19 January, 2018 02:09:09 PM


വിവാദങ്ങള്‍ക്കിടയില്‍ കാണക്കാരി ക്ഷേത്രത്തില്‍ രണ്ടാം ഉത്സവം

ഉത്സവം ബഹിഷ്കരിക്കാന്‍ എന്‍ എസ് എസ് കരയോഗത്തിന്‍റെ ആഹ്വാനം



ഏറ്റുമാനൂര്‍:  അമ്പലത്തിന്‍റെ ഭരണം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് രണ്ടാം തവണയും കൊടിയേറുന്നു. ശനിയാഴ്ച വൈകിട്ട് 7.30നാണ് കൊടിയേറ്റ്. 27നാണ് ആറാട്ട്. അര നൂറ്റാണ്ടിലേറെയായി ക്ഷേത്രഭരണം നടത്തിയിരുന്ന എന്‍ എസ് എസ് കരയോഗം ഈ വര്‍ഷവും ഉത്സവപരിപാടികളില്‍ നിന്നു വിട്ടു നില്‍ക്കുവാന്‍ അംഗങ്ങളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. 

2016 ജനുവരിയില്‍ ഉത്സവം നടക്കാനിരിക്കെയാണ് ക്ഷേത്രഭരണം സംബന്ധിച്ച് ഊരാണ്മക്കാരും എന്‍ എസ് എസ് കരയോഗവും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നതും സംഘര്‍ഷത്തില്‍ കലാശിച്ചതും. സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് 2016 ല്‍ ഉത്സവം നടത്താനായില്ല. ഇതിനിടെ എന്‍ എസ്എസ് കരയോഗത്തെ പുറത്താക്കി കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഭരണം പിടിച്ചെടുത്ത ഊരാണ്മ ദേവസ്വം മറ്റ് സമുദായസംഘടനകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം ഉത്സവം നടത്തി. മാറ്റിവെച്ച ഉത്സവം ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആറ് മാസം മുമ്പാണ് നടത്തിയത്.   

ആറ് മാസം മുമ്പ് നടന്ന ഉത്സവത്തില്‍ നിന്നും എന്‍ എസ് എസ് വിട്ടു നിന്നിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് ദര്‍ശനം നടത്താമെന്നും ക്ഷേത്രത്തിന് വരുമാനമുണ്ടാകുന്ന വിധം യാതൊരു വഴിപാടുകളും നടത്തരുതെന്നും എന്‍ എസ് എസ് കരയോഗം അംഗങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം മറികടന്ന് ഊരാണ്മ ദേവസ്വത്തിനോട് സഹകരിച്ച ഏറ്റുമാനൂര്‍ മഹാ ദേവ ക്ഷോത്രോപദേശക സമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ ഉള്‍പ്പെടെ നാല് അംഗങ്ങളെ എന്‍.എസ്.എസ് കരയോഗം പുറത്താക്കുകയും ചെയ്തിരുന്നു. ശ്രീകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രസംരക്ഷണ സമിതിയാണ് ഈ വര്‍ഷവും കാണക്കാരി ക്ഷേത്രത്തിലെ ഉത്സവത്തിന് ചുക്കാന്‍ പിടിക്കുന്നത്. 

തീര്‍ത്തും ജീര്‍ണ്ണിച്ചു കിടന്ന ക്ഷേത്രം തങ്ങളുടെ ഭരണത്തില്‍ നവീകരിക്കുകയും വരുമാനം തുലോം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുസ്വത്തായ അമ്പലം  കുടുംബസ്വത്താക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഊരാണ്മക്കാര്‍ കോടതിയെ സമീപിച്ചതെന്ന് എന്‍എസ്എസ് കരയോഗം പ്രസിഡന്‍റ് കാണക്കാരി അരവിന്ദാക്ഷന്‍ പറഞ്ഞു. കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്‍റെ അന്തിമവിധി വരുന്നതുവരെ ബഹിഷ്കരണം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 418