആഭരണങ്ങൾ  അണിയിക്കും.  തുടർന്ന് തിരുസ്വരൂപം രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപവും സംവഹിച്ച്  ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. ചെറിയ പള്ളിയിൽ തിരുസ്വരൂപം പ്രതിഷ്ഠിക്കും. 24ന് രാത്രി എട്ടുമണി വരെ  തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിലെ പ്രധാന തിരുനാൾ തിരുക്കർമങ്ങൾചെറിയപള്ളിയിൽ നടക്കും.


23 വരെയാണ് ദേശക്കഴുന്ന്. അതിരമ്പുഴയെ നാല് ദേശങ്ങളായി തിരിച്ച് ഓരോ ദിവസം ഓരോ ദേശത്തിന്റെ കഴുന്ന് പ്രദക്ഷിണംനടക്കും. ഇന്ന് വടക്കും ഭാഗത്തിന്റെ ദേശക്കഴുന്നാണ്.വൈകുന്നേരം അഞ്ചിന് വടക്കുംഭാഗത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കുന്നകഴുന്ന് പ്രദക്ഷിണങ്ങൾ സംഗമിച്ച് 7.30ന് ചെറിയപള്ളിയിൽ സമാപിക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.



Share this News Now:
  • Google+
Like(s): 184