20 April, 2018 09:18:36 PM


ഗര്‍ഭം ധരിക്കാന്‍ ഗര്‍ഭപാത്രം ഇനി വാടകയ്ക്ക് വേണ്ട!

കേരളത്തില്‍ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി
കൊച്ചി: കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഏറെ സന്തോഷകരമായ ഒരു വാര്‍ത്തയാണ് എറണാകുളം അമൃതാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അമൃതാ ഫെര്‍ട്ടിലിറ്റി സെന്‍റര്‍ നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അമൃതാ ഫെര്‍ട്ടിലിറ്റി സെന്‍ററിന് അനുമതി ലഭിച്ചു. ഒട്ടേറെ ചികിത്സകള്‍ നടത്തി ഫലിക്കാതെ വരുന്ന ദമ്പതികളുടെ അവസാനത്തെ ആശ്രയമാണ് ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുക എന്നത്. എന്നാല്‍ മറ്റൊരാളുടെ ഗര്‍ഭപാത്രം സ്വശരീരത്തില്‍ ഘടിപ്പിക്കാനാവുന്നതോടെ സ്വന്തം വയറ്റില്‍, രക്തത്തില്‍ വളരുന്ന കുഞ്ഞിനോടുള്ള ദൃഡമായ ഒരു ബന്ധത്തിന് വഴിയൊരുങ്ങുകയാണ് ചെയ്യുന്നത്. 

ജീവിച്ചിരിക്കുന്നവരില്‍ നിന്നോ മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നോ ഗര്‍ഭപാത്രം സ്വീകരിക്കാം. ഗര്‍ഭപാത്രം ഇല്ലാത്തവര്‍ക്കും തകരാറുള്ളവര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. അമൃതയൊടൊപ്പം കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയായ സണ്‍റൈസിനും ഈ ചികിത്സയ്ക്കുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അമൃത ആശുപത്രിക്ക് ഡിസംബറിലും സണ്‍റൈസ് ആശുപത്രിക്ക് ജനുവരിയിലുമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്. 

ജീവിച്ചിരിക്കുന്നവരില്‍ നിന്നും മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിക്കാന്‍ കഴിയുമെങ്കിലും ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവമാറ്റത്തിനാണ് വിജയസാധ്യത കൂടുതലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മിക്കമാറും ശസ്ത്രക്രിയകളില്‍ അമ്മമാരാണ് മക്കള്‍ക്ക് ഗര്‍ഭപാത്രം ദാനം ചെയ്യാറുള്ളത്. ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായി കഴിഞ്ഞാല്‍ വേണമെങ്കില്‍ ഗര്‍ഭപാത്രം മാറ്റാനും സാധിക്കും.

2012 ലാണ് ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയില്‍ത്തന്നെ അപൂര്‍വ്വം ആശുപത്രികളില്‍ മാത്രമാണ് ഇത്തരം സൗകര്യം ഉള്ളത്.  2017 ലാണ് ആദ്യമായി ഇന്ത്യയില്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. പൂനെ ആശുപത്രിയില്‍ ഒരേ ദിവസം രണ്ട് പേര്‍ക്കാണ് ശസ്ത്രക്രീയ ചെയ്തത്. ഇരുപത്തൊന്നു വയസുകാരിയായ മകള്‍ക്ക് അമ്മയുടെ ഗര്‍ഭപാത്രമാണ് മാറ്റിവച്ചതായിരുന്നു ഇതിലൊന്ന്. ഇന്ത്യയില്‍ ഇതുവരെ മൂന്ന് പേരില്‍ ശസ്ത്രക്രീയ വിജയകരമായി നടന്നിരുന്നു. മറ്റ് അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രീയകള്‍ കേരളത്തില്‍ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും ഗര്‍ഭാശയം മാറ്റിവെയ്ക്കലിന് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ഇതിനായി ചെലവുണ്ടെന്നാണ് കണക്കാക്കുന്നത്.കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്ന് ഫെര്‍ട്ടിലിറ്റി സെന്‍ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ആയ ഡോ.ടി.ഫെസി ലൂയിസ്  അഭിപ്രായപ്പെടുന്നു. ഗര്‍ഭപാത്രം മാറ്റിവെയ്ക്കലിനെ പറ്റി അദ്ദേഹം പറയുന്നതിങ്ങനെ. 

ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തുന്നത് കുട്ടികളില്ലാത്ത സ്ത്രീകളില്‍ മാത്രമാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിക്കേണ്ട അവസ്ഥ ഇല്ലാതാവുമെന്നതാണ് ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ ചെയ്യുന്നതിന്‍റെ ഏറ്റവും വലിയ  ഗുണം. ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണ്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റവും അടുത്ത് രക്തബന്ധമുള്ളവരുടെ ഗര്‍ഭപാത്രം മാത്രമേ വാടകയ്ക്കെടുക്കാന്‍ സാധിക്കൂ എന്ന നില വരും. ഈ സാഹചര്യത്തിലാണ് ഗര്‍ഭപാത്രശസ്ത്രക്രീയയിലൂടെ സ്വശരീരത്തില്‍ ഗര്‍ഭം ധരിക്കുക എന്ന ആധുനിക ചികിത്സാരീതിയ്ക്ക് പ്രസക്തിയേറുന്നത്.  മറ്റേതൊരു അവയവമാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്കുള്ള പോലെയുള്ള കരുതലുകള്‍ ഇവിടെയും ആവശ്യമാണ്. 

ഗര്‍ഭപാത്രം കേടുവന്നവര്‍ക്കും ജന്മനാ ഇല്ലാതെ വന്നവര്‍ക്കുമാണ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ പ്രധാനമായും വേണ്ടിവരിക. ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തി കുറഞ്ഞത് ഒരു വര്‍ഷത്തിന് ശേഷമേ ഗര്‍ഭം ധരിക്കലിന് ഒരുങ്ങാനാവൂ. ശസ്ത്രക്രീയയ്ക്കു മുമ്പേ ടെസ്റ്റ് ട്യൂബ് ചികിത്സ നടത്തി അണ്ഡവും പുരുഷബീജവും ശേഖരിച്ച് ഭ്രൂണം (Embryo) ചെയ്ത് സൂക്ഷിക്കും. അതിന് ശേഷമേ ഗര്‍ഭമാത്രം മാറ്റി വെയ്ക്കുകയുള്ളു. ഗര്‍ഭപാത്രം മാറ്റിവെച്ച് ഒരു വര്‍ഷം കാത്തിരിക്കണം അടുത്ത ചികിത്സയിലേക്ക് കടക്കാന്‍. ഈ കാലയളവില്‍ രക്തസ്രാവം തുടരുകയും ശരീരം പുതിയ ഗര്‍ഭപാത്രത്തെ നിരസിക്കാതെ രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്തിരിക്കണം. ഇതിന് ശേഷമാണ് നേരത്തെ എടുത്ത് തണുപ്പിച്ച് സൂക്ഷിച്ച് വെച്ചിരിക്കുന്ന ഭ്രൂണം പുതിയ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക. 

പൂര്‍ണ്ണവളര്‍ച്ചയെത്തുന്ന കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുത്ത ശേഷം ഈ ഗര്‍ഭപാത്രം എടുത്ത് കളയുന്നതാണ് നല്ലത്. ഒന്നോ രണ്ടോ കുട്ടികള്‍ ആകുന്ന വരെ ഈ ഗര്‍ഭപാത്രം ഉപയോഗിക്കാം. ഗര്‍ഭപാത്രം മാറ്റി വെക്കുന്നതു മുതല്‍ ശരീരം നിരസിക്കാതിരിക്കുന്നതിനും രോഗപ്രതിരോധത്തിനുമുള്ള മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണം. പ്രസവത്തിനു ശേഷവും ഗര്‍ഭപാത്രം മാറ്റുന്നില്ലെങ്കില്‍ ഈ മരുന്നുകള്‍ തുടരേണ്ടി വരികയും അത് ചിലരില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തേക്കാം. അതുകൊണ്ടു തന്നെയാണ് പ്രസവം കഴിഞ്ഞാല്‍ ഈ ഗര്‍ഭപാത്രം എടുത്ത് കളയുന്നത്. ജന്മനാ ഇല്ലാത്തവര്‍ക്കാണ് ഗര്‍ഭപാത്രം പ്രധാനമായും വെച്ചു പിടിപ്പിക്കുക. കേടുവന്നവര്‍ക്കാണെങ്കില്‍ നിലവിലുള്ളത് മാറ്റാതെ അതിനു മുകളില്‍ പിടിപ്പിക്കാം. എന്നിരുന്നാലും ഇത്തരക്കാരില്‍ മാറ്റിവെയ്ക്കുന്നതു തന്നെയാണ് ഏറെ നല്ലത്. 

സര്‍ജറി, ഗൈനക്കോളജി, ഐവിഎഫ് കണ്‍സ‍ള്‍ട്ടന്‍റ് തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ ഒരു സംയുക്തടീം വേണമെന്നു മാത്രമല്ല തുടര്‍ചികിത്സക്കുള്ള സാഹചര്യവും ശസ്ത്രക്രീയ ചെയ്യുന്ന ആശുപത്രിയില്‍ ഉണ്ടായിരിക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവയവമാറ്റ ശസ്ത്രക്രീയകള്‍ നടത്തിയ അമൃതാ ആശുപത്രിയില്‍ ഇതിനുള്ള സാഹചര്യങ്ങള്‍ നിലവില്‍ ഉണ്ട്. 


Share this News Now:
  • Google+
Like(s): 734