22 May, 2018 12:19:21 AM


നിപാ വൈറസ്: ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം

രോഗലക്ഷണങ്ങളുണ്ടായാല്‍ വിദഗ്ദ്ധ ചികിത്സ തേടണം




കോട്ടയം: കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ നിപാ വൈറസ് മൂലമുളള പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ വ്യക്തി സുരക്ഷ നടപടികള്‍ കൃത്യമായി പാലിക്കണം. രോഗിയുടെ വിസര്‍ജ്ജ്യങ്ങളുമായി സമ്പര്‍ക്കമുണ്ടായാല്‍ അണുനാശിനിയോ സോപ്പുലായനിയോ ഉപയോഗിച്ച് കൈകള്‍ 20 സെക്കന്റ് നന്നായി കഴുകണം. ഉപകരണങ്ങള്‍ ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിച്ച് അണുനശീകരണം നടത്തണം. പരിശോധനയ്ക്കായി രോഗിയുടെ രക്തം, വിസര്‍ജ്ജ്യങ്ങള്‍ എന്നിവ ശേഖരിക്കുമ്പോള്‍ സാര്‍വ്വത്രിക മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഡ്യൂട്ടി സമയത്തിന് ശേഷം വസ്ത്രം മാറി കുളിക്കണം.

പനി ലക്ഷണങ്ങളുണ്ടായാല്‍ വിദഗ്ദ്ധ ചികിത്സ തേടണം. പൊതുജനങ്ങള്‍ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്ന് വച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് കുടിക്കുന്നത് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കരുത്. വവ്വാലുകളുടെ കാഷ്ഠം പുരളാന്‍ സാധ്യതയുളള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്,  മരത്തില്‍ കയറരുത്. പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദ്ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍, തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ ഡോക്ടറെ സമീപിച്ച് വിദഗ്ദ്ധ ചികിത്സ തേടണം. ചുമയക്കുമ്പോഴും തുമ്മുമ്പോഴും ടവല്‍/തോര്‍ത്ത് കൊണ്ട് വായ് മൂടണം.



Share this News Now:
  • Google+
Like(s): 190