Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

11 April, 2018 11:13:39 PM


പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന്‌ അവസരമൊരുക്കി വീണ്ടും വിഷു

വിഷുവിനെ രേഖപ്പെടുത്തുന്ന പലതും മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു




തൃശൂര്‍: പ്രകൃതിയുടെ ഉത്സവവും ആഘോഷവുമാണ്‌ വിഷു. വീണ്ടുമൊരു വിഷുകൂടി എത്തുമ്പോള്‍ പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന്‌ അതു കാരണമാകുകയാണ്‌. പ്രകൃതിയുടെ എല്ലാത്തരത്തിലുമുള്ള സന്തുലിതാവസ്ഥ കീഴ്മേല്‍ മറിയുകയും കൃഷിനാശം നേരിടുകയും കൊടിയവരള്‍ച്ചയെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ ആഘോഷങ്ങള്‍ക്ക്‌ വലിയ സ്ഥാനമില്ലാതായിരിക്കുന്നു. ആഷോഷിക്കാനുള്ള മാനസികാവസ്ഥയിലുമല്ല മലയാളി. ദാഹമകറ്റാന്‍ ഇറ്റു വെള്ളമില്ലാതെ ജീവജാലങ്ങളെല്ലാം വലയുകയാണ്‌. അതുകൊണ്ടുതന്നെ ഈ വിഷുക്കാലം പ്രകൃതിയെ വീക്ഷിക്കാനും സംരക്ഷിക്കാനുമുള്ള അവസരമാക്കി മലയാളികള്‍ മാറ്റേണ്ടതുണ്ട്.

പ്രകൃതി പൂക്കള്‍വിടര്‍ത്തി ഭംഗിവിരിച്ചു നില്‍ക്കുന്ന കാഴ്ചയാണ് വിഷുക്കാലത്തിന്‍റെ പ്രത്യേകത. പീതാംബരപട്ടു ചാര്‍ത്തിയ പ്രകൃതിയെന്ന്‌ വിഷുക്കാലത്ത് പ്രകൃതിയെക്കുറിച്ചു പറയാറുണ്ട്‌. എന്നാല്‍ കണിക്കൊന്നകള്‍ വിഷുക്കാലത്ത്‌ പൂക്കുന്നതിനു പകരം വിഷുവിനു മാസങ്ങള്‍ക്ക്‌ മുന്നേ പൂക്കുകയും വിഷുക്കാലമാകുമ്പോഴേക്ക്‌ അവയെല്ലാം കൊഴിഞ്ഞു പോകുകയും ചെയ്യുന്നതാണ്‌ കുറേകാലങ്ങളായുള്ള പതിവ്‌. ഇത്‌ പ്രകൃതിയുടെ വികൃതിയാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ളതാണെന്നുമൊക്കെയാണ് കണ്ടെത്തല്‍.

വെയില്‍കാലത്തിന്റെ ആഘോഷം കൂടിയായ വിഷുവിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പ്രസന്നമായൊരു കാലമാണ്‌ നിറയുന്നത്‌. നിലാവുള്ള രാത്രികളില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ സൗരഭ്യം പരത്തും. എങ്ങും കാര്‍ഷിക വിഭവങ്ങളുടെ സമൃദ്ധി. എന്നാല്‍ ഇന്ന് സമൃദ്ധിയുടെ സമ്പന്നതയില്‍ നാം വിഷു ആഘോഷിക്കാറില്ല. 

കൃഷിയിറക്കുന്നതിന്‍റെ ഉത്സവം കൂടിയാണ്‌ യഥാര്‍ത്ഥത്തില്‍ വിഷു. പാടങ്ങള്‍ വൃത്തിയാക്കിയശേഷം വിഷുനാളില്‍ പുതിയ കൃഷിയിറക്കിയിരുന്നു കര്‍ഷകര്‍. ഓണത്തിന്‌ പുന്നെല്ല്‌ ഉണ്ണുവാനാണ്‌ വിഷുനാളില്‍ കൃഷിയിറക്കുന്നത്‌. ക്ഷേത്രങ്ങളില്‍ പുന്നെല്ല്‌ അരിയാക്കി പുത്തരിനിവേദ്യം നടത്താറുണ്ട്‌. കാര്‍ഷികോത്സവമായ വിഷുവിനെ കൊന്നപ്പൂകൊണ്ട്‌ എതിരേല്‍ക്കുന്നതും ഇതുകൊണ്ടുതന്നെയാണ്‌. വിഷുക്കൊന്ന, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുപ്പക്ഷിയുടെ പാട്ട്‌, വിഷുക്കാലം, വിഷുക്കൃഷി തുടങ്ങിയ ചൊല്ലുകള്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നു. പണം കൈനിറയെ കിട്ടുന്ന സുദിനമായതിനാല്‍ കുട്ടികള്‍ക്ക്‌ വളരെയേറെ പ്രിയപ്പെട്ട ഉത്സവമാണ്‌ വിഷു. വിഷുക്കൈനീട്ടം വാങ്ങാത്തവരും നല്‍കാത്തവരും മലയാളക്കരയില്‍ ആരുമുണ്ടാവില്ല.


കണികാണലും വിഷുക്കൈനീട്ടവുമാണ് വിഷുവിന്‍റെ പ്രധാനചടങ്ങുകള്‍. ഓട്ടുരുളിയില്‍ കണിയൊരുക്കി അതിരാവിലെ നിറതിരിയിട്ട്‌ കത്തിച്ചുവച്ച വിളക്കിനുമുന്നില്‍ കണികാണുന്നതും മുതിര്‍ന്നവരില്‍ നിന്ന്‌ കൈനീട്ടംവാങ്ങുന്നതുമെല്ലാം വരും കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കലാണ്‌. പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന്‌ അര്‍ത്ഥം. പണ്ട് വിഷുക്കഞ്ഞിയായിരുന്നു പ്രധാന വിഷുവിഭവമെങ്കില്‍ പിന്നീടത് സദ്യവട്ടങ്ങളിലേക്ക് മാറി. പടക്കവും പൂത്തിരിയും വിഷുരാത്രികള്‍ക്ക് ശബ്ദ വര്‍ണ്ണവിന്യാസങ്ങളൊരുക്കി.


പ്രകൃതി ഒരുക്കുന്ന മഞ്ഞണിക്കൊന്നകളുടെ കണിയും വിഷുപ്പക്ഷിയുടെ പാട്ടും തുടങ്ങി വിഷുവിനെ രേഖപ്പെടുത്തുന്ന പലതും നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ കൈപിടിച്ച് പണമൊഴുക്കി നമ്മള്‍ വിഷുവെന്ന ദിനം കൊണ്ടാടുമ്പോള്‍ നമുക്കില്ലാതെ പോയ പലതിനെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം എന്നുമാത്രം ചിന്തിക്കുക. 


- പി.എം.മുകുന്ദന്‍



Share this News Now:
  • Google+
Like(s): 108