25 January, 2018 05:49:15 PM


ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മാര്‍ച്ച് 2ന്

ഉത്സവം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 3 വരെ





തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയെന്ന പേരില്‍ പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 22ന് തുടക്കം കുറിക്കും. വൈകിട്ട് 5.45ന് കാപ്പ് കെട്ടി കുടിയിരുത്തല്‍ ചടങ്ങ് നടക്കും. 24ന് രാവിലെ 8.45ന്  കുത്തിയോട്ട വ്രതാരംഭം നടക്കും. 

ഒമ്പതാം ഉത്സവദിവസമായ മാര്‍ച്ച് 2നാണ് പ്രസിദ്ധമായ പൊങ്കാല. നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ തലസ്ഥാനത്തേക്ക് ഒഴുകും. രാവിലെ 10.15ന് പൊങ്കാല അടുപ്പില്‍ തീ കത്തിക്കും. 2.30 നാണ് പൊങ്കാല നിവേദ്യം.  രാത്രി 7.15ന് കുത്തിയോട്ടവും ചൂരല്‍ കുത്ത് ചടങ്ങും നടക്കും. 11.15 മണിക്ക് പുറത്തേക്കെഴുന്നള്ളിപ്പ് നടക്കും.

പത്താം ഉത്സവദിനമായ മാര്‍ച്ച് 3ന് രാത്രി 9ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങ് നടക്കും. 12.30 മണിക്ക് കുരുതി തര്‍പ്പണവും നടക്കും. പൊങ്കാലക്ക് ദിവസങ്ങള്‍ മുമ്പ് തന്നെ ഭക്തജനങ്ങള്‍ തലസ്ഥാനത്തെത്തും. സമീപജില്ലകള്‍ കൂടാതെ അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രസീല്‍ ഉള്‍പ്പെടെയുള്ള വിദേശനാടുകളില്‍ നിന്ന് വനിതകള്‍ ഒറ്റയ്ക്കും കൂട്ടായും പൊങ്കാലയിടാന്‍ എത്തിയിരുന്നു.

പൊങ്കാലക്കും തുടര്‍ന്നുനടക്കുന്ന പുറത്തെഴുന്നള്ളത്തിനും ശക്തമായ ക്രമീകരണമാണ് സര്‍ക്കാര്‍ സഹായത്തോടെ ഏര്‍പ്പെടുത്തുന്നത്. നിവേദ്യത്തിന് കഴിഞ്ഞ വര്‍ഷം പൂജാരിമാരെ നിയോഗിച്ചിരുന്നു. പുറത്തെഴുന്നള്ളത്തിന് കുത്തിയോട്ട ബാലന്മാരുടെ നൂറിലധികം ഗ്രൂപ്പുകളായി കലാകാരന്മാര്‍ അണിനിരക്കും. പൊങ്കാലയിടുന്ന ഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയിട്ട ഭക്തര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടിയിരുന്നത്. 





Share this News Now:
  • Google+
Like(s): 345