24 February, 2016 12:40:05 AM


കൂരമ്പാല ഭഗവതി ക്ഷേത്രത്തില്‍ അടവി മഹോത്സവം ; ചൂരല്‍ ഉരുളിച്ച 26ന്


പന്തളം : കൂരമ്പാല പുത്തന്‍ കാവ് ഭഗവതി്കഷേത്രത്തില്‍ അടവി മഹോത്സവത്തിന് തുടക്കമായി. ഫെബ്രുവരി 18ന് ആരംഭിച്ച ഉത്സവം മാര്‍ച്ച് 1 വരെ നീളും. പ്രസിദ്ധമായ ചൂരല്‍ ഉരുളിച്ച ഫെബ്രുവരി 26നാണ്.

അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന അടവിമഹോൽസവത്തിനായി നാടും നാട്ടാരും ചൂരൽക്കാവുകളുമൊരുങ്ങി. ദ്രാവിഡ ആചാര വഴക്കങ്ങളുടെ അറ്റുപോവാത്ത നാവാണ് കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ ആചാരവഴക്കങ്ങൾ. പതിമൂന്നു ദിവസം നീളുന്ന പടയണിയുടെ ഒൻപതാം ദിവസമാണ് ചൂരൽ ഉരുളിച്ച. കാവുകളിൽ നിന്ന് വേരോടെ പിഴുതെടുക്കുന്ന കൂർത്ത മുള്ളുകൾ നിറഞ്ഞ ചൂരലിൽ വീണുരുണ്ട് ജീവരക്തം കാളിക്കു സമർപ്പിക്കുന്ന നരബലി സമാനമായ ചടങ്ങാണ് കുരമ്പാലയിലെ അടവിമഹോൽസവത്തിലെ ചൂരൽ ഉരുളിച്ച.


കളമെഴുത്തും പാട്ടുമാണ് പടയണിയുടെ ആദ്യ ചടങ്ങ്. മകരഭരണിക്ക് തൊട്ടുമുൻപുള്ള വെള്ളിയാഴ്ചയാണ് കളമെഴുത്ത്. പഞ്ചവർണപ്പൊടികളുപയോഗിച്ച് ദാരികവധാനന്തരം കൈലാസത്തിലേക്ക് വരുന്ന കാളിയുടെ രൂപമാണ് വരയ്ക്കുക. രാത്രിയിലെ കുരുതിയും ക്ഷേത്രവെളിച്ചപ്പാടിന്റെ ആഴി അഴിക്കലും കഴിഞ്ഞാൽ പുലർച്ചെ ഭദ്രകാളിക്കളം മായ്ക്കും. കളം വരയ്ക്കാനുപയോഗിച്ച കളപ്പൊടി സൂക്ഷിച്ചു വയ്ക്കും. ഇതാണ് അടവിദിനത്തിൽ ചൂരലുരുളാൻ വ്രതമെടുത്ത ഭക്തർക്കുള്ള പ്രസാദം.


മകരഭരണിനാൾ ദേവി നാട് കാണാനിറങ്ങും. ഭക്തരുടെ ഇല്ലായ്മയും വല്ലായ്മയും കണ്ട് അനുഗ്രഹിച്ച് മനംതെളിഞ്ഞ് തിരിച്ചെഴുന്നെള്ളുന്നതോടെയാണ് പടയണിക്ക് ചൂട്ടു വയ്ക്കുക. ക്ഷേത്രശ്രീകോവിലിൽ നിന്ന് കൊളുത്തുന്ന ചൂട്ട് ഊരാഴ്മക്കാരന് കൈമാറും. തുടർന്ന് വീക്കൻ ചെണ്ടയുടെ അകമ്പടിയോടെ കാവ് ചുറ്റി കൂവിവിളിക്കും. അന്ന് കൊളുത്തിയ ചൂട്ടിതെ തീ തുള്ളിയൊഴിക്കൽ വരെ കെടാതെ കാക്കും. 

പത്ത് ദിവസം ചൂട്ടുവച്ച് പിശാചിനെ ഉണർത്തിണ് പടയണി തുടങ്ങുക. മറ്റ് കരകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് കുരമ്പാല പടയണിയുടെ ചടങ്ങുകളും അവതരണവും. രാത്രി ഏഴരനാഴിക ഇരുട്ടി തപ്പുമേളത്തോടെ തുടങ്ങും. പിന്നെ കുരമ്പാലയുടെ തനത് മേളസമ്പ്രദായമായ വല്യമേളം. വല്യമേളത്തിന്റെ കലാശത്തിനൊടുവിൽ ജനങ്ങൾ മരച്ചില്ലകളുമായി ക്ഷേത്രത്തിനുമുന്നിലെത്തി തുള്ളിയാർക്കുന്ന തൂപ്പു കാപ്പൊലി. കാപ്പൊലി കഴിഞ്ഞാൽ താവടി തുള്ളൽ. താവടിയെ അപഹസിക്കുന്ന പന്നത്താവടിയും  ഒപ്പമുണ്ടാകും. കുരമ്പാലയുടെ മാത്രം സവിശേഷതയാണ് പന്നത്താവടിയും. താവടികഴിഞ്ഞാൽ പടയണി വിനോദരൂപമായ വെളിച്ചപ്പാട്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടിന്റെ ഹാസ്യരൂപമാണ് അവതരിപ്പിക്കുന്നത്. 


വെളിച്ചപ്പാട് കഴിഞ്ഞാൽ പരദേശി. കുരമ്പാലയിൽ ഒന്നാം ദിവസം ഒരു വെള്ളപ്പരദേശി വരും. രണ്ടാം ദിവസം രണ്ട് ചുവന്ന പരദേശി, മൂന്നാം ദിവസം മൂനനനുപേർ നാലാം ദിനം മുതൽ നാലുപേർ എന്നാണ് കണക്ക് .പരദേശി കഴിഞ്ഞാൽ പലതരം വിനോദ രൂപങ്ങളുടെ വരവായി. പടയണിയിലെ വിനോദരൂപങ്ങൾ നശിക്കാതെ പൂർണതോതിൽ നിലകൊള്ളുന്ന ഏക പടയണിക്കര കൂടിയാണ് കുരമ്പാല. വിനോദ രൂപങ്ങൾക്കൊടുവിൽ കുരമ്പാലയുടെ തനത് സമ്പ്രദായ വെള്ളയുംകരിയും കോലമാണ് ഒന്നാം ദിനം ആടിയത്. രണ്ടാം ദിവസം ഗണപതിയും ഗണപതി പിശാചും, മൂന്നാംദിവസം വസൂരി ദേവതയായ മറുതയും കളത്തിലെത്തി. നാലാംദിവസം മുതൽ കന്നുകാലികളുടെ സംരക്ഷനായ മാടൻ കോലങ്ങളാണ്. നാലാം ദിവസം വടിമാടനും തൊപ്പിമാടനും അഞ്ചാം ദിനമായ തിങ്കളാഴ്ച പുള്ളിമാടന്‍ കോലവും പക്ഷിക്കോലവും തുള്ളിയോഴിഞ്ഞു. ആറാം ദിവസമായ ചൊവ്വാഴ്ച ചെറുമാടനും സുന്ദരയക്ഷിയും ഉറഞ്ഞുതുള്ളി. ഏഴാംദിവസം കുരമ്പാലയുടെ മാത്രം സവിശേഷതയായ 51 പാളയിൽ തീർക്കുന്ന കാലയക്ഷിക്കോലം കളത്തിലെത്തും. എട്ടാം ദിവസം കുതിര തുള്ളൽ.


ഒൻപതാം ദിവസമായ 26ന് രാത്രി 12നാണ് ചൂരൽ ഉരുളിച്ച. നാല്‍പത് കിലോമീറ്റര്‍ അകലെ നിന്നു വരെ ശേഖരിക്കുന്ന മുള്ളുകള്‍ നിറഞ്ഞ വള്ളി ചൂരല്‍ തോളത്തു വെച്ച് വലിച്ചുകൊണ്ട് നടന്നാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുക. 30 മുതല്‍ 40 അടിവരെ നീളമുള്ള ചൂരല്‍ ശരീരത്ത് ചുറ്റിക്കൊണ്ട് ക്ഷേത്രനടയില്‍ തെക്കുനിന്ന് വടക്കോട്ട് ഉരുളുന്ന അത്യന്തം ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വ്രതാനുഷ്ഠാനങ്ങളോടെയാണ്  ഭക്തര്‍ പങ്കെടുക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ പ്രത്യേക ചടങ്ങുകളോടെ അടവി ഉത്സവം ക്ഷേത്രത്തില്‍ നടക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.9K