16 February, 2016 12:24:40 PM


ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി ; പൊങ്കാല ഫെബ്രുവരി 23ന്,



തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയെന്ന പേരില്‍ പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ  പൊങ്കാല മഹോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ കാപ്പ് കെട്ടി കുടിയിരുത്തല്‍ ചടങ്ങോടെയാണ് ഉത്സവചടങ്ങുകള്‍ ആരംഭിച്ചത്. 17ന് രാവിലെ 8.30ന്  കുത്തിയോട്ട വ്രതാരംഭം നടക്കും. 

ഒമ്പതാം ഉത്സവദിവസമായ 23നാണ് പ്രസിദ്ധമായ പൊങ്കാല. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ തലസ്ഥാനത്തേക്ക് ഒഴുകിത്തുടങ്ങി. രാവിലെ 10ന് പൊങ്കാല അടുപ്പില്‍ തീ കത്തിക്കും. 1.30 നാണ് പൊങ്കാല നിവേദ്യം.  രാത്രി 7.20ന് ചൂരല്‍ കുത്തുന്ന ചടങ്ങ് നടക്കും. 11 മണിക്ക് പുറത്തേക്കെഴുന്നള്ളിപ്പ് നടക്കും.

പത്താം ഉത്സവദിനമായ 24ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങ് നടക്കും. 1മണിക്ക് കുരുതി തര്‍പ്പണവും നടക്കും.

പൊങ്കാലക്ക് ഒരുദിവസം മാത്രം ശേഷിക്കെ പാതയോരങ്ങളിലും മറ്റും അടുപ്പുകള്‍ നിരന്നു. ക്ഷേത്രത്തിന് സമീപംതന്നെ പൊങ്കാല അര്‍പ്പിക്കാനാണ് ഭക്തര്‍ ശനിയാഴ്ച മുതല്‍തന്നെ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. സമീപജില്ലകള്‍ കൂടാതെ അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ എത്തിത്തുടങ്ങി. ഇതോടെ വന്‍തിരക്കാണ് ക്ഷേത്രത്തിലും പരിസരത്തും ഉണ്ടാകുന്നത്. അതേസമയം, ഒരുക്കം പൂര്‍ണ സജ്ജമാണെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

പൊങ്കാലക്കും തുടര്‍ന്നുനടക്കുന്ന പുറത്തെഴുന്നള്ളത്തിനും ശക്തമായ ക്രമീകരണമാണ് സര്‍ക്കാര്‍ സഹായത്തോടെ ഏര്‍പ്പെടുത്തുന്നത്. നിവേദ്യത്തിന് 250 പൂജാരിമാരെ നിയോഗിക്കും. പുറത്തെഴുന്നള്ളത്തിന് ഏഴു വീതം കുത്തിയോട്ട ബാലന്മാരെ ഉള്‍പ്പെടുത്തി 120 ഗ്രൂപ്പുകളായി കലാകാരന്മാര്‍ അണിനിരക്കും.

ചൊവ്വാഴ്ച രാത്രി 11ന് എഴുന്നള്ളത്ത് ആനപ്പുുറത്തായതിനാല്‍ ബുധനാഴ്ച രാവിലെ നേരത്തേ തിരികെ എത്താന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ആചാരങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴിനാണ് നടതുറക്കുക. ഉഷപൂജ, ആയില്യപൂജ, ഭഗവതിസേവ എന്നിവയാണ് പ്രധാന പൂജകള്‍. സംഗീതസന്ധ്യ, ഗാനമേള, നൂപുരധ്വനികള്‍ എന്നിവയാണ് പ്രധാന കലാപരിപാടികള്‍.

ഇത്തവണ പൊങ്കാലയിടുന്ന ഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി നടപ്പാക്കുന്ന പദ്ധതിയില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയിടുന്ന ഭക്തര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. പ്ളാസ്റ്റിക് നിരോധത്തിന് നഗരസഭയുടെ നടപടി ഫലം കാണുമെന്നാണ് പ്രതീക്ഷ. സുരക്ഷക്ക് കൂടുതല്‍ ഭാഗങ്ങള്‍ കാമറ നിരീക്ഷണത്തിലാണ്. ക്ഷേത്ര ട്രസ്റ്റ് ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ നായര്‍, പ്രസിഡന്‍റ് വി.എല്‍. വിനോദ്, സെക്രട്ടറി സി.അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 22ന് അവധി 

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രദേശികാവധി ആയിരിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K