26 May, 2018 11:42:48 PM


വീഡിയോകോണ്‍ വായ്പാ തട്ടിപ്പ്: ചന്ദാ കൊച്ചാറിന് സെബിയുടെ നോട്ടീസ്

ഐ.സി.ഐ.സി.ഐ. ബാങ്കിനും നോട്ടീസ് നല്‍കിയിട്ടുണ്ട്


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ.യുടെ മാനേജിങ് ഡയറക്ടര്‍ ചന്ദാ കൊച്ചാറിന് വീഡിയോകോണുമായുള്ള വായ്പാ ഇടപാടിന്റെ പേരില്‍ ഓഹരി വിപണി റെഗുലേറ്ററി ബോര്‍ഡായ 'സെബി'യുടെ നോട്ടീസ്. ചന്ദാ കൊച്ചാറിന് പുറമെ ഐ.സി.ഐ.സി.ഐ. ബാങ്കിനും സെബി നോട്ടീസ് നല്‍കിയിട്ടുണ്ട്. 


വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് വഴിവിട്ട് 3,250 കോടി രൂപയുടെ വായ്പ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. 2008 ഡിസംബറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന് 'നുപവര്‍ റിന്യൂവബിള്‍സ്' എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനിയുണ്ടാക്കി. ഇതില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമായിരുന്നു. 


2012-ല്‍ ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണ്‍ 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി രൂപ നല്‍കിയത് ഐ.സി.ഐ.സി.ഐ. ബാങ്കായിരുന്നു. ഈ വായ്പാ ഇടപാട് നടന്ന് ആറു മാസങ്ങള്‍ക്കു ശേഷം നുപവര്‍ റിന്യൂവബിള്‍സില്‍ ദീപക് കൊച്ചാറിന് ഭൂരിപക്ഷം ഓഹരികളായി. ഈ ഇടപാടാണ് ഇപ്പോള്‍ അന്വേഷണ വിധേയമായിരിക്കുന്നത്. എന്നാല്‍, ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചന്ദാ കൊച്ചാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 


കേസ് സി.ബി.ഐ. അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് സെബിയുടെ ഭാഗത്തുനിന്നുള്ള നടപടി. നോട്ടീസിന് നിയമവിധേയമായി മറുപടി നല്‍കണമെന്ന് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കും അതിന്റെ മേധാവി ചന്ദാ കൊച്ചാറും പ്രത്യേകം മറുപടി നല്‍കേണ്ടിവരും.





Share this News Now:
  • Google+
Like(s): 191