12 May, 2018 04:33:50 PM


എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സമിതി പിരിച്ചു വിടണമെന്ന് വൈദികര്‍

സമിതി പിരിച്ചു വിടണമെന്ന് സിനഡിന് വൈദികര്‍ പരാതി നല്‍കി




കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സമിതി പിരിച്ചു വിടണമെന്ന് വൈദികര്‍. സമിതി പിരിച്ചു വിടണമെന്ന് സിനഡിന് വൈദികര്‍ പരാതി നല്‍കി. വൈദിക സമിതി ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും, കോട്ടപ്പടിയിലെ ഭൂമി വിറ്റ് അതിരൂപതയുടെ കടം വീട്ടണമെന്നുമാണ് വൈദികര്‍ പറയുന്നത്.


വൈദിക സമിതിയുടെ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും, ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നുമാരോപിച്ചാണ് വൈദികര്‍ സിനഡിന് പരാതി നല്‍കിയിരിക്കുന്നത്. ചുമതലപെടുത്താത്ത കാര്യങ്ങളിലുള്‍പ്പെടെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകള്‍ നടത്തുകയും വൈദിക സമിതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന് സമിതിയുടെ മുഴുവന്‍ പിന്തുണയില്ലെന്നും പരാതിയില്‍ പറയുന്നു.


എറണാകുളം-അങ്കമാലി അതിരൂപതയെ പ്രതിസന്ധിയിലാക്കിയ ഭൂമി ഇടപാട് സംബന്ധിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്. അതിരൂപതയുടെ കടം വീട്ടുന്നതിനായി എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭവന ചെയ്യണമെന്ന് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചിരുന്നു. ഈ നിര്‍ദേശം ഭൂമി ഇടപാട് പ്രശ്‌നം ഒരിക്കലും അവസാനിക്കാതിരിക്കാനും അതുവഴി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.


ഭൂമി ഇടപാടിനെ തുടര്‍ന്ന് ഇടനിലക്കാരനായി സാജു വര്‍ഗീസ് കോടികളാണ് സഭയ്ക്ക് നല്‍കാനുള്ളത്. ഇത് ലഭിക്കാതെ വന്നപ്പോള്‍ സാജുവിന്റെ പേരില്‍ കോട്ടപ്പടിയിലുള്ള ഭൂമി സഭ ഇടായി വാങ്ങിയിരുന്നു. ഉടന്‍ തന്നെ ഈ ഭൂമി വിറ്റ് സഭയുടെ കടങ്ങള്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മുതിര്‍ന്ന വൈദികര്‍ സിനഡിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.


ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും ഇനി സഭ ഒരുമയോടെ മുന്നോട്ട് നീങ്ങണമെന്നും ഈസ്റ്റര്‍ ദിനസന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയെ തള്ളുന്നതാണ് വൈദിക സമിതിക്കെതിരേ വന്നിരിക്കുന്ന പരാതി.




Share this News Now:
  • Google+
Like(s): 208