28 February, 2018 08:56:58 AM


ഏറ്റുമാനൂർ ഉത്സവം: അനിഷ്ട സംഭവങ്ങൾക്ക് കാരണം ആചാരലംഘനമെന്ന്

താലപ്പൊലി ഘോഷയാത്രകൾ ശക്തി പ്രകടനങ്ങളായി മാറുന്നു
ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ അനിഷ്ടസംഭവങ്ങള്‍ സംഭവിച്ചത് അധികൃതരുടെ അശ്രദ്ധ കാരണമാണെന്ന് പരക്കെ ആക്ഷേപം. ഉത്സവം അമ്പേ പരാജയപ്പെട്ടുവെന്നും ഉടന്‍ ദേവപ്രശ്നം നടത്തണമെന്നും വിവിധ ഹൈന്ദവസംഘടനകള്‍. ഇതിനിടെ ഉത്സവം വിവിധ സമുദായ സംഘടനകളുടെ ശക്തി തെളിയിക്കുന്നതിനുള്ള വേദിയാക്കി മാറ്റുന്നതിലും പ്രതിഷേധം ഉയരുന്നു.

ഉത്സവത്തിന് എഴുന്നള്ളിപ്പിന് ആനകളെ ഏര്‍പ്പാടാക്കുന്നതില്‍ വീഴ്ച സംഭവിച്ചതാണ് രണ്ട് ആനകള്‍ ഇടയുന്നതിനും പല ദിവസവും ആചാരപ്രകാരം ആനകളെ എഴുന്നള്ളിക്കാന്‍ പറ്റാതിരുന്നതിനും കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മൂന്നാം ഉത്സവദിവസം രാവിലെ ശ്രീബലി എഴുന്നള്ളിപ്പിന് മൂന്നാനകള്‍ക്കു പകരം രണ്ട് ആനകളാണുണ്ടായിരുന്നത്. അഞ്ചാം ദിവസം അ‍ഞ്ച് ആനകള്‍ക്കു പകരം ഉണ്ടായത് നാല് ആനകള്‍. ഒമ്പത് ആനകളുണ്ടാവേണ്ട എട്ടാം ദിവസം രാവിലെ എഴുന്നള്ളിപ്പിന് അകമ്പടിയേകിയത് എട്ട് ആനകള്‍. ആറാട്ട് കഴിഞ്ഞെത്തുന്ന ഏറ്റുമാനൂരപ്പനെ സ്വീകരിക്കാന്‍ ആറ് ആനകള്‍ ക്ഷേത്രമൈതാനത്ത് ഉണ്ടാവണമായിരുന്നു. 'മാവേലിക്കര ഗണപതി' ഇടഞ്ഞതോടെ എല്ലാ ആനയെയും സ്ഥലത്തുനിന്നു മാറ്റി. ഇതോടെ എതിരേല്‍പ് ഇടയ്ക്ക് വെച്ച് മുടങ്ങി. തിടമ്പുമായി വന്ന ആന മാത്രമാണ് ക്ഷേത്രമൈതാനത്തേക്ക് പ്രവേശിച്ചത്. 

ഏഴരപൊന്നാനകളോടൊപ്പം പൊന്നിന്‍കുടയുമായാണ് ആറാട്ടിനെ എതിരേല്‍ക്കുക. ആനയിടഞ്ഞതിനെതുടര്‍ന്ന് ആനകളെ മാറ്റിയതോടെ പൊന്നിന്‍കുടയും ഒഴിവാക്കി.  ആറാട്ടിന് നീണ്ട 12 മണിക്കൂർ വെയിൽ ഒട്ടും കളയാതെയാണ് ആനകളെ എഴുന്നള്ളിച്ചത്. എഴുന്നള്ളിക്കുന്ന ആനകൾ കുഴപ്പമുണ്ടാക്കുന്നത് പലപ്പോഴും ഇത്തരം സാഹചര്യങ്ങളിലാണെന്നും പാപ്പാന്മാരുടെ ദ്രോഹം കൊണ്ടാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പ്രശ്നക്കാരല്ലാത്ത ആനകളെ ഏർപ്പാടാക്കുന്നതോടൊപ്പം പാപ്പാന്മാർ മദ്യപിച്ച് എത്തുന്നതും ഉത്തരവാദിത്തബോധമില്ലാതെ പെരുമാറുന്നതും നിയന്ത്രണ വിധേയമാക്കണമെന്നാണ് ആവശ്യം. ക്ഷേത്രത്തിനകത്തും പുറത്തും എഴുന്നള്ളിപ്പ് നിയന്ത്രിക്കേണ്ട അധികൃതര്‍ ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നാണ് ആരോപണം.

ചെണ്ടമേളത്തിനൊപ്പം യുവാക്കളുടെ തുള്ളലിനും കൂവലിനും ക്ഷേത്രനട വേദിയാക്കിയതിലും പരക്കെ പ്രതിഷേധമുയരുന്നുണ്ട്. ഒമ്പതാം ഉത്സവദിവസം രാവിലെ ശ്രീബലി എഴുന്നള്ളിപ്പിനും വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നള്ളിപ്പിനും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പഞ്ചാരിമേളം ഉണ്ടായിരുന്നു. എഴുന്നള്ളിപ്പ് ക്ഷേത്രത്തിനുള്ളില്‍ കടക്കേണ്ട സമയം അതിക്രമിച്ചിട്ടും മേളം തുടര്‍ന്നു. ഇത് പൂജാവിധികളെയും ബാധിച്ചുവത്രേ.  മാത്രമല്ല ക്ഷേത്രനടയില്‍ കൊടിമരചുവട്ടില്‍ തടിച്ചുകൂടിയ യുവാക്കള്‍ അടക്കമുള്ളവര്‍ മേളത്തിനനുസരിച്ച് തുള്ളലും കൂവലും നടത്തിയത് ക്ഷേത്രത്തിന്‍റെ പവിത്രതയ്ക്ക് എതിരാണെന്ന് ഒരു വിഭാഗം ഭക്തര്‍ ചൂണ്ടികാട്ടുന്നു.  ഗാനമേള പോലുള്ള കലാപരിപാടികള്‍ ക്ഷേത്രമതില്‍ക്കകത്ത് നിരോധിച്ചത് ഇതേ കാരണം കൊണ്ടാണെന്നും ഇവര്‍ പറയുന്നു.

ഒമ്പതാം ഉത്സവം പള്ളിവേട്ടസമയത്ത് തന്ത്രിയുടെ സാന്നിദ്ധ്യമില്ലാതിരുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.എസ്.നാരായണന്‍ ചൂണ്ടികാട്ടി. ഉത്സവത്തിന് ശുദ്ധിപൂജ, കൊടിയേറ്റ്, ഉത്സവബലി, പള്ളിവേട്ട, ആറാട്ട്, കൊടിയിറക്ക് എന്നീ ചടങ്ങുകള്‍ക്ക് തന്ത്രിയുടെ സാന്നിദ്ധ്യം ഉണ്ടാവണം. എന്നാല്‍ പള്ളിവേട്ട വിളിക്കുന്നതിന് മുമ്പുള്ള പൂജ തന്ത്രിക്കു പകരം നടത്തിയത് ക്ഷേത്രത്തിലെ മുട്ടുശാന്തിയാണ്. കെ.എസ്.നാരായണന്‍ കുറ്റപ്പെടുത്തി.

ഉത്സവം ആരംഭിച്ചതിനു ശേഷം മൂന്ന് തവണ അഗ്നിബാധ ചെറുതായെങ്കിലും ഉണ്ടായി. ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളിയ ഭഗവാന്‍റെ ഉടയാടയില്‍ തീപൊരി വീണതും പടിഞ്ഞാറെ ഗോപുരത്തില്‍ മീറ്റര്‍ ബോര്‍ഡിന് തീ പിടിച്ചതും സാധാരണമായി കാണാന്‍ കഴിയില്ല. ക്ഷേത്രമൈതാനിയില്‍ ആന വിരണ്ടോടും മുമ്പ് ആറാട്ട് കടവിലും ആന ഇടഞ്ഞിരുന്നു. ഉത്സവബലിക്കിടെ ക്ഷേത്രത്തിനുള്ളില്‍ ജീവനക്കാരന്‍റെ കാലില്‍ നിന്നും രക്തം വീണതും കാര്യമായിട്ടെടുത്തില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിലെ ഏഴരപൊന്നാനകള്‍ പുതുക്കി പണിയാനുള്ള തീരുമാനം മുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിജയകുമാര്‍ പണിക്കരുവീട് അഭിപ്രായപ്പെട്ടു. ദേവഹിതം നോക്കാതെയാണ് ഏഴരപൊന്നാനകളുടെ പണികള്‍ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റുമാനൂര്‍ മഹാദേവന്‍റെ ഉത്സവം വിവിധ സമുദായങ്ങള്‍ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള വേദിയാക്കി മാറ്റുന്നത് ഉത്സവത്തിന് മങ്ങലേല്‍പ്പിക്കുന്നുവെന്ന് ക്ഷേത്രരക്ഷാവേദി ജനറല്‍ കണ്‍വീനറും സംരക്ഷണസമിതി പ്രസിഡന്‍റുമായ സുരേഷ് ഗോവിന്ദ് അഭിപ്രായപ്പെട്ടു. ഡിസ്പോസിബിള്‍ പ്ലേറ്റും മറ്റും ഉപയോഗിച്ചുള്ള താലപ്പൊലി ഘോഷയാത്രകള്‍ ക്ഷേത്രാങ്കണം മലിനപ്പെടുത്താന്‍ മാത്രമാണ് സഹായകമാകുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ആചാരാനുഷ്ടാനങ്ങള്‍ പാലിച്ച് കൊണ്ടുള്ളതാകണം താലപ്പൊലി ഘോഷയാത്രയെന്നും സമുദായങ്ങള്‍ ചേരി തിരിഞ്ഞ് ഓരോ ദിവസവും നടത്തുന്ന ഘോഷയാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനിഷ്ടസംഭവങ്ങള്‍ ഉണ്ടായ സ്ഥിതിയ്ക്ക് ഭക്തരുടെ ഭാഗത്തുനിന്നും ദേവപ്രശ്നം നടത്തണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍ തന്ത്രിയുമായി ആലോചിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ക്ഷേത്രഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ വ്യക്തമാക്കി.


Share this News Now:
  • Google+
Like(s): 6599