21 June, 2018 08:21:17 PM


കെവിന്‍ വധം: രഹ്ന പ്രതിയാകില്ല, ചാക്കോയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച

നീനുവിന്‍റെയും ചാക്കോയുടെയും ചികിത്സാരേഖകള്‍ വീട്ടില്‍ നിന്നും കിട്ടിയില്ല



കോട്ടയം: ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്‍ ജോസഫിന്‍റെ ഭാര്യ നീനുവിന്‍റെ മാതാവ് രഹ്നയെ കേസില്‍ പ്രതി ചേര്‍ക്കില്ല. മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഇവര്‍ക്ക് കേസില്‍ പങ്കുണ്ടാവില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിന്റെ തീരുമാനം എന്നറിയുന്നു. അതേസമയം അഞ്ചാംപ്രതിയും നീനുവിന്‍റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. 

ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റുചെയ്തത്. മുഖ്യപ്രതിയുടെ പിതാവെന്ന ഒറ്റക്കാരണത്താലാണ് ചാക്കോയെ അറസ്റ്റുചെയ്തതെന്നും പോലിസ് നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ പി.കെ.വിനോദ് കുമാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പോലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ടില്‍ കെവിന്‍ രക്ഷപെട്ട് ഓടിയപ്പോള്‍ വെള്ളത്തില്‍ വീണ് മരിച്ചതാണെന്നും സൂചനയുണ്ട്. 

താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടിയാണ് ചാക്കോ ജാമ്യാപേക്ഷ നല്‍കിയത്.  തന്‍റെ മകള്‍ നീനുവിന് മനോരോഗമുണ്ടെന്നും അതിനാല്‍ കെവിന്‍റെ വീട്ടില്‍ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നും ചാക്കോ കോടതിയോട് അപേക്ഷിച്ചിരുന്നു. തന്‍റെയും മകളുടെയും ചികിത്സാ രേഖകള്‍ തെന്മലയിലെ പോലീസ് പൂട്ടി സീല്‍ ചെയ്ത വീട്ടിലുള്ളത് എടുത്ത് കോടതിയില്‍ ഹാജരാക്കുവാന്‍ അനുവദിക്കണമെന്ന് ചാക്കോ ആവശ്യപ്പെട്ടിരുന്നു. 

ഇവ വീട്ടില്‍ നിന്നും എടുക്കാനായി കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം തെന്മലയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെടുക്കാനായില്ല. പോലീസ് വീട്ടില്‍ കയറി എല്ലാം വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നുവെന്നാണ് ചാക്കോയുടെ അഭിഭാഷകന്‍ പറഞ്ഞത്. പോലീസ് കസ്റ്റഡിയിലായ ശേഷം ചാക്കോയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന്‍റെ രേഖകള്‍ പോലീസ് ജയില്‍ സൂപ്രണ്ടിനെ ഏല്‍പിച്ചിരുന്നു. 

നീനുവിനെ മാനസികരോഗത്തിന് ചികിത്സിച്ചുവെന്ന് പറയുന്ന തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.ബൃന്ദയോട് പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാനും ജയില്‍ സൂപ്രണ്ടിന്‍റെ പക്കലുള്ള ചികിത്സാരേഖകള്‍ ലഭ്യമാക്കാനും ഉത്തരുണ്ടാകണമെന്ന് ചാക്കോയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയോട് അപേക്ഷിച്ചു. ഇത് പരിഗണിച്ച കോടതി രണ്ട് ചികിത്സാരേഖകളും മേടിച്ചു ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചു.



Share this News Now:
  • Google+
Like(s): 131