22 February, 2018 08:50:19 PM


ഇരുപത് രൂപ ദക്ഷിണ വാങ്ങിയ പാവം ശാന്തിക്കാരന്‍ പുറത്ത് അമ്പലം വിഴുങ്ങികള്‍ അകത്ത്; ദേവസ്വം വിജിലന്‍സിന്‍റെ 'ധീരകൃത്യം' വൈറലാകുന്നു

ദക്ഷിണ വാങ്ങരുത്, വന്‍ അഴിമതിയാണ്, ഈശ്വരന്‍ കൈവിടും...
'ചരട് ജപിച്ചു നല്‍കിയതിന് ദക്ഷിണ വാങ്ങിയ ശാന്തിക്കാരനെ വിജിലന്‍സ് പിടികൂടി സസ്പെന്‍ഡ് ചെയ്തു'. വെറും 20 രൂപ കൈപ്പറ്റിയ ശാന്തിക്കാരനെ സസ്പെന്‍ഡ് ചെയ്യുക എന്ന 'ധീരകൃത്യം' നടത്തിയതാകട്ടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍. തൃശൂര്‍ പനങ്ങാട്ടുകര കീഴേടം മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷ് എമ്പ്രാന്തിരിയാണ് ചരട് ജപിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായത്.  

ഒരു പാവപ്പെട്ട ശാന്തിക്കാരനെ കുടുക്കാന്‍ വിജിലന്‍സ് സ്വീകരിച്ച വഴിയാണ് ഏറെ രസകരം. കഴിഞ്ഞ സെപ്തംബര്‍ 23നായിരുന്നു സംഭവം. വിജിലന്‍സ് അസിസ്റ്റന്‍റ് പുഷ്പാഞ്ജലി, മാല എന്നിവയ്ക്കായി എടുത്ത രസീത് ക്ഷേത്രം കാരായ്മ മേല്‍ശാന്തിയെ ഏല്‍പ്പിച്ചു. ഒപ്പം ജപിച്ച ചരടും ആവശ്യപ്പെട്ടു. മേല്‍ശാന്തി ജപിച്ച ചരട് നല്‍കുകയും ചെയ്തു. ചരടിന്‍റെ വില ചോദിച്ചപ്പോള്‍ പ്രത്യേക വില നിശ്ചയിച്ചിട്ടില്ലെന്നും ദക്ഷിണ സ്വീകരിക്കാറാണ് പതിവെന്നും അറിയിക്കുന്നു. ഇതനുസരിച്ച് 20 രൂപ നല്‍കുന്നു. ദേവസ്വത്തിന്‍റെ അറിവും സമ്മതവും കൂടാതെ ഭക്തര്‍ക്ക് ചരട് ജപിച്ച് നല്‍കിയ പാവം മേല്‍ശാന്തിയെ ഈശ്വരനും കൈവിട്ടു. ഭക്തജനങ്ങള്‍ക്ക് ജപിച്ച ചരട് കാലങ്ങളായി നല്‍കി വരുന്നതാണെന്നും ഇതുവഴി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നുമാണ് കണ്ടെത്തല്‍. 

തുടര്‍ന്ന് ഒക്ടോബര്‍ 28ന് മേല്‍ശാന്തിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മേല്‍ശാന്തിയുടെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ബോര്‍ഡിന്‍റെ വിലയിരുത്തല്‍. അങ്ങനെ ഒരു വന്‍ അഴിമതി പിടികൂടിയ 'ക്രഡിറ്റോ'ടെ കഴിഞ്ഞ 14ന് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. 


'ദൈവവിശ്വാസി'കളായ ഈ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ തങ്ങളുടെ സ്വന്തം കാര്യത്തിന് വഴിപാട് കഴിച്ചാല്‍ ദൈവത്തിന്‍റെ പ്രതിപുരുഷനായി സങ്കല്‍പിക്കുന്ന ശാന്തിക്കാരന് "ദക്ഷിണ എന്ന കൈക്കൂലി" നല്‍കാറില്ലാ എന്ന് കരുതാം. ശാന്തിക്കാരന്‍റെ കാര്യം മാറ്റി വെക്കാം. ദേവസ്വം ഭരണത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മറ്റ് ജീവനക്കാരും ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ വാങ്ങുന്ന കൈക്കൂലിയും പാരിതോഷികങ്ങളും കാണാന്‍ വിജിലന്‍സിന് ആവുന്നില്ല. കാരണം അവരൊക്കെ മേടിക്കുന്നത് പത്തും ഇരുപതും രൂപയല്ല. ലക്ഷങ്ങളാണ്. തൊട്ടാല്‍ കൈപൊള്ളുമെന്ന് 'വിജിലന്‍സ് ദൈവ'ങ്ങള്‍ക്ക് അറിയാം.

കോടികള്‍ വെട്ടിച്ച് പ്രമുഖര്‍ മുങ്ങിയും മുങ്ങാതെയും വിലസി നടക്കുന്ന നാട്ടില്‍ വിജിലന്‍സിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനം കൊണ്ട് വന്‍ അഴിമതി കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തത് വഴി സംസ്ഥാനത്തെ വലിയ അഴിമതിക്ക് സര്‍ക്കാര്‍ അന്ത്യം കുറിച്ച സംഭവം സമൂഹ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍. 

നേര്‍രേഖ: ഏത് വകുപ്പിലായാലും അഴിമതി തുടച്ചു മാറ്റേണ്ടത് താഴെ നിന്നല്ല, മുകളില്‍ നിന്നു തന്നെ വെട്ടി തുടങ്ങണം.Share this News Now:
  • Google+
Like(s): 724