14 April, 2018 12:20:21 PM


ഭരണകർത്താക്കളിലുള്ള അതൃപ്തി കുറയുമെന്നു വിഷുഫലം

കാർഷികമേഖല ഉള്‍പ്പെടെ പല മേഖലകളിലും സ്വയംപര്യാപ്തത കൈവരും
2018 ഏപ്രിൽ 14, 1193 മേടം 1 ശനിയാഴ്ച പകൽ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം. ഉത്രട്ടാതി നക്ഷത്രം. മേടം 1 മുതൽ ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ, വാരാധിപന്മാരുടെ സ്ഥിതിഗതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യത്തിൽ വർഷക്കുറവും പിന്നീട് നല്ല മഴയും ലഭിക്കും.


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മഴ കുറവ് ഉണ്ടാകുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിലും വിതരണത്തിലും വിൽപനയിലും നിയന്ത്രണം വേണ്ടിവരും. വൃക്ഷങ്ങളുടെ ദേവത ശുക്രനായതിനാലും, സസ്യങ്ങളുടെ ദേവത ചന്ദ്രനായതിനാലും കാർഷിക മേഖലകൾക്ക് അനുകൂലമായ കാലാവസ്ഥയാണ്. കാർഷികമേഖല ഉള്‍പ്പെടെ പലമേഖലകളിലും സ്വയംപര്യാപ്തത കൈവരും. കാര്‍ഷിക, പരിസ്‌ഥിതി രംഗങ്ങളില്‍ സാമാന്യ ജനങ്ങളുടെ ശ്രദ്ധാതാല്‌പര്യങ്ങള്‍ വര്‍ദ്ധിക്കും.  വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സർക്കാർ തലത്തിലുണ്ടാകും.


'പശുനാശം' എന്നു സൂചനയുള്ളതിനാൽ പാലിനും പാലുൽപന്നങ്ങൾക്കും കുറവുണ്ടാകും. വരുണമണ്ഡലമാകയാല്‍ 'ലോകാഭിവൃദ്ധി' എന്ന പദം കൊണ്ടു പൊതുവെ മാന്ദ്യമായ അവസ്ഥയെ അതിജീവിക്കും. സാമ്പത്തികമാന്ദ്യം തരണം ചെയ്ത് ക്രമാനുഗതമായ പുരോഗതി എല്ലാ മേഖലകളിലും ഉണ്ടാകും. സാമ്പത്തിക നിയമവ്യവസ്ഥകളിൽ ഇളവുകളുണ്ടാകും. ദേശീയ, രാഷ്‌ട്രീയ രംഗത്ത്‌ വിവാദ കോലാഹലങ്ങള്‍ തുടരും. എന്നാല്‍ ഗുണാത്മകമായ മാറ്റങ്ങള്‍ തുടര്‍ന്നും ഉണ്ടാകും.  ഭരണരംഗത്ത്‌ വലിയ അനിശ്‌ചിതത്വത്തിന് വഴിയൊരുക്കുമെങ്കിലും നീതിയുക്തവും, ജനഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്ന പക്ഷം ഭരണകർത്താക്കളിലുള്ള അതൃപ്തി കുറയും.


അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തിൽ നിന്നുമുള്ള ആക്രമണത്തിൽ ജീവഹാനിയും പ്രതീക്ഷിക്കാം. ഒരു മുതിർന്ന നേതാവിന് അകാലവിയോഗം ഉണ്ടാകും. വലിയ പ്രകൃതിക്ഷോഭങ്ങള്‍, പ്രളയക്കെടുതികള്‍, ഭൂമികുലുക്കം ഇവയ്‌ക്കെല്ലാം സാധ്യതയുള്ളതായാണ് ഈ വര്‍ഷത്തെ വിഷുഫലം കാണിക്കുന്നത്. എങ്കിലും ഗുണകരമായ മാറ്റങ്ങള്‍ ലോകമെങ്ങും അനുഭവപ്പെടും. കഠിനമായ പ്രതികൂലാവസ്‌ഥകളെ രാഷ്‌ട്രം തരണം ചെയ്യേണ്ടതായി വന്നേക്കും. ആത്മീയ, അനുഷ്‌ഠാന രംഗത്ത്‌ കൂട്ടായ പ്രവര്‍ത്തനം നടത്തുന്നതിലൂടെ വലിയ അളവില്‍ ദോഷങ്ങള്‍ക്ക്‌ ഉപശാന്തി കൈവരിക്കുവാന്‍ സാധിക്കും.


നവഗ്രഹങ്ങള്‍ ഈ വര്‍ഷം ഓരോരുത്തരിലും എത്രമേല്‍ സ്വാധീനം ചെയ്യുന്നുവെന്നുള്ളത് വിഷു ഫലത്തിലൂടെ അറിയാം. ജന്മ നക്ഷത്രം, കൂറ് എന്നിവയെ അടിസ്ഥാനമാക്കി ഭാവി ഫലങ്ങള്‍ എന്നിവ ചുവടെ പ്രതിപാദിച്ചിരിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)


ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തടസ്സപ്പെടും. ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കര്‍മ്മരംഗത്ത് ചില പരാജയങ്ങളുണ്ടായേക്കാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ സൂക്ഷിക്കുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. നിങ്ങളുടെ ഗൃഹത്തിലും ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. സംഭാഷണങ്ങളില്‍ വളരെ മിതത്വവും നിയന്ത്രണവും വച്ചു പുലര്‍ത്തുന്നത് നന്നായിരിക്കും. നിങ്ങളുടെ ഗൃഹാരൂഢ മണ്ഡലത്തില്‍ വളരെ ദോഷകരമായ ചില സാന്നിധ്യങ്ങളുടെ ലക്ഷണങ്ങള്‍ കാണാം. സമ്പൂര്‍ണ്ണമായ രാശിചിന്ത ചെയ്ത് വസ്തുതകള്‍ മനസ്സിലാക്കി, ഉചിതമായ താന്ത്രികയോഗാനുഷ്ഠാനങ്ങള്‍ ചെയ്ത് വിജയങ്ങള്‍ നേടുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രാര്‍ത്ഥന ശീലിക്കുന്നത് ഉത്തമം.


ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)


പൊതുവെ മന്ദഗതി അനുഭവപ്പെടുന്നതാണ്. തൊഴില്‍രംഗത്ത് ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കും. പുതിയ ചില സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ഏതു കാര്യത്തിലും ശ്രദ്ധയോടെ നീങ്ങുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അബദ്ധങ്ങള്‍ പിണയാതെ സൂക്ഷിക്കുക. ശാരീരികമായ അസ്വസ്ഥകള്‍ അധികരിക്കുന്നതിനു സാധ്യതയുണ്ട്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. സംഭാഷണത്തില്‍ മിതത്വം ശീലിക്കുക. നിങ്ങളുടെ ഗൃഹാരൂഢത്തില്‍ അസാധാരണമായ ഒരു സാന്നിധ്യ ലക്ഷണം കാണുന്നു. ശരിയായ രാശി ചിന്തയിലൂടെ ഇത് മനസ്സിലാക്കി ഉചിതമായതു ചെയ്യേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമയം അനുകൂലമല്ല. നിങ്ങളുടെ സമഗ്രമായ രാശിചിന്തയ്ക്ക് അതിന്‍പ്രകാരമുള്ള താന്ത്രികാനുഷ്ഠാനം ചെയ്താല്‍ സര്‍വ്വ തടസ്സങ്ങളും മാറുന്നതാണ്. മറ്റു വിശ്വാസികള്‍ അതീവ ഫലപ്രദമായ അതീന്ദ്രിയ പ്രതിവിധികള്‍ ചെയ്യുന്നത് വളരെ നന്നായിരിക്കും.

മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. നിങ്ങളുടെ നിലവിലുള്ള ഗൃഹം കൊടുത്ത്, കൂടുതല്‍ സൗകര്യപ്രദമായ പുതിയ വീട് വാങ്ങുന്നതിനു സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ അനുകൂല സ്ഥലംമാറ്റമോ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ നന്നായി മുന്നേറും. സിനിമ-സീരിയല്‍ കലാപ്രതിഭകള്‍ക്ക് അപൂര്‍വ്വ അവസരങ്ങള്‍ വരാന്‍ പോകുന്നു. പുതിയ പ്രണയ ബന്ധങ്ങള്‍ രൂപം കൊള്ളുവാന്‍ സാധ്യത. ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ക്കു കാരണമായേക്കാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ അടുത്തു തന്നെ സംഭവിച്ചേക്കാം. വളരെ അസുലഭമായ ഒരു രാജയോഗകല ഈ രാശിയില്‍ അടുത്തു തന്നെ തെളിയുന്നതാണ്. സമ്പൂര്‍ണ്ണ രാശിചിന്തയ്ക്ക് അനുസരിച്ചുള്ള - താന്ത്രിക - അതീന്ദ്രിയ പ്രതിവിധികള്‍ ചെയ്താല്‍ സര്‍വ്വ വിജയപ്രാപ്തിയാണ് ഫലം.

കര്‍ക്കടകക്കൂറ് (പുണര്‍തം ¼, പൂയം, ആയില്യം)

പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥകള്‍ അനുഭവപ്പെടും. തൊഴില്‍രംഗത്ത് മന്ദത അനുഭവപ്പെടും. അപ്രതീക്ഷിതമായ തടസ്സങ്ങളും മറ്റുള്ള വിഷമങ്ങളും എല്ലാ കാര്യത്തിലും ഉണ്ടാകാം. ആരോഗ്യ വിഷയത്തില്‍ കൂടുതലായി ശ്രദ്ധിക്കുക. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗുണകരമല്ലാത്ത പല അനുഭവങ്ങളും ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി അകല്‍ച്ച സംഭവിക്കുന്നതിനു സാധ്യത. കുടുംബത്തിലും അസ്വസ്ഥതകള്‍ ഉടലെടുക്കാം. ധനമോ വിലപിടിപ്പുള്ള ദ്രവ്യങ്ങളോ നഷ്ടപ്പെട്ടു പോകുന്നതിനിടയുണ്ട്. ബിസിനസ്സുകാര്‍ക്ക് അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടതായി വരാം. നിങ്ങളുടെ കുടുംബാരൂഢ പശ്ചാത്തലത്തില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിധ്യം കാണുന്നു. ഇത് സമഗ്ര മായ രാശിചിന്തയിലൂടെ മനസ്സിലാക്കി അതിനനുസരിച്ചുള്ള ശക്തമായ തന്ത്രയോഗാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രതിവിധി ചെയ്യുന്നത് ഗുണകരം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼)

പൊതുവെ ചില കാര്യങ്ങളില്‍ ഗുണമുണ്ടാകും. കര്‍മ്മ മേഖലയില്‍ പുതിയ ചില ആലോചനകള്‍ക്കു തുടക്കമിടും. പുതിയ മേഖലയില്‍ പ്രവൃത്തി ആരംഭിക്കുന്നതിനു തയ്യാറെടുപ്പുകള്‍ നടത്തും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വീട് വില്‍പ്പന ഉദ്ദേശിക്കുന്നവര്‍ക്ക് ഉടനെ നടക്കും. രോഗചികിത്സ നടത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. ഇപ്പോള്‍ ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല. ഉദ്യോഗസ്ഥരുടെ അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം സ്വന്തം സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം. വീടിന് കേടുപാടുകളോ ജീര്‍ണ്ണതയോ വരാനിടയുണ്ട്. നിങ്ങളുടെ സമഗ്രമായ അവസ്ഥകള്‍ മനസ്സിലാക്കി സര്‍വ്വവിധ ഉയര്‍ച്ചയ്ക്കും വേണ്ടതായ മാര്‍ഗ്ഗദര്‍ശനം നടത്താന്‍ കഴിവുള്ള ഒരു ഗുരുബന്ധം ഉടനെ സംഭവിക്കുന്നതിനിടയുണ്ട്. ശരിയായി ഗ്രഹസ്ഥിതി പരിശോധിച്ച് ഉചിത പ്രതിവിധികള്‍ തല്‍ക്കാലം ചെയ്യുക.

കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½)

പൊതുവെ വളരെ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പില്‍ വരും. തൊഴില്‍ രംഗത്ത് വളരെ പുരോഗതിയുണ്ടാകും. പുതിയ പ്രസ്ഥാനങ്ങള്‍ തുടങ്ങും വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു നടക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ മാറ്റങ്ങളോ ഉണ്ടാകും. വിവാഹകാര്യത്തില്‍ ഉടന്‍ തീരുമാനമാകും. നിലവിലുള്ള വീട് മോടി പിടിപ്പിക്കും. നഗരമധ്യത്തില്‍ പുതിയ ഗൃഹം വാങ്ങും. വീട്ടമ്മമാര്‍ക്ക് അഭീഷ്ട സിദ്ധിയുണ്ടാകും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ സവിശേഷമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നു. ഇത് പുഷ്ടിപ്രാപിച്ചാല്‍ സര്‍വ്വസമൃദ്ധിയാണ് ഫലം. വിദ്യാര്‍ത്ഥികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പുരോഗതിയുണ്ടാകും. നിങ്ങളുടെ ജനന സമയം ശരിയായി പരിശോധിച്ച് ഉചിതമായ താന്ത്രികാനുഷ്ഠാനങ്ങള്‍ ചെയ്താല്‍ രാജയോഗത്തിന് പൂര്‍ണ്ണത വരുന്നതാണ്. മറ്റു വിശ്വാസികള്‍ പത്മരാഗക്കല്ല് ധരിക്കുക.

തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾)

പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ കാണുന്നു. പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകും. ആവാസസ്ഥാനം മാറുന്നതാണ്. കര്‍മ്മരംഗത്ത് പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തും. പങ്കാളിത്ത ബിസിനസ്സുകള്‍ തുടങ്ങുവാന്‍ സാധ്യത. നൂതന ഗൃഹവും ഗൃഹോപകരണങ്ങളും നേടിയെടുക്കും. സംഘടനയുടെ നേതൃസ്ഥാനത്തു വരുന്നതിനു സാധ്യത. വിവാഹാദി കാര്യങ്ങളില്‍ തീരുമാനമാകും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കലാരംഗത്തുള്ളവര്‍ക്ക് വലിയ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവിനു കാരണമായേക്കാവുന്ന ഒരു കൂടിക്കാഴ്ച അടുത്തുതന്നെ സംഭവിച്ചേക്കാം. രാശിവീഥിയില്‍ അസുലഭമായ ഒരു രാജയോഗകലയാണ് കാണുന്നത്. അതിനാല്‍ ശരിയായി രാശിചിന്ത ചെയ്ത് അനുയോജ്യമായ കര്‍മ്മങ്ങള്‍ ചെയ്താല്‍ വളരെ ഗുണമുണ്ടാകുന്നതാണ്. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന ചെയ്യുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പൊതുവെ കാര്യതടസ്സവും മറ്റു പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. അവിചാരിതമായ ധനനഷ്ടങ്ങളോ അസുഖങ്ങളോ ഉണ്ടാകാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ കരുതലെടുക്കുക. ചില പ്രത്യേക സാഹചര്യങ്ങളാല്‍ കുടുംബത്തില്‍ നിന്നും മാറിത്താമസിക്കേണ്ടി വരാം. വിനയം, ക്ഷാമകാലത്തുള്ള കരുതല്‍, നന്നായി ആലോചിച്ചുമാത്രം ഓരോ വിഷയവും കൈകാര്യം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളുടെ ശ്രദ്ധ കൊണ്ട് പ്രതിസന്ധികള്‍ ഒഴിവാകും. നിങ്ങളുടെ നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു സാന്നിധ്യ സ്ഥിതി കാണുന്നുണ്ട്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ സംഭാഷണത്തില്‍ വളരെ ആത്മനിയന്ത്രണം ശീലിക്കേണ്ടത് ആവശ്യമാണ്. അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനു ബുദ്ധിയുണ്ടായാല്‍ അനിഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനു പറ്റും. സമഗ്രമായ രാശിചിന്ത ചെയ്ത് അതനുസരിച്ചുള്ള അതീന്ദ്രി പ്രതിവിധി കള്‍ ചെയ്യേണ്ടതാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)

വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി പുരോഗതി നേടുന്നതിനു സാധിക്കും. അഭിപ്രായ സമന്വയത്തോടുകൂടിയ പ്രവര്‍ത്തികള്‍ വളരെ ഗുണം ചെയ്യും യുക്തിപൂര്‍വ്വമായ നീക്കത്തിലൂടെ വിപരീത സാഹചര്യങ്ങളെ തരണം ചെയ്യും. തൊഴില്‍രംഗത്ത് മറ്റുള്ളവരുടെ സഹായസഹകരണത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. നിലവിലുള്ള ഗൃഹം വില്‍പ്പന നടത്തി, കൂടുതല്‍ സൗകര്യമുള്ള പുതിയ ഗൃഹം വാങ്ങുവാന്‍ കഴിയും. ക്രിയാത്മകമായ നടപടികള്‍ കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ നേടും. നേതൃസ്ഥാനത്ത് എത്തിച്ചേരും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ പുരോഗതിയുണ്ടാകും. നിങ്ങളുടെ രാശിചിന്ത ശരിയായി നിലയില്‍ നടത്തി ആവശ്യമായ തന്ത്രയോഗാനുഷ്ഠാനങ്ങള്‍ നടത്തുന്നത് സര്‍വ്വകാര്യസിദ്ധി നല്‍കുന്നതാണ്. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രതിവിധികള്‍ ശ്രദ്ധിച്ചു ചെയ്യുക.

മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കര്‍മ്മരംഗത്ത് പലവിധ തടസ്സങ്ങള്‍ കാണുന്നു. അപ്രതീക്ഷിതമായ മാറ്റങ്ങള്‍ പലതും ഉണ്ടായേക്കാം. പുതിയ വ്യാപാര കാര്യങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ഇതില്‍ വിഗദ്ധോപദേശം ആവശ്യമായി കാണുന്നു. ജീവിതത്തത്തില്‍ അനുകൂലമായ മാറ്റങ്ങളുടെ കാലഘട്ടം അടുത്തുവരുന്നു. അനാവശ്യകാരണങ്ങളാല്‍ മനസ്സു വിഷമിക്കുന്നതിനിടയാകും. രോഗദുരിതങ്ങള്‍ അവിചാരിതമായി വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ഗൃഹാരൂഢ മണ്ഡലത്തില്‍ തികച്ചും ദോഷകരമായ ഒരു സാന്നിധ്യം കാണുന്നു. ഇത് ശരിയായി അറിഞ്ഞ് പ്രതിവിധി ചെയ്യേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്ക് വളരെ ആലോചിച്ച് തന്നെ എല്ലം മുമ്പോട്ടു നീക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തോല്‍വി ഉണ്ടാകാം. ശരിയായി ഗ്രഹനില പരിശോധിച്ച് ഉചിതമായ കര്‍മ്മങ്ങള്‍ ചെയ്യുക.

കുംഭക്കൂറ് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ആലോചനയോടെ തിരഞ്ഞെടുത്ത മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങും. വിനയം, ക്ഷമ, കാര്യഗ്രഹണശേഷി, പ്രാപ്തി ഇവകളാല്‍ പ്രതികൂലാവസ്ഥകളെ തരണം ചെയ്യുന്നതിനു സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ദീര്‍ഘകാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സഫലമായിത്തീരുന്നതാണ്. കുടുംബസമേതം വിനോദയാത്രകള്‍ പുറപ്പെടുന്നതിനു സാധ്യത. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുന്നതിന് അവസരമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ക്ക് കാരണമായേക്കാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിചിന്ത ശരിയായി ചെയ്ത് അതിനനുസരിച്ചുള്ള ഉചിതമായ തന്ത്രയോഗാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചാല്‍ സര്‍വ്വകാര്യവിജയം സുനിശ്ചിതമാകുന്നു.

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

പൊതുവെ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍രംഗത്ത് അനുകൂലമായ പല സംഗതികളും വന്നു ചേരും. പുതിയ മേഖലകളില്‍ പ്രവേശിക്കുന്നതിനുശ്രമിക്കും. അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള അവസരമുണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണത്തിനു തുടക്കം കുറിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ നാട്ടില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതാണ്. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വമായ അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കുന്നതായി കാണുന്നു. അവിചാരിതമായ ശാരീരിക അസ്വസ്ഥതകള്‍ക്കു സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക. ധനമിടപാടുകള്‍ നടത്തുമ്പോള്‍ വളരെ സൂക്ഷ്മത പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടു പോകുവാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ പരിപൂര്‍ണ്ണമായ രാശി ചിന്തചെയ്ത് അതിനനുസരിച്ചുള്ള ശക്തമായ തന്ത്രയോഗ അനുഷ്ഠാനങ്ങള്‍ ചെയ്താല്‍ സര്‍വ്വകാര്യവിജയമാണ് ഇനിയുള്ള കാലത്ത് വരാന്‍ പോകുന്നത്. മറ്റു വിശ്വാസികള്‍ക്ക് അപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍ ചെയ്യാം. Share this News Now:
  • Google+
Like(s): 418