17 June, 2018 09:12:14 PM


റോമന്‍ ചാരിറ്റി: മാതൃത്വത്തിനും സ്‌നേഹത്തിനും നേര്‍ക്കാഴ്ചയായി ഒരു മുലക്കഥ

കരുതലിന്‍റെയും സ്‌നേഹത്തിന്‍റെയും ബിംബങ്ങളാണ് മുലകള്‍- അനിലൻ നമ്പൂതിരി


ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് അവശനായി ചുറ്റുപാടും നോക്കിക്കൊണ്ട് മുല കുടിക്കുന്ന വൃദ്ധന്‍. അയാള്‍ക്ക് മുല കൊടുക്കുന്ന യുവതിയും പരിഭ്രാന്തയാണ്; അവളുടെ കയ്യിലൊരു കുഞ്ഞുമുണ്ട്. ഒറ്റനോട്ടത്തില്‍ നല്ലതൊന്നും തോന്നിക്കാന്‍ കഴിയാത്ത ഒരു ചിത്രം. നെറ്റി ചുളിച്ച് അയ്യേ എന്ന് പറയാന്‍ തോന്നിയെങ്കില്‍ സാരമില്ല, നമ്മുടെ സംസ്‌കാര-സദാചാര ബോധത്തിന്റെ ഭാഗം മാത്രമാണ് ഈ തോന്നല്‍. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കഥ അറിഞ്ഞാല്‍ നമ്മുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരും.


ഒരു കാലഘട്ടത്തിന്റെ ചരിത്രം വിളിച്ചോതുന്ന, മാതൃത്വത്തിനും സ്‌നേഹത്തിനും പുതിയ മാനം നല്‍കിയ വിഖ്യാതമായ ഒരു സംഭവത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം. യൂറോപ്പിലാണ് ഈ സംഭവം നടന്നത്. റോമന്‍ ചാരിറ്റി എന്നാണ് ഈ പെയിന്റിംഗിനെ യൂറോപ്യന്‍ ജനത വിശേഷിപ്പിക്കുന്നത്. യൂറോപ്പിലെ പ്രശസ്ത ചിത്രകാരനായ ബെര്‍ത്തലോമിയസ് എസ്തബോന്‍ മുരില്ല എന്ന ചിത്രകാരനാണ് വിവാദപരമായ ഈ സംഭവത്തെ പെയിന്റിംഗ് ആക്കി അവതരിപ്പിച്ചത്. മുലകള്‍ എന്ന് പറയുമ്പോള്‍ പോലും ഒച്ച താഴ്ത്തി പറയാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.


നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മുലകള്‍ തീക്ഷ്ണമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നും മുലകളെന്നാല്‍ കരുതലിന്റെയും സ്‌നേഹത്തിന്റെയും കൂടി ബിംബങ്ങളാണെന്ന് കൂടി ഉറപ്പിച്ചു പറയുന്നുണ്ട് ഈ പെയിന്റിംഗ്. ഈ ചിത്രത്തിന് പിന്നിലെ സംഭവകഥ ഇങ്ങനെയാണ്: ഒരിക്കല്‍ യൂറോപ്യന്‍ ഗവണ്‍മെന്റ് സൈമണ്‍ എന്ന വൃദ്ധനെ തടവറയിലാക്കി. പട്ടിണിമരണമാണ് ഈ വൃദ്ധന് ഭരണകൂടം വിധിച്ചത്. ഒരു തുള്ളി വെള്ളം പോലും അയാള്‍ക്ക് അനുവദിക്കപ്പെട്ടില്ല. പെറോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ പേര്. മരിക്കുന്ന ദിവസം വരെ തന്റെ പിതാവിനെ സന്ദര്‍ശിക്കാനുള്ള അനുമതി അധികാരികളില്‍ നിന്നും പെറോ അഭ്യര്‍ത്ഥിച്ചു. അവളുടെ അഭ്യര്‍ത്ഥന അവര്‍ ചെവിക്കൊണ്ടു. അങ്ങനെ എല്ലാ ദിവസവും മകള്‍ അച്ഛനെ കാണാനെത്തി. ഓരോ ദിവസവും ആഹാരമോ വെള്ളമോ കിട്ടാതെ തന്റെ പിതാവ് പട്ടിണിക്കോലമാകുന്നതും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതും ആ മകള്‍ വേദനയോടെ തിരിച്ചറിഞ്ഞു.


പിതാവിനെ സന്ദര്‍ശിക്കാന്‍ അകത്തേയ്ക്ക് കടത്തിവിടുന്നതിന് മുമ്പായി കര്‍ശന പരിശോധനയ്ക്ക് പെറോയെ വിധേയയാക്കിയിരുന്നു. ആഹാരസാധനങ്ങളോ വെള്ളമോ അകത്തേയ്ക്ക് കൊണ്ടുപോകുന്നുണ്ടോ എന്നറിയണ്ടേ? പിതാവിന്റെ അവസ്ഥ പെറോയുടെ മനസ്സു പൊള്ളിച്ചു കൊണ്ടിരുന്നു. ലോകത്തില്‍ ഒരു മകളും ചിന്തിക്കാത്ത തരത്തിലുള്ള ഒരു തീരുമാനത്തിലേക്കാണ് പിന്നീട് പെറോ എത്തിച്ചേര്‍ന്നത്. സ്വന്തം അച്ഛനെ മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ഒരു മകളുടെ, ചരിത്രത്തിലിടം നേടിയ ധീരമായ തീരുമാനമായിരുന്നു അത്. വിശന്നു മരിച്ചുകൊണ്ടിരിക്കുന്ന അച്ഛനില്‍ അവള്‍ കണ്ടത് തന്റെ സ്വന്തം കുഞ്ഞിനെത്തന്നെയാണ്. അങ്ങനെ എല്ലാ ദിവസവും അവള്‍ അച്ഛന് മുലപ്പാല്‍ നല്‍കാന്‍ തുടങ്ങി! മരിച്ചു കൊണ്ടിരിക്കുന്ന സൈമണെ സംബന്ധിച്ചിടത്തോളം മകള്‍ പകര്‍ന്നു നല്‍കിയത് ജീവന്‍ തന്നെയായിരുന്നു. ആഴ്ചകളോളം ഇത് തുടര്‍ന്നു കൊണ്ടിരുന്നു.


ആഹാരമോ വെള്ളമോ ലഭിക്കാത്ത ഒരുവന്‍ പെട്ടെന്ന് മരിച്ചു പോകുമെന്ന് കരുതിയിട്ട് അയാളില്‍ ജീവന്‍ അവശേഷിക്കുന്നത് അധികാരികളില്‍ സംശയമുളവാക്കി. അങ്ങനെ കാവല്‍ക്കാരിലൊരാള്‍ അച്ഛന് മുലപ്പാല്‍ നല്‍കുന്ന മകളെ കണ്ടുപിടിച്ചു. കാവല്‍ക്കാര്‍ ഈ അച്ഛനെയും മകളെയും അധികാരികളുടെ മുന്നിലെത്തിച്ചു. സമൂഹം രണ്ട് തട്ടില്‍ നിന്ന് ഈ അച്ഛനെയും മകളെയും വിചാരണ ചെയ്തു. അവള്‍ ചെയ്തതത് ശരിയാണെന്നും അങ്ങനെയല്ല, മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഈ വിഷയം കാരണമായിത്തീര്‍ന്നു. ജനകീയപ്രക്ഷോഭങ്ങള്‍ വരെ സംഭവിച്ചു. അവസാനം അച്ഛന മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ തന്നെ വിജയിച്ചു.


ഭരണകൂടം വൃദ്ധനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി ജീവിക്കാന്‍ അനുവദിച്ചു. യൂറോപ്പിലെ പല ചിത്രകാരന്‍മാരും അവരുടേതായ രീതിയില്‍ ഈ സംഭവത്തെ പെയിന്റിംഗില്‍ ആവിഷ്‌കരിച്ചു. എന്നാല്‍ കൈക്കുഞ്ഞുമായി നിന്ന് പരിഭ്രാന്തിയോടെ ചുറ്റും നോക്കി ജയിലിന്റെ അഴികള്‍ക്കിടയിലൂടെ അച്ഛന് മുലപ്പാല്‍ നല്‍കുന്ന ബാര്‍തോളോമിസോ എസ്തബെന്‍ മുരില്ലോ എന്ന ചിത്രകാരന്റെ ഈ ചിത്രമാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയിലായിരുന്നു ഈ സംഭവം. മുല കാണിച്ച കവര്‍ ഫോട്ടോയുടെ ശരിതെറ്റുകളെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ മുലകള്‍ പണ്ടേ വിപ്ലവങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട് എന്ന് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കും.
Share this News Now:
  • Google+
Like(s): 612