24 January, 2018 04:45:29 PM


അതിരമ്പുഴ തിരുനാള്‍ : നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി

വര്‍ണ്ണവിസ്മയമായി വെടിക്കെട്ട്





ഏറ്റുമാനൂര്‍ : അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ബുധനാഴ്ച വൈകിട്ട് നടന്ന നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

വൈകിട്ട് 5.45 മണിയോടെ നഗരം ചുറ്റിയുളള ആദ്യപ്രദക്ഷിണം വലിയപള്ളിയില്‍ നിന്നും പുറപ്പെട്ടു. ചന്തക്കടവില്‍ പ്രദക്ഷിണത്തിന് നല്‍കിയ വരവേല്‍പ്പിന് വ്യാപാരികളും തൊഴിലാളികളും നേതൃത്വം നല്‍കി. മാതാവിന്‍റെ രൂപം ടൗണ്‍ കപ്പേളയില്‍ ഇറക്കി എഴുന്നള്ളിച്ച് ലദീഞ്ഞിനു ശേഷം പ്രദക്ഷിണം പുനരാരംഭിച്ചു. ഈ സമയം വലിയപള്ളിയില്‍ നിന്നും പുറപ്പെട്ട രണ്ടാമത്തെ പ്രദക്ഷിണം ആദ്യപ്രദക്ഷിണവുമായി ചെറിയ പള്ളിയ്ക്കു മുന്നില്‍ സംഗമിച്ചു. അതിരമ്പുഴയിലെ ഗ്രാമവീഥികളില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഉളവാക്കിയ പ്രദക്ഷിണത്തോടൊപ്പം ചെറിയപള്ളിയില്‍ നിന്നും എഴുന്നള്ളിച്ച വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരു സ്വരൂപം വലിയപള്ളിയില്‍ പ്രതിഷ്ഠിച്ച ശേഷം സമാപന പ്രാര്‍ത്ഥനയും ആശിര്‍വാദവും നടന്നു.

രാത്രി 8.45 മണിയോടെ  ചരിത്രപ്രസിദ്ധമായ അതിരമ്പുഴ വെടിക്കെട്ടിന് തിരി കൊളുത്തി. പോലീസിന്‍റെ കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍  ഒറ്റ സെറ്റായാണ് വെടിക്കെട്ട് നടന്നത്. കരിമരുന്ന്കലാപ്രകടനം കാണുവാന്‍ പള്ളിമൈതാനിയിലും സമീപ പ്രദേശങ്ങളിലെ ബഹുനില മന്ദിരങ്ങള്‍ക്കു മുകളിലും ആളുകള്‍ വൈകുന്നേരം തന്നെ ഇടം പിടിച്ചിരുന്നു. രാവിലെ  ആഘോഷമായ തിരുനാള്‍ കുര്‍ബാനയും  ആഘോഷമായ മലങ്കര കുര്‍ബാനയും  ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഇടവകക്കാരായ വൈദികര്‍ ചേര്‍ന്ന് സമൂഹബലി അര്‍പ്പിച്ചു.
 
വ്യാഴാഴ്ച രാവിലെ  ആഘോഷമായ വി കുര്‍ബാന,  വി കുര്‍ബാന, 10.30ന് ആഘോഷമായ റാസ, 3ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, 4ന് തിരുനാള്‍ പ്രദക്ഷിണം, തിരുനാള്‍ സന്ദേശം 7ന് സമാപനപ്രാര്‍ത്ഥന എന്നിവയാണ് പ്രധാന പരിപാടികള്‍. ഫെബ്രുവരി ഒന്നിന് എട്ടാമിടത്തോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.




Share this News Now:
  • Google+
Like(s): 275