13 February, 2016 02:55:36 PM


അബ്കാരിയിൽ തോറ്റതിന് ജനങ്ങളുടെ നെഞ്ചത്തേക്ക് : പിരിച്ചും പിഴിഞ്ഞും ജനങ്ങൾ വഴിയാധാരമായി !!

യാത്രകളൊക്കെ ഏതാണ്ട് പര്യവസാനിച്ചിരിക്കുകയാണ് ! നവകേരള, ജനരക്ഷ, ഉണർത്ത്, വിമോചന,ജനയാത്ര, - ഇങ്ങനെ വശ്യമായ പേരുകളിൽ വടക്കുനിന്നു  'തെക്കൊട്ടെ'ടുക്കുന്ന യാത്രകളെ കുറിച്ച് മുൻപ് എഴുതിയിരുന്നതാണ്.

യാത്രകളുടെ സാഹചര്യം ആസന്നമായ തെരെഞ്ഞെടുപ്പും , ലക്ഷ്യം  സർക്കാർ അനുകൂല / പ്രതികൂല തരംഗ സൃഷ്ടിയുമാണെന്നാണ്‌ നമ്മളെല്ലാവരും ധരിച്ചിരിക്കുന്നത്‌.എന്നാൽ  സാഹചര്യത്തെകുറിച്ചുള്ള  ധാരണ  ശരിയും ലക്ഷ്യത്തെ കുറിച്ചുള്ള ധാരണ അബദ്ധവുമാണ്.

ഇരു മുന്നണികളും  ഓരോ യാത്ര നടത്തും . അതായിരുന്നു  പണ്ടത്തെ പതിവ്. ഇപ്പോൾ ഓരോ പാർടികളും യാത്ര നടത്തുകയാണ്. നമ്മുടെ ധാരണകൾ  അബദ്ധമാണെന്നു  മനസ്സിലാക്കുന്നത്  അതുകൊണ്ടാണ്.

സി പി ഐ എം , സി പി ഐ , എൻ സി പി, കോണ്ഗ്രസ്, മുസ്ലീം ലീഗ്, ബി ജെ പി തുടങ്ങിയ പാർട്ടികളെല്ലാം യാത്രയിലാണ്. ബി ജെ പി യെ വിടാം.സി പി ഐ എ, സി പി ഐ, എൻ സി പി എന്നിവ ഇടതുമുന്നണിയും കോണ്ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയവ വലതു മുന്നണിയും ആണല്ലോ? രണ്ടു കഷണം സി എം പിയും രണ്ടു കഷണം ജനതാദളും പല കഷണം കേരളാ കോണ്ഗ്രസ്സും ആർ എസ് പിയും മാത്രമേ ഇനി യാത്ര ചെയ്യാനുള്ളൂ.. അവർക്കു  യാത്രക്കു മുൻപു  ഏതു മുന്നണിയിൽ നിൽക്കണമെന്ന തീരുമാനം കൈക്കൊള്ളാൻ സമയമെടുക്കേണ്ടതുണ്ട്. തീരുമാനിച്ചാൽ  യാത്ര തുടങ്ങും. 

ഒരേ മുന്നണിയിൽ തുടരുന്ന പാർട്ടികൾ വ്യത്യസ്ത യാത്രകൾ  നടത്തേണ്ടതുണ്ടോ? ഈ ചോദ്യത്തിന്റെ  മറുപടിയിലാണ്  നമ്മുടെ അബദ്ധ ധാരണ മാറുന്നത്.  മുന്നണിയിലെ യോജിപ്പില്ലായ്മയാണ് പാർടികളുടെ   വെവ്വേറെ യാത്രകൾക്കു കാരണമെന്ന് മാലോകർ തെറ്റിദ്ധരിക്കും എന്ന പേടിയൊന്നുംഅവർക്കില്ല. പേടിച്ചിരുന്നാൽ  കാശു കിട്ടില്ലല്ലോ!

അതേ, പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഈ യാത്രകളെല്ലാം തന്നെ കാശു വാരാനുള്ള യാത്രകളാണ്. ഇടതു മുന്നണിയോ വലതു മുന്നണിയോ ഒരുമിച്ചു യാത്ര നടത്തിയാൽ  പിരിഞ്ഞു കിട്ടുന്ന  പണം വീതം വച്ചു പോകും. അതു പാർട്ടികളുടെ ഫണ്ടിനെ ബാധിക്കും.
അതുകൊണ്ടാണ് ഓരോ പാർട്ടിയും കൊണ്ടു പിടിച്ചു യാത്രകൾ നടത്തുന്നത്. അപ്പോൾ  ഒരു ചോദ്യം ഉയർന്നു  വരാം. പോയ കാലങ്ങളിൽ എന്തായിരുന്നു ഫണ്ടിനു മാർഗ്ഗം? ഉത്തരം വളരെ ലളിതമല്ലേ? ബാർ മുതലാളിമാരുടെ  സംഭാവനകൾ! ഇപ്പോൾ  ബാറുകൾ പൂട്ടിയതു കാരണം ബാർ മുതലാളിമാർ പണം കൊടുക്കുന്നില്ല.
ഈ സാഹചര്യത്തിലാണ്  പാർടികൾ 'പിരിവു'യാത്രകൾ നടത്തിയത്! ഫണ്ടു സമാഹരണം.

സർക്കാരിനു ന്യായമായി കിട്ടിയിരുന്ന അബ്കാരിപ്പണം കുറഞ്ഞപ്പോൾ  ജനങ്ങൾക്കു മേൽ നികുതികൾ അടിച്ചേൽപ്പിച്ചു. രാഷ്ട്രീയപാർട്ടികളുടെ 'അവിഹിത വരുമാനം' കുറഞ്ഞപ്പോൾ യാത്രകൾ നടത്തി പണം സമാഹരിക്കുകയാണ്. ദേവാലയങ്ങളിൽ ചെന്നു 'ഞങ്ങളെ കാത്തുകൊള്ളും' എന്ന് വിശ്വസിച്ചു കാണിക്ക നല്കുന്ന പാവങ്ങൾ ഈ 'രാഷ്ട്രീയ ദൈവങ്ങളെ' പ്രസാദിപ്പിക്കാൻ  കൊടുക്കുന്നുണ്ട് കാണിക്ക! ചിലപ്പോഴൊക്കെ ചില ദിക്കുകളിലെങ്കിലും  ബലാൽക്കാരമായും ആ 'കാണിക്ക' ഉണ്ടാവുന്നു.

ധന സമ്പാദനത്തിന് വേണ്ടിയുള്ള യാത്രയുടെ വരവു ചെലവു കണക്കുകൾ പ്രസിദ്ധീകരിക്കാൻ ഈ യാത്രക്കാർക്ക്  ബാധ്യതയുണ്ട്. എന്നാൽ അവർ അത് ചെയ്യില്ലെന്ന്  നമുക്കുറപ്പുമുണ്ട് !!

കുറിപ്പ്:  യാത്രാവഴികളിൽ ആൾക്കൂട്ടം നിറഞ്ഞപ്പോൾ ആ വഴിയിലൂടെയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടാൻ പോലീസ് നിർബദ്ധമായി. അതറിയാതെ, ഒത്തിരി പാവങ്ങൾ, നാട്ടിലേക്ക് ആകെയുള്ള ഒറ്റ ബസും നോക്കി, ബസ് സ്റാൻഡുകളിൽ  കണ്ണിലെണ്ണയുമൊഴിച്ച് മണിക്കൂറുകൾ കാത്തുനിന്നു. ഒടുവിൽ, ഇല്ലാത്ത കാശു മുടക്കി ഓട്ടോയിൽ,  പാതിരാക്ക്‌ വീടുകളിൽ ചെന്നു ചേക്കേറി! അതൊന്നും 'മാന്യ യാത്രക്കാർ'ക്കു  പ്രശ്നമേയല്ല....


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K