26 January, 2018 02:39:46 PM


അമ്പലത്തറ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാര്‍ച്ച് 23 മുതല്‍

മാര്‍ച്ച് 29നാണ് പൊങ്കാലയും താലപ്പൊലിയും കുത്തിയോട്ടവും
തിരുവനന്തപുരം: അമ്പലത്തറ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാര്‍ച്ച് 23 മുതല്‍ 30 വരെ തീയതികളില്‍ നടക്കും. 23ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും. ഏഴാം ഉത്സവദിനമായ മാര്‍ച്ച് 29നാണ് പ്രശസ്തമായ പൊങ്കാലയും താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടക്കുക. 30ന് രാത്രി കാപ്പ് അഴിച്ച് കുടിയിളക്കും. 12ന് കുരുതി തര്‍പ്പണത്തിനു ശേഷം നട അടയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.

ഉത്സവത്തിന് മുന്നോടിയായി  മാര്‍ച്ച് 22ന് വാസ്തുഹോമം, പ്രാകാരശുദ്ധി, ദ്രവ്യകലശപൂജ എന്നിവ നടക്കും. ഉത്സവത്തിന് ശേഷം അടയ്ക്കുന്ന നട ഏപ്രില്‍ 6ന് തുറക്കും. ക്ഷേത്രം തന്ത്രി ബി.ആര്‍.അനന്തേശ്വര ഭട്ട്, മേല്‍ശാന്തി ജി.സുബ്രഹ്മണ്യന്‍ പോറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവചടങ്ങുകള്‍ നടക്കുക. 

ഉത്സവത്തിന്‍റെ പ്രധാന ചടങ്ങായ തോറ്റംപാട്ടിലൂടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടുകയാണ്. ഓരോ ദിവസവും പാടുന്ന കഥാഭാഗം ആ ദിവസത്തെ ചടങ്ങുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവിയെ പാടി കുടിയിരുത്തുന്നതോടെ കഥ തുടങ്ങുന്നു.

ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് ഡി.കെ.വിജയരാഘവന്‍ (ചെയര്‍മാന്‍), സി.രവീന്ദ്രന്‍ (പ്രസിഡന്‍റ്), വി.വിജയന്‍ (സെക്രട്ടറി), ജി.സുകുമാരന്‍ (വൈസ് പ്രസി), കെ.ചന്ദ്രന്‍ നായര്‍ (ജോ.സെക്ര), എസ്.സജീവ് (ട്രഷ), കെ.പി.ചിദംബരന്‍, ടി.എന്‍.ശിവദാസന്‍ നായര്‍, ജി.വിജയന്‍, എസ്.രാജന്‍, ജി.മോഹനന്‍, കെ.രവീന്ദ്രദാസ്, ജി.വിക്രമന്‍, വി.മോഹന്‍ദാസ് എന്നിവരടങ്ങിയ ഭരണസമിതി പ്രവര്‍ത്തിച്ചു വരുന്നു.

ഉത്സവപരിപാടികള്‍ വിശദമായി ചുവടെ.

മാര്‍ച്ച് 23 വെള്ളി : രാവിലെ 5.00 - നിര്‍മ്മാല്യം, 5.30 - ഉഷപൂജ, 6.30 - ഗണപതിഹോമം, 8.00 - ദ്രവ്യകലശാഭിഷേകം, 10.30 - അന്നദാനം, വൈകിട്ട് 5.00 - നടതുറപ്പ്, പഞ്ചാലങ്കാരപൂജ, ദേവിയെ കാപ്പ് കെട്ടി കുടിയിരുത്ത്, പുഷ്പാഭിഷേകം, വിശേഷാല്‍പൂജ. (തോറ്റംപാട്ട് - ദേവിയെ പാടി കുടിയിരുത്തുന്നതോടെ കഥ തുടങ്ങുന്നു)
കലാപരിപാടികള്‍: വൈകിട്ട് 6.00 - ഭക്തിഗാനസുധ, 9.30 - ഗാനമേള - മെട്രോ വോയ്സ്. 

മാര്‍ച്ച് 24 ശനി : രാവിലെ 5.00 - പതിവുപൂജകള്‍, 10.30 - അന്നദാനം, വൈകിട്ട് 6.30 - പഞ്ചാലങ്കാരപൂജ, 7.45 - പുഷ്പാഭിഷേകം, വിശേഷാല്‍പൂജ. (തോറ്റംപാട്ട് - ദേവിയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളെകുറിച്ച് പാടുന്നു. ആടകള്‍ ചാര്‍ത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുന്നു)
കലാപരിപാടികള്‍: വൈകിട്ട് 6.00 - ഡാന്‍സ് - മോഹന നാട്യകലാക്ഷേത്ര, തിരുവനന്തപുരം, 9.30 - കോമഡി കഫേ - തിരുവനന്തപുരം സാരഥി. 

മാര്‍ച്ച് 25 ഞായര്‍ : രാവിലെ 5.00 - പതിവുപൂജകള്‍, 7.20 - കുത്തിയോട്ടത്തിന് പള്ളിപ്പകലയില്‍ പണംവയ്പ്, 10.30 - അന്നദാനം, വൈകിട്ട് 6.30 - പഞ്ചാലങ്കാരപൂജ, 6.45 - മാലപ്പുറം താലിചാര്‍ത്ത്, 7.45 - പുഷ്പാഭിഷേകം, വിശേഷാല്‍പൂജ. (തോറ്റംപാട്ട് - കോവാലനെ ദേവി കല്യാണം കഴിക്കുന്നതിന്‍റെ വര്‍ണ്ണനകള്‍. മാലപ്പുറം പാട്ടെന്നും അറിയപ്പെടുന്നു) 
കലാപരിപാടികള്‍: വൈകിട്ട് 6.00 - സംഗീതകച്ചേരി - രാജേശ്വരി ജഗദീഷ്, സിന്ധു അരുണ്‍, 7.30 - ഭക്തിഗാനസുധ - ഭദ്രാംബിക വനിതാ ഭജനസംഘം, മണക്കാട്, 9.00 - ഗാനമേള - കൊല്ലം ഗ്രേസ് വോയ്സ്. 

മാര്‍ച്ച് 26 തിങ്കള്‍ : രാവിലെ 5.00 - പതിവുപൂജകള്‍, 10.30 - അന്നദാനം, വൈകിട്ട് 6.30 - പഞ്ചാലങ്കാരപൂജ, 7.45 - പുഷ്പാഭിഷേകം, 8.00 - വിശേഷാല്‍പൂജ. (തോറ്റംപാട്ട് - ദരിദ്രനായ കോവാലന്‍ ദേവിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ദേവിയുടെ ചിലമ്പ് വില്‍ക്കാന്‍ പോകുന്നു. മധുരാ നഗരിയിലെ സ്വര്‍ണ്ണപണിക്കാരന്‍ രാജ്‍ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്നാരോപിച്ച് കോവാലനെ പാണ്ഡ്യരാജാവിന്‍റെ സദസില്‍ എത്തിക്കുന്നു) 
കലാപരിപാടികള്‍: വൈകിട്ട് 6.00 - ഭക്തിഗാനാമൃതം - മാതംഗി മ്യൂസിക്സ്, തിരുവനന്തപുരം, 7.30 - ഭക്തിഗാനസുധ - ഭദ്രാംബിക വനിതാ ഭജനസംഘം, മണക്കാട്, 9.00 - നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും 'തീക്കോലങ്ങള്‍' - വരമൊഴിക്കൂട്ടം, തിരുവന്നതപുരം

മാര്‍ച്ച് 27 ചൊവ്വ : രാവിലെ 5.00 - പതിവുപൂജകള്‍, 7.30 - ക്ഷേത്രനടയടപ്പ് (തോറ്റം പാട്ടനുസരിച്ച് പാലകര്‍ വധിക്കപ്പെടുന്ന ദിനമായതിനാല്‍ രാവിലെ 7.30ന് നട അടയ്ക്കുകയും തോറ്റിയതിന് ശേഷം വൈകിട്ട് 5ന് തുറക്കുന്നതുമാണ്), വൈകിട്ട് 6.30 - പഞ്ചാലങ്കാരപൂജ, അന്നദാനം, വിശേഷാല്‍പൂജ, പുഷ്പാഭിഷേകം (തോറ്റംപാട്ട് - പാണ്ഡ്യരാജാവ് കോവാലനെ ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി വധിക്കുന്നു. ഇതറിഞ്ഞ ദേവി കൈലാസത്തില്‍ പരമശിവനില്‍ നിന്നും വരം വാങ്ങി കോവാലനെ ജീവിപ്പിക്കുന്നു) 
കലാപരിപാടികള്‍: വൈകിട്ട് 6.00 - നീലാംബരി സംഗീതാര്‍ച്ചന - എന്‍എസ്എസ് വനിതാസമാജം, തിരുവനന്തപുരം, വില്‍പ്പാട്ട് 'കൈലാസനാഥന്‍' - തിരുവനന്തപുരം നവകേരള, കളമെഴുത്തും സര്‍പ്പപാട്ടും 

മാര്‍ച്ച് 28 ബുധന്‍ : രാവിലെ 5.00 - പതിവുപൂജകള്‍, 10.30 - അന്നദാനം, വൈകിട്ട് 6.30 - പഞ്ചാലങ്കാരപൂജ, 7.30 -പുഷ്പാഭിഷേകം, 8.00 - അഷ്ടമംഗല്യപൂജ, 1.00 - ശ്രീഭൂതബലി (തോറ്റംപാട്ട് - തന്‍റെ ഭര്‍ത്താവിനെ ചതിച്ചതില്‍ കോപാകുലയായി ദേവി സ്വര്‍ണ്ണപണിക്കാരനെ വധിക്കുന്നു) അഷ്ടമംഗല്യപൂജയ്ക്ക് 5നും 10നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളെ മാത്രമേ അഷ്ടമംഗല്യവിളക്ക് എടുക്കുവാന്‍ അനുവദിക്കു. ശ്രീഭൂതബലി സമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്ഷേത്രപരിസരത്ത് പ്രവേശനം അനുവദിക്കില്ല.
കലാപരിപാടികള്‍: വൈകിട്ട് 6.00 - ഭക്തിഗാനസുധ, 6.00 -  കഥാപ്രസംഗം 'അനീഷ്യ'  - ചിറക്കര സലിംകുമാര്‍.

മാര്‍ച്ച് 29 വ്യാഴം : രാവിലെ 5.00 - പതിവുപൂജകള്‍, 11.20 - പൊങ്കാലയ്ക്ക് അടുപ്പ് വയ്പ്, 12.00 - അന്നദാനം, ഉച്ചയ്ക്ക് 1.00 - താലപ്പൊലി, ആധ്യാത്മികപ്രഭാഷണം, 3.30 - പൊങ്കാല നിവേദ്യം,  വൈകിട്ട് 6.30 - പുഷ്പാഭിഷേകം, പഞ്ചാലങ്കാരപൂജ, കുത്തിയോട്ടം ചൂരല്‍കുത്ത്, ദേവിയെ പുറത്തെഴുന്നള്ളിപ്പ്. (തോറ്റംപാട്ട് - ദേവി പാണ്ഡ്യരാജാവിനെയും വധിക്കുന്നു. ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിട്ട് ആഘോഷിക്കുന്നു) 

മാര്‍ച്ച് 30 വെള്ളി : രാത്രി  7.00 - കാപ്പ് അറുപ്പ്, 12.00 - കുരുതി തര്‍പ്പണം

ഏപ്രില്‍ 06 വെള്ളി: രാവിലെ 5.00 - നടതുറക്കല്‍, 5.10 - നിര്‍മ്മാല്യം, 6.45 - ഉഷപൂജ, 9.30 - ഉച്ചപൂജ, 10.30 - അന്നദാനം, വൈകിട്ട് 6.30 - പഞ്ചാലങ്കാരപൂജ, 7.45 - പുഷ്പാഭിഷേകം, 8.00 - അത്താഴപൂജ
കലാപരിപാടികള്‍: വൈകിട്ട് 5.00 - ഭക്തിഗാനമേള - മണക്കാട് രാജു, 7.00 - കഥാപ്രസംഗം - നിമിത്ത് ആര്‍.എന്‍., 7.30 - നൃത്തസന്ധ്യ - ശ്രീകൈലാസ സ്കൂള്‍ ഓഫ് ആര്‍ട്സ്, പഴഞ്ചിറ
Share this News Now:
  • Google+
Like(s): 1347