08 March, 2018 08:30:01 AM


മേസ്തിരി പണിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച 63കാരിയായ ലതികയെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി

എസ്എസ്എല്‍സി പരീക്ഷ പാസായത് അറുപതാം വയസില്‍
പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പഠനം തുടരാനാവാതെ കൂലിപ്പണിക്കിറങ്ങേണ്ടിവന്ന ലതിക ദിവാകരന്‍ തന്‍റെ ജീവിതത്തില്‍ അവിചാരിതമായുണ്ടായ വഴിത്തിരിവിനെ കുറിച്ച് സംസാരിക്കുകയാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല അതിരമ്പുഴയില്‍ സ്ഥാപിതമായതും അതിന്‍റെ ഭാഗമായി നാല്‍പാത്തിമലയില്‍ ഗ്രാമവികാസ് കേന്ദ്രം ആരംഭിക്കുകയും ചെയ്തതാണ് തന്‍റെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ കാരണമായതെന്ന് അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ ദിവാകരന്‍റെ ഭാര്യ ലതിക പറയുന്നു.
 
27 വര്‍ഷം കൊണ്ട് മേസ്തിരിപണിയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലതികയെന്ന 63കാരി ഇന്ന് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി കൂടിയാണ്. 1991ല്‍ യൂണിവേഴ്സിറ്റിയുടെ അഡള്‍ട്ട് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തീവ്രപരിശീലനപരിപാടിയുടെ ഭാഗമായി നാല്‍പാത്തിമലയില്‍ ആരംഭിച്ച കെട്ടിടനിര്‍മ്മാണപരിശീലനകളരിയില്‍ ലതിക ഉള്‍പ്പെടെ പത്ത് വനിതകളാണുണ്ടായിരുന്നത്. യൂണിവേഴ്സിറ്റിയുടെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസിന്‍റെ പണിയായിരുന്നു ഈ വനിതാ കൂട്ടായ്മ ആദ്യമായി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് കീഴിലായി പരിശീലനം. പതിനഞ്ച് വര്‍ഷത്തെ പരിശീലനത്തിനിടയില്‍ കെട്ടിടത്തിന്‍റെ വാനം മാന്തുന്നത് തുടങ്ങി മേല്‍ക്കൂര വരെയുള്ള എല്ലാ പണികളും സ്വയംപര്യാപ്തമാക്കി. തുടക്കത്തില്‍ അ‍‍ഞ്ച് രൂപയായിരുന്നു സ്റ്റൈപന്‍റായി ലഭിച്ചിരുന്നത്. 15 വര്‍ഷം കൊണ്ടത് 150 രൂപ വരെയായി. 

2002ല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ പണി കരാര്‍ അടിസ്ഥാനത്തില്‍ ഈ കൂട്ടായ്മയെ ഏല്‍പ്പിച്ച് അധികൃതര്‍ പരീക്ഷണം നടത്തി. പിന്നീട് പുല്ലരിക്കുന്ന് രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ആറ് വാര്‍ക്കവീടുകള്‍ ഉള്‍പ്പെടെ നൂറിലധികം കെട്ടിടങ്ങളില്‍ ലതികയുടെ കയ്യൊപ്പ് പതിഞ്ഞു. ഇതിനിടെ കെട്ടിടങ്ങളുടെ കരാര്‍ പണി ആരംഭിച്ച ലതിക ഇതിനോടകം ഇരുപത്തഞ്ചിലധികം വീടുകള്‍ സ്വന്തം ആശയത്തില്‍ നിര്‍മ്മിച്ചുകഴിഞ്ഞു. പതിനഞ്ചിലധികം പണിക്കാര്‍ ലതികയുടെ കീഴില്‍ സ്ഥിരമായി ജോലിക്കാരായും ഉണ്ടായിരുന്നു.  കഴിഞ്ഞ നവംബറില്‍ വീണ് കൈയ്ക്ക് പരിക്ക് പറ്റിയതോടെ തല്‍ക്കാലം പണികള്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് ലതിക.

നിര്‍മ്മിതിയുടെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ  പിന്നാലെ തന്‍റെ ഭര്‍ത്താവ് ദിവാകരനെയും പണിസ്ഥലങ്ങളില്‍ കൂട്ടികൊണ്ടുപോയ ലതിക അദ്ദേഹത്തെയും മേസ്തിരിപണി പഠിപ്പിച്ചു. ഇപ്പോള്‍ ദിവാകരനും നല്ലൊരു മേസ്തിരിയാണ്. ലതിക ഇപ്പോള്‍ താമസിക്കുന്ന നാല്‍പാത്തിമലയിലെ വീടിന്‍റെ സൃഷ്ടാക്കളും ഈ ദമ്പതികള്‍ തന്നെ. തൊട്ടയല്‍പക്കത്തുള്ള രണ്ട് വീടുകളുടെ നിര്‍മ്മാണവും ലതികയുടെ നേതൃത്വത്തിലായിരുന്നു.

ഏറ്റുമാനൂരിനടുത്ത് കാണക്കാരി കരികുളം കുടുംബാംഗമാണ് ലതിക. ഏകമകന്‍ സജീവ് ഡ്രൈവറാണ്. സജീവിന്‍റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ കാര്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തുന്നതോടൊപ്പമാണ് ലതിക പഠിക്കാനും മറ്റും സമയം കണ്ടെത്തുന്നത്. ഏഴാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ലതിക മേസ്തിരിപണിയോടൊപ്പം ഗ്രാമവികാസ് സ്വാശ്രയസംഘത്തിന്‍റെ സജീവപ്രവര്‍ത്തകയായി മാറി. ഇതിനിടെ തീം സെന്‍റേര്‍ഡ് ഇന്‍ററാക്ഷന്‍ (ടിസിഐ) ശില്‍പശാലയില്‍ പങ്കെടുത്തതോടെ കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം ലതികയില്‍ ഉടലെടുത്തു. അങ്ങനെ അറുപതാം വയസില്‍ 2015 സെപ്തംബറില്‍ തുല്യതാപരീക്ഷയിലൂടെ എസ്എസ്എല്‍സി പാസായി. ഇപ്പോള്‍ ഏറ്റുമാനൂര്‍ ഗവ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന പ്രത്യേക കോഴ്സില്‍ ചേര്‍ന്ന് പ്ലസ് ടു പഠനം തുടരുന്നു. 

രണ്ട് വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നടന്ന ടിസിഐയുടെ ഒരു യോഗത്തില്‍ ഇംഗ്ലീഷ് അറിയില്ലാത്തതുകൊണ്ട് മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടായതും വാശിയോടെയാണ് ലതിക കണ്ടത്. കഴിഞ്ഞ ജനുവരിയില്‍ അമലഗിരി ബി.കെ.കോളേജില്‍ നടന്ന ടിസിഐ വാര്‍ഷിക യോഗത്തില്‍ മൂന്ന് മിനിറ്റ് നേരം ഇംഗ്ലീഷില്‍ പ്രസംഗിച്ച് ലതിക മധുരമായി പകരം വീട്ടി. ഇതിനിടെ ശിങ്കാരിമേളം പഠിക്കാനും ലതിക സമയം കണ്ടെത്തി. എം.ജി.യൂണിവേഴ്സിറ്റിയിലെ അഷ്ടദളത്തില്‍ വൈസ് ചാന്‍സലറുടെ മുന്നിലായിരുന്നു അരങ്ങേറ്റം. ഇപ്പോള്‍ കുറച്ചൊക്കെ എഴുത്തിലേക്കും തിരിഞ്ഞിരിക്കുകയാണ് ലതിക. ഇതിനോടകം കുറെ കവിതകള്‍ രചിക്കാനും ലതികയ്ക്ക് കഴിഞ്ഞു.

- സ്മിത സി.ആര്‍
Share this News Now:
  • Google+
Like(s): 665