19 May, 2018 08:08:55 PM


വടക്കഞ്ചേരിയ്ക്ക് സമീപം ദേശീയ പാതയില്‍ അപകടം: എട്ട് പേര്‍ക്ക് പരിക്ക്

നാട്ടുകാര്‍ റോഡ് ഉപരോധിച്ചു; ഗതാഗതം സ്തംഭിച്ചു



വടക്കഞ്ചേരി: ആലത്തൂരിനും വടക്കഞ്ചേരിയ്ക്കും മധ്യേ ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം ബസ് സ്റ്റോപ്പില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശനിയാഴ്ച വൈകിട്ട് 7.15 മണിയോടെയായിരുന്നു അപകടം. പാലക്കാട് നിന്നും തൃശൂരിലേയ്ക്ക് പോകുകയായിരുന്ന ബസിന്‍റെ പിന്നില്‍ ഇതേ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ദേശീയപാതയിലൂടെ കടന്നുപോകുന്ന ബസുകള്‍ തൊട്ടുചേര്‍ന്നുള്ള സര്‍വ്വീസ് റോഡില്‍ കയറി യാത്രക്കാരെ കയറ്റിയിറക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയതാണ് അപകടത്തിന് കാരണമായത്. അതിവേഗതയിലായിരുന്ന ബസ് ട്രാഫിക് നിയമം തെറ്റിച്ച് സഡന്‍ ബ്രേക്ക് ചെയ്തതോടെ കാര്‍ ശക്തിയില്‍ ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാര്‍ക്കും ബസിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്തവര്‍ക്കുമാണ് പരിക്കേറ്റത്.


സ്വകാര്യബസുകളുടെ അനിയന്ത്രിതമായ ഓട്ടം ഈ മേഖലയില്‍ ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിവെച്ചു. കാല്‍നടയാത്രക്കാര്‍ ജീവന്‍ പണയം വെച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. അധികൃതര്‍ മൗനം പാലിക്കുന്നതാണ് അപകടങ്ങളുടെ എണ്ണം പെരുകുന്നതെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇതോടെ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. തൊട്ടടുത്ത വടക്കഞ്ചേരി ടൗണിലും  ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഭാവിയില്‍ സര്‍വ്വീസ് റോഡിലൂടെ മാത്രമേ ബസുകള്‍ കടത്തിവിടൂ എന്ന് സ്ഥലത്തെത്തിയ വടക്കഞ്ചേരി പോലീസ് ഉറപ്പു നല്‍കിയ ശേഷമാണ് നാട്ടുകാര്‍ വാഹനങ്ങള്‍ കടത്തിവിട്ടത്.



Share this News Now:
  • Google+
Like(s): 141