24 February, 2018 01:00:10 AM


പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂരില്‍ ഏഴരപൊന്നാനദര്‍ശനം

ചെങ്ങന്നൂര്‍ പൊന്നുരുട്ടമഠത്തിലെ കൃഷ്ണന്‍ പണ്ടാരത്തില്‍ ആദ്യം കാണിക്കയര്‍പ്പിച്ചു




ഏറ്റുമാനൂര്‍: പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ഏഴരപൊന്നാനകളെ ദര്‍ശിച്ചും വലിയകാണിക്കയര്‍പ്പിച്ചും സായൂജ്യമടഞ്ഞു. ആസ്ഥാനമണ്ഡപത്തില്‍ ഇന്ന് വെളുപ്പിനെ 12 മണിക്കാണ് ഏഴരപൊന്നാനദര്‍ശനം നടന്നത്. ആസ്ഥാനമണ്ഡപത്തിനു മുന്നിലെ തങ്കകുടത്തില്‍ ചെങ്ങന്നൂര്‍ വാഴാര്‍ മഠം പൊന്നുരുട്ടമഠത്തിലെ കാരണവര്‍ കൃഷ്ണന്‍ പണ്ടാരത്തില്‍ ആദ്യം വലിയകാണിക്കയര്‍പ്പിച്ചു.
 

ആസ്ഥാനമണ്ഡപത്തിലെ ദര്‍ശനത്തിനു ശേഷം 2 മണിയോടെ ഏഴരപൊന്നാനകളെ പുറത്തേക്കെഴുന്നള്ളിച്ചു. വലിയവിളക്കിനോടനുബന്ധിച്ച് നടക്കുന്ന എഴുന്നള്ളിപ്പിലും ഏഴരപൊന്നാനകളെ ദര്‍ശിച്ച് സായൂജ്യമടയാന്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുക. നെറ്റിപ്പട്ടം കെട്ടിയ 9 ഗജവീരന്മാരുടെയും നാദസ്വരം തുടങ്ങിയ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഏഴരപൊന്നാനകളെ പുറത്തേക്കെഴിന്നള്ളിച്ചത്. ഏഴരപൊന്നാനദര്‍ശനത്തിനായി നാടിന്‍റെ നാനാ ഭാഗങ്ങളില്‍ എത്തിയ ഭക്തരെ കൊണ്ട് ഇന്നലെ വൈകിട്ട് തന്നെ ക്ഷേത്രാങ്കണം നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്നലെ രാവിലെ മുതല്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.



ശനിയാഴ്ച പള്ളിവേട്ടയാണ്. നാളെ ആറാട്ടോടെ പത്ത് ദിവസം നീണ്ട ഉത്സവത്തിന് പരിസമാപ്തിയാകും. കുറിച്ചിത്താനം വിജയന്‍ മാരാര്‍ - രാമചന്ദ്രമാരാര്‍ ടീമിന്‍റെ പഞ്ചവാദ്യവും മേളചക്രവര്‍ത്തി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ അറുപതില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളവും ഇന്ന് ഉത്സവചടങ്ങുകള്‍ക്ക് കൊഴുപ്പേകും. രണ്ടാംദിവസം മുതല്‍ നടന്നു വരുന്ന ഉത്സവബലി ഒമ്പതാം ദിവസമായ ഇന്ന് സമാപിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്സവബലിദര്‍ശനത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. ഉച്ചക്ക് ഒരു മണിക്കാണ് ഉത്സവബലി ദര്‍ശനം. ഇന്നലെ രാത്രി ചലച്ചിത്രതാരം രമ്യാ നമ്പീശന്‍റെ ആനന്ദനടനം തിരുവരങ്ങില്‍ അരങ്ങേറി. ഗുരുവായൂര്‍ വലിയകേശവന്‍ ഉള്‍പ്പെടെ ഒമ്പത് ഗജവീരന്മാരാണ് ഇന്നലെ മുതല്‍ എഴുന്നള്ളിപ്പിനുള്ളത്. 



ഞായറാഴ്ച മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് ആറാട്ട്. ഏറ്റുമാനൂരപ്പന്‍റെ  ആറാട്ട് നടക്കുന്ന അതേസമയം ആറിന് അക്കരെ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന ഏറ്റുമാനൂരപ്പനെ കോവില്‍പാടത്ത്നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് ഏഴരപൊന്നാനകളുടെ അകമ്പടിയോടെയാണ്. മകള്‍ സ്ഥാനിയായ പേരൂര്‍കാവ് ഭഗവതിയെ വര്‍ഷത്തിലൊരിക്കല്‍ ഏറ്റുമാനൂരപ്പന്‍ കാണാനെത്തുന്ന ദിനം കൂടിയാണ് ആറാട്ട് നടക്കുന്ന കുംഭമാസത്തിലെ തിരുവാതിര നാള്‍. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന വഴി പേരൂര്‍ ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശൈവവൈഷ്ണവസംഗമത്തിന്‍റെ ഭാഗമായുള്ള ഇറക്കി പൂജയും ആറാട്ട് സദ്യയും  നടക്കും.

ഏറ്റുമാനൂരില്‍ ഇന്ന് പള്ളിവേട്ട 


രാവിലെ 7.00  - ശ്രീബലി, പഞ്ചവാദ്യം - കുറിച്ചിത്താനം വിജയന്‍ മാരാര്‍ - രാമചന്ദ്രമാരാര്‍, പഞ്ചാരിമേളം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ 11.00- മഹാപ്രസാദഊട്ട് , 11.30 - ഓട്ടന്‍ തുള്ളല്‍, 12.30 - ചാക്യാര്‍ കൂത്ത് - ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ 1.00 - ഉത്സവബലിദര്‍ശനം, 1.30 - സംഗീതസദസ്, 2.15 - ഹരികഥ, 4.30 - തിരുവാതിരകളി, 5.00 - കാഴ്ചശ്രീബലി, വേല, സേവ, കുടമാറ്റം,  6.00 - താലപ്പൊലി സമര്‍പ്പണം, 9.30 - ഭക്തിഗാനമേള - സിതാര കൃഷ്ണകുമാര്‍, രാത്രി 12.00 - പള്ളിനായാട്ട് - ദീപക്കാഴ്ച,  3.00 - കരിമരുന്ന് പ്രകടനം.



Share this News Now:
  • Google+
Like(s): 589