13 May, 2018 08:46:15 AM


തീയറ്ററിനുള്ളിലെ ബാലപീഡനം: എസ്‌ഐയ്‌ക്കെതിരേയും പോക്‌സോ

പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍, നടപടികള്‍‌ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം




മലപ്പുറം: എടപ്പാളില്‍ തീയറ്ററിനുള്ളില്‍ പത്തുവയസുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടികാണിച്ച ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് കേസെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ, കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുത്ത അമ്മയ്ക്കും പ്രതി മൊയ്തീനും എതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നേരത്തെ എസ്‌ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ്പി സസ്‌പെന്‍റ് ചെയ്തിരിന്നു.

അമ്മയെ പോലീസ് അറസ്റ്റു ചെയ്തു


പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അമ്മയും ഒപ്പമുണ്ടായിരുന്നെന്നാണ് വിവരം. പീഡനത്തിന് ഒത്താശ ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസിൽ പ്രതിചേർത്തത്.


നേരത്തെ, പീഡനത്തിന് ഇരയായ പെൺകുട്ടിയെ മഞ്ചേരിയിലെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൊയ്‌തീൻകുട്ടിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും. ഇയാളെ സംഭവം നടന്ന എടപ്പാളിലെ തിയറ്ററിലെത്തിച്ച് ഇന്നുതന്നെ തെളിവെടുക്കാനാണ് തീരുമാനം.


പോലീസുകാരും കുറ്റക്കാരെന്ന് വി.എം.സുധീരൻ


തിരുവനന്തപുരം: എടപ്പാളിൽ പത്തുവയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പരാതി കിട്ടിയിട്ടും ദിവസങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കുറ്റവാളികളാണെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരൻ. ഒരു സബ് ഇൻസ്പെക്ടറുടെ പേരിലുള്ള നടപടി മാത്രം പോരെന്നും കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിലൂടെ അതിഗുരുതരമായ കൃത്യവിലോപം നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. 

തങ്ങളുടെ വീഴ്ചകൾ പുറത്തുകൊണ്ടുവരുന്നവരെ ക്രൂശിക്കാൻ ശ്രമിക്കുന്ന ഇത്തരം ശൈലി പോലീസിന് കൂടുതൽ നാണക്കേട് ഉണ്ടാക്കുകയേയുള്ളൂവെന്നും നമ്മുടെ പോലീസ് സംവിധാനത്തിന് എന്തുപറ്റി എന്ന ചോദ്യം നാടാകെ ഉയർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Share this News Now:
  • Google+
Like(s): 530