24 May, 2018 02:10:12 AM


സി. കേശവന്‍ സ്മാരക പോസ്റ്റേജ് സ്റ്റാമ്പ് ഗവര്‍ണര്‍ പി. സദാശിവം പുറത്തിറക്കി

കേശവന്‍റെ പോരാട്ടങ്ങള്‍ കേരളത്തിന്‍റെ രാഷ്ട്രീയ മേഖലയ്ക്ക് ഉണര്‍വായി




തിരുവനന്തപുരം: സി. കേശവന്‍ സ്മാരക പോസ്റ്റേജ് സ്റ്റാമ്പിന്റെ പ്രകാശനം ഗവര്‍ണര്‍ പി. സദാശിവം നിര്‍വ്വഹിച്ചു. അനീതിക്കും അസമത്വത്തിനുമെതിരെയായ സന്ധിയില്ലാ പോരാട്ടമാണ് സി. കേശവനെ വ്യത്യസ്തനാക്കുന്നതെന്ന് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും താന്‍ വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ സി. കേശവനായി. അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത വിപ്ലവകരമായ പോരാട്ടങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയമേഖലയ്ക്ക് ഉണര്‍വായിയെന്നും ഗവര്‍ണര്‍ പറ‍ഞ്ഞു.


ശ്രീനാരായണ ഗുരുവിന്റെയും കാറല്‍ മാര്‍ക്സിന്റെയും ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. നവോത്ഥാന നായകനായ സി. കേശവനുള്ള അര്‍ഹിക്കുന്ന ആദരവാണ് സ്റ്റാമ്പ്. തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി കേരളം പരിഷ്‌കരിച്ച ഈ സമയത്ത് 1951ല്‍ കുറഞ്ഞ കൂലി നിശ്ചയിച്ച സി. കേശവനെ ആദരിക്കുന്നത് ഏറ്റവും പ്രസക്തമാണ്. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ കുറഞ്ഞ കൂലി പരിഷ്‌കരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനാര്‍ഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 
 
ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. യുക്തിചിന്തയിലൂന്നിയ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു സി. കേശവനെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രത്യേക പ്രഭാഷണം നടത്തി. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത്,  ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, സി. കേശവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഹാഷിം രാജന്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പാണ് സി. കേശവന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.



Share this News Now:
  • Google+
Like(s): 103