22 June, 2018 09:22:11 AM


അഭ്യൂഹങ്ങള്‍ക്ക് വിട: കോട്ടക്കുന്ന് പാര്‍ക്കിലെത്തിയത് ജസ്‌നയല്ലെന്ന് സ്ഥിരീകരണം

മകള്‍ മടങ്ങിയെത്തുമെന്ന് ജസ്‌നയുടെ പിതാവ് ജയിംസ്
മലപ്പുറം: മാര്‍ച്ച്‌ 22ന് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന മലപ്പുറത്ത് എത്തിയതായുള്ള അഭ്യൂഹങ്ങള്‍ക്ക് വിട. മെയ് മൂന്നിന് കോട്ടക്കുന്ന് പാര്‍ക്കിലെത്തിയത് ജസ്‌നയല്ലെന്ന് പാര്‍ക് മാനേജര്‍ സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കാണാനില്ലെങ്കിലും ഒരു സെല്‍ഫിയില്‍ ലഭിച്ച ചിത്രത്തില്‍ നിന്നും പെണ്‍കുട്ടിയെ തിരിച്ചറിയാനാവില്ല. 

മെയ് മൂന്നിന് രാവിലെ മുതല്‍ വൈകിട്ട് വരെ കോട്ടക്കുന്ന് പാര്‍കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജസ്‌നയാണെന്നാണ് ചില ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. ഒരു ഫോട്ടോയും ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി കരഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവരം അന്വേഷിച്ചിരുന്നു. ജസ്‌നയുടെ ഫോട്ടോ കണ്ട അദ്ദേഹം പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജസ്‌നയല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും പെണ്‍കുട്ടിയെ കാണാനില്ലെന്നും പാര്‍ക് മാനേജര്‍ അറിയിച്ചു.

അഭ്യൂഹങ്ങള്‍ക്കിടവരുത്തിയ പാര്‍ക്കിലെ ഫോട്ടോയും പുറത്തുവിട്ടു. ഫോട്ടോ അവ്യക്തമാണെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ അത് ജെസ്‌നയുതേല്ലെന്ന് മനസിലാക്കാം. മാത്രമല്ല, മാര്‍ച്ച്‌ 22ന് കാണാതായ ജസ്‌നയെ 44 ദിവസങ്ങള്‍ക്കു ശേഷം കോട്ടക്കുന്നില്‍ കണ്ടെന്നു പറയുന്നതിലും അസ്വഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം: മകള്‍ മടങ്ങിയെത്തുമെന്ന് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ്. മകളെ കാണാതായിട്ട് മാസങ്ങളായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്താതായപ്പോഴാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ വീട്ടിലും, താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും പരിശോധന നടത്തുന്നതിന്റെ ആവശ്യം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ജസ്‌നയുടെ പിതാവ് പറയുന്നു. 

മാര്‍ച്ച്‌ 22നാണ് ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കാണാതാകുന്നത്. അതിനിടെ തമിഴ്‌നാട്ടിലും ബംഗളൂരുവിലും ജസ്‌നയെ കണ്ടെത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം അവിടേക്ക് പോയെങ്കിലും ജസ്‌നയെ കുറിച്ച്‌ യാതൊരു വിവരവുമില്ലായിരുന്നു. അതിനിടെ കഴിഞ്ഞദിവസം പോലീസ് എന്തയാറിലെ റബര്‍ത്തോട്ടത്തില്‍ ജസ്‌നയുടെ പിതാവ് കരാറെടുത്ത് നിര്‍മ്മിക്കുന്ന വീടിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയിരുന്നു. മാത്രമല്ല, ജസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ക്ക് രഹസ്യമായി അക്കാര്യം അറിയിക്കാന്‍ മുക്കൂട്ടുതറയിലും ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി കോളജിലുമടക്കം പോലീസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഈ പെട്ടികളിലെ നിര്‍ണായക വിവരങ്ങളാണ് എന്തയാറിലെ വീട്ടിലേയ്ക്ക് അന്വേഷണം വിരല്‍ ചൂണ്ടാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. 

ചാത്തന്‍തറ, കൊല്ലമുള, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള വിവര ശേഖരണ പെട്ടിയില്‍നിന്നു ലഭിച്ച അഞ്ച് കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കൂടാതെ ജസ്‌ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജസ്‌ന മൊബൈല്‍ ഫോണില്‍ ആണ്‍ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പോലീസ് ചോദ്യംചെയ്തു. വീണ്ടും ചോദ്യംചെയ്‌തേക്കും. 

കഴിഞ്ഞയാഴ്ചയാണ് പോലീസ് എന്തയാറിലെ ഈ വീട്ടില്‍ ആദ്യമായി പരിശോധന നടത്തിയത്. രണ്ട് മുറികളും സ്വീകരണ മുറിയും അടുക്കളയുമുള്ള വീടിന്റെ ഭിത്തി മാത്രമേ കെട്ടിയിട്ടുള്ളൂ. രണ്ട് മുറികളുടെ തറകളില്‍ പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ശുചിമുറിയ്ക്കായുളള സ്ഥലത്തും സ്വീകരണ മുറിയിലും പുല്ലുകള്‍ ഇല്ലെന്നതും മണ്ണ് ഇളകിയനിലയില്‍ കിടന്നതും സംശയമുണ്ടാക്കി. കത്തുകളിലെ സൂചനയും സംശയത്തിന് ഇട നല്‍കിയതിനാല്‍ പോലീസിനെ അന്വേഷണത്തിന് പ്രേരിപ്പിച്ചിരിക്കയാണ്. പോലീസ് ഇവിടെയുള്ള മണ്ണു നീക്കംചെയ്തു നോക്കിയിട്ടുണ്ട്. അതിനിടെ രണ്ടാഴ്ച മുന്‍പ് സ്ഥലത്തെത്തി പുല്ല് വെട്ടിത്തെളിച്ചതാണെന്ന് വീട്ടുടമ പോലീസിനെ അറിയിച്ചിട്ടുണ്ട്. 

ജസ്‌നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയില്‍ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയതെന്ന് പോലീസ് അറിയിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ കോട്ടയം ഏന്തയാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടവും മുക്കൂട്ടുതറയിലെ വീടും കുഴിച്ച്‌ പരിശോധിക്കുമെന്ന് പത്തനംതിട്ട എസ്.പി. ടി.നാരായണന്‍ പറഞ്ഞു. നേരത്തെ ജസ്‌നയുടെ വീട്ടിലും പരിസരത്തും പലപ്രാവശ്യം പോലീസ് പരിശോധന നടത്തിയിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ വിദ്യാര്‍ഥിനിയാണ് ജസ്‌ന.

ജസ്‌നയുടെ പിതാവ് കരാറെടുത്ത് നിര്‍മിക്കുന്നതാണ് ഏന്തയാര്‍ മര്‍ഫി സ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള ഈ വീട്. നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി കോളജിന്റെ നേതൃത്വത്തില്‍ പണിതുനല്‍കുന്ന വീടുകളില്‍ ഒന്നാണിത്. 2017 ജൂലൈയില്‍ നിര്‍മാണം ആരംഭിച്ചെങ്കിലും ജനുവരിയോടെ പണി മുടങ്ങി. വെള്ളമില്ലാത്തതിനാല്‍ നിര്‍മാണം നിര്‍ത്തിയെന്നാണ് വിശദീകരണം. പെട്ടെന്നു ഈ വീടിന്റെ നിര്‍മ്മാണം അവസാനിപ്പിച്ചതിലും പോലീസിന് സംശയമുണ്ട്. പല തവണ അന്വേഷിച്ചുവെങ്കിലും തൃപ്തികരമായ ഉത്തരം ലഭിക്കാത്തതും പോലീസിനെ കുഴക്കിയിരുന്നുShare this News Now:
  • Google+
Like(s): 347