28 January, 2018 03:46:38 PM


അഞ്ചു രൂപാ 'കടി'ക്കു മുന്നിലെ തിരക്ക് മലയാളിയുടെ ജീവന്‍ അപഹരിക്കുന്നു

ലൈസൻസ് ഫീസ് ഈടാക്കാൻ മാത്രമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍




മലയാളികള്‍ മറ്റൊരു ദുരന്തത്തിന്‍റെ വക്കില്‍. തട്ടു കടകളുടെ രൂപത്തിലാണവ ആക്രമിക്കുന്നത്. അതും വെറും "പൊരിപ്പ് തട്ടുകടകള്‍", നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. മലയാളിയുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍.

വൈകുന്നേരങ്ങളില്‍ ഇടറോഡുകളില്‍ പോലും ഉന്തുവണ്ടികളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം കടകളുടെ മുന്നില്‍ വല്ലാത്ത തിരക്കാണ്. അഞ്ചു രൂപാ 'കടി'ക്കു വേണ്ടിയുള്ള കാത്തുനില്‍പ്പ്. പരിപ്പ് വട, ഉഴുന്നുവട, ഉള്ളിവട, മുട്ട വട, പപ്പട വട, മുളക് വട, കാബേജ് വട, പിന്നെ ബജികള്‍ ഇങ്ങനെ പോകുന്നു ഈ 'കടി'കള്‍.

എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ വറുത്തെടുക്കുന്നവ. അറിഞ്ഞുകൊണ്ട് കാന്‍സര്‍ പോലുള്ള മഹാരോഗങ്ങളെയാണ് നമ്മള്‍ ന്യൂസ്‌ പേപ്പറുകളില്‍ പൊതിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്നത്. തട്ടുകടക്കാര്‍ കാശുണ്ടാക്കുമ്പോള്‍ നാട്ടിലെ വ്യവസായികള്‍ നമുക്കായ് ആശുപത്രികള്‍ പണിയുന്നു. നേരമെത്തും മുന്നേ മരിച്ചു മണ്ണടിയുന്ന നമ്മള്‍ ഒപ്പം കുടുംബത്തെയും കുഴിവക്കില്‍ ഇരുത്തുന്നു. 

രോഗവാഹികളായി തട്ടുകടകൾ ഇങ്ങനെ പെരുകി കൊണ്ടിരിക്കുമ്പോഴും അധികാരികളുടെ കണ്ണുകള്‍ അടഞ്ഞുതന്നെ. ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്‍റ് ഉണർന്നു പ്രവർത്തിച്ചാൽ കേരള ജനതയെ ഒരു വൻ ദുരന്തത്തിൽ നിന്നു ഒരു പരിധി വരെ രക്ഷിക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവരുടെ പ്രവര്‍ത്തനവും ജനനന്മ ലക്ഷ്യമിട്ടല്ല, മറിച്ച് കച്ചവടമനസ്ഥിതിയിലാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

ഫുഡ് ആന്‍റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്‍റും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ലൈസൻസ് ഫീസ് ഈടാക്കാൻ മാത്രമായി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. പൊതു നിരത്തുകളിൽ കൂണുപോലെ വളരുന്ന അന്യ സംസ്‌ഥാന തട്ടുകടകളിലെ വൃത്തിഹീനമായ ആഹാരം കഴിച്ചു മരിക്കണോ എന്ന് ഓരോരുത്തരും സ്വയം ചിന്തിച്ച് തീരുമാനമെടുക്കുകയാവും ഉചിതം. 



Share this News Now:
  • Google+
Like(s): 98