Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

13 March, 2018 09:21:27 PM


ശബ്ദനാള ക്യാന്‍സർ; പുതിയ ശസ്‌ത്രക്രിയ വികസിപ്പിച്ച്‌ ഒരു സംഘം ഡോക്ടര്‍മാര്‍

- ഉണ്ണികൃഷ്ണന്‍ പനങ്ങാട്
കൊച്ചി: ശബ്ദനാള ക്യാന്‍സറിന്‌ പുതിയ ശസ്‌ത്രക്രിയ വികസിപ്പിച്ചിരിക്കുകയാണ്‌ വി.പി.എസ്‌.ലേക്‌ഷോര്‍ ആശുപത്രിയിലെ ഹെഡ്‌ ആന്‍ഡ്‌ നെക്ക്‌ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍. ഇന്ത്യയില്‍ പുരുഷന്‍മാരില്‍ വളരെയേറെ കണ്ടുവരുന്ന രോഗമാണ്‌ ശബ്ദനാളത്തിലെയും, അന്നനാളത്തിന്റെ തുടക്ക ഭാഗമായ ഹൈപ്പോഫാരിംഗ്‌സിലെയും ക്യാന്‍സര്‍. തുടക്കത്തിലെ കണ്ടുപിടിക്കപ്പെട്ടില്ലെങ്കില്‍ തൊണ്ട മുഴുവനായും നീക്കം ചെയ്യേണ്ട ടോട്ടല്‍ ലാരിംഗ്‌ജെക്ടമി മാത്രമാണ്‌ ഇതിനുള്ള പ്രതിവിധി. 

ശബ്ദനാളത്തിന്റെ അല്ലെങ്കില്‍ ഹൈപ്പോഫാരിംഗ്‌സിന്റെ ക്യാന്‍സര്‍ ബാധിച്ച പകുതി ഭാഗം മാത്രം നീക്കം ചെയ്‌ത്‌, ആ ഭാഗം ശ്വാസനാളത്തിന്റെ ഭാഗവും, കവിളിലെ രക്തധമനികളോട്‌ ചേര്‍ന്നുള്ള ഉള്‍ഭാഗവും ഉപയോഗിച്ച്‌ പുനര്‍നിര്‍മിക്കുന്നതാണ്‌ 'TAMMIL' (ട്രക്കിയല്‍ അഡ്വാന്‍സ്‌മെന്റ്‌ വിത്ത്‌ ഐലന്‍ഡഡ്‌ ഫേഷ്യല്‍ ആര്‍ട്ടറി മയോമ്യുക്കോസല്‍ ഫ്‌ളാപ്പ്‌) എന്ന പുതിയ ശസ്‌ത്രക്രിയ. ഇതിന്‌ മുമ്പ്‌ ബെല്‍ജിയന്‍ സര്‍ജന്‍ പിയര്‍ നെലെയ്‌ര്‍ വികസിപ്പിച്ച ട്രക്കിയല്‍ ഓട്ടോ ട്രാന്‍സ്‌പ്ലാന്റേഷന്‍ എന്ന സങ്കീര്‍ണമായ ശസ്‌ത്രക്രിയ മാത്രമാണ്‌ ഇത്തരം സാഹചര്യങ്ങളില്‍ ചെയ്‌തിരുന്നത്‌.

എന്നാല്‍ ഇത്‌ രണ്ട്‌ ഘട്ടങ്ങളിലായി ചെയ്യേണ്ടതും ഒരുപാട്‌ ചെലവേറിയതുമാണ്‌. പുതിയ ശസ്‌ത്രക്രിയ ഒരു ഘട്ടം കൊണ്ട്‌ പൂര്‍ത്തിയാകുന്നതും താരതമ്യേന ചെലവ്‌ കുറഞ്ഞതുമാണ്‌. മാത്രമല്ല ഇത്‌ ക്യാന്‍സര്‍ ചികിത്സാരംഗത്ത്‌ കൂടുതല്‍ ഫലവത്തായ ഒന്നാണെന്നും വ്യാപിച്ച ട്യൂമറുകളില്‍ പോലും ഉപയോഗിക്കാവുന്നതാണെന്നും ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയ വി.പി.എസ്‌.ലേക്‌ഷോര്‍ ഹെഡ്‌ ആന്‍ഡ്‌ നെക്ക്‌ സര്‍ജന്‍ ഡോ.ഷോണ്‍ ടി.ജോസഫ്‌ പറഞ്ഞു. 

ഓട്ടോലാരിന്‍ജ്യോളജിയില്‍ ലോകത്തെ പ്രമുഖ ശാസ്‌ത്ര പ്രസിദ്ധീകരണമായ ഹെഡ്‌ ആന്‍ഡ്‌ നെക്കിലാണ്‌ ഇത്‌ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 45 കാരനായ അര്‍ബുദരോഗിയുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ കണ്ടാണ്‌ ഡോക്ടര്‍മാര്‍ പുതിയ ചികിത്സാരീതിയിലേക്ക്‌ ശ്രദ്ധ ചെലുത്തിയത്‌. ഡോ.ഷോണ്‍ ടി.ജോസഫിന്‌ പുറമേ ഡോ.ജോസ്‌ തറയില്‍, ഡോ.മിഹിര്‍ മോഹന്‍, ഡോ.നവീന്‍ എന്നിവരാണ്‌ ശസ്‌ത്രക്രിയാ സംഘത്തിലുണ്ടായിരുന്നത്‌. ഡോ.മോഹന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ സംഘവും ശസ്‌ത്രക്രിയയില്‍ പ്രധാന പങ്ക്‌ വഹിച്ചു. Share this News Now:
  • Google+
Like(s): 137