23 June, 2018 11:32:41 AM


വീടു വിട്ടിറങ്ങിയ മെസിയുടെ ആരാധകനു വേണ്ടി തെരച്ചില്‍ ഇന്നും തുടരുന്നു

ഇതിന് മുമ്പ് പലവട്ടം വീട്ടില്‍ നിന്നിറങ്ങി പോയിട്ടുള്ളതായി വെളിപ്പെടുത്തല്‍
കോട്ടയം: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്‍റീന തോറ്റ പിന്നാലെ ആത്മഹത്യാകുറിപ്പെഴുതി വെച്ചശേഷം വീടു വിട്ടിറങ്ങിയ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു. ലയണല്‍ മെസിയുടെ കടുത്ത ആരാധകനായ ആറുമാനൂര്‍ കൊറ്റത്തില്‍ ദിനു അലക്സിനെ (30) ആണ് വെള്ളിയാഴ്ച  മുതല്‍ കാണാതായത്. ദിനു പുഴയില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ഇന്നലെ ഒരു പകല്‍ മുഴുവന്‍ മീനച്ചിലാറ്റില്‍ നടത്തിയ തെരച്ചില്‍ വിഫലമായിരുന്നു. ഇന്നലെ തെരച്ചില്‍  നിര്‍ത്തിയ പേരൂര്‍ പായിക്കാട് ഭാഗത്തുനിന്നാണ് ഇന്ന് വീണ്ടും തെരച്ചിലാരംഭിച്ചത്.

അതേസമയം കാണാതായ ദിനു അലക്സ് ഇതിനുമുമ്പും പലതവണ വീട് വിട്ട് പോയിട്ടുള്ളയാളാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഡിഗ്രിക്ക് തോറ്റ സമയത്ത് വീട്ടില്‍ നിന്നും ഇറങ്ങിപോയ ഇയാള്‍ ഒരു മാസത്തിനകം തിരിച്ചെത്തിയിരുന്നു. ആത്മഹത്യാകുറിപ്പ് എഴുതിവെച്ചിട്ടുണ്ടെങ്കിലും മൊബൈലുമായി ദിനു പോയത് മറ്റെങ്ങോട്ടെങ്കിലും ആണോ എന്ന സംശയവും പോലീസ് പ്രകടിപ്പിക്കുന്നുണ്ട്. മീനച്ചിലാറ്റിലെ തെരച്ചിലിനുശേഷം ആ വഴിക്കുള്ള അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. ദിനുവിന്‍റെ മൊബൈലിന്‍റെ ലൊക്കേഷന്‍ കണ്ടുപിടിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാത്രി 12.30 മണിക്ക് ടി.വി. കണ്ടുകൊണ്ടിരുന്ന ദിനു വീട് വിട്ടിറങ്ങിയെന്നത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മനസിലാകുന്നത്. കോട്ടയത്ത് ചോയ്സ് ബുക്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്‍റാണ് ദിനു. രാവിലെ ജോലിക്ക് പോകേണ്ടതുകൊണ്ട് കിടക്കുന്നില്ലേ എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് കളി കണ്ടു കഴിഞ്ഞേ കിടക്കുന്നുള്ളു എന്ന് ദിനു മറുപടി പറഞ്ഞിരുന്നു. പുലര്‍ച്ചെ 5.30 മണിയോടെ ഉറക്കം എഴുന്നേറ്റ അമ്മ കതകുകള്‍ തുറന്ന് കിടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് മകനെ കാണാനില്ല എന്ന വസ്തുത അറിയുന്നത്.

വിവരമറിഞ്ഞ് 7.30 മണിയോടെ സ്ഥലത്തെത്തിയ അയര്‍കുന്നം എസ്.ഐ അനില്‍കുമാറും സംഘവും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്ന വാചകങ്ങളുടെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു. എനിക്ക് ലോകത്തിനി മറ്റൊന്നും കാണാനില്ലെന്നും മരണത്തിന്‍റെ ആഴക്കയങ്ങളിലേക്ക് പോകുകയാണെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. തന്‍റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ദിനു എഴുതിവെച്ചിരുന്നു. ഇതിനിടെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പോലീസ് നായ മീനച്ചിലാറിന്‍റെ തീരത്ത് പോയി നിന്നു. 

ആറുമാനൂര്‍ ടാപ്പുഴ അമ്പലത്തിന് സമീപത്തുള്ള ദിനുവിന്‍റെ വീട്ടില്‍ നിന്നും ഏതാണ്ട് 30 മീറ്റര്‍ ദൂരമേയുള്ളു മീനച്ചിലാറ്റിലേക്ക്. നായ എത്തി നിന്ന കടവ് മുതല്‍ അഗ്നിശമന സേനയും നാട്ടുകാരും പോലീസും വെള്ളിയാഴ്ച രാവിലെ ആരംഭിച്ച തെരച്ചില്‍ നാല് മണിയോടെ നിര്‍ത്തി. പേരൂര്‍ പായിക്കാട് കടവ് വരെ സാധ്യതയുള്ള സ്ഥലത്തൊക്കെ തെരച്ചില്‍ നടത്തി. അഗ്നിശമനസേനാ വിഭാഗവും പോലീസും നാട്ടുകാരും ഇന്ന് വീണ്ടും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് വള്ളങ്ങളും സ്പീഡ് ബോട്ടും നാട്ടുകാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആറ്റിലെ കുത്തൊഴുക്കിനെ അതിജീവിച്ചാണ് തെരച്ചില്‍ തുടരുന്നത്. 

മെസിയുടെ കടുത്ത ആരാധകനാണ് സ്പോര്‍ട്സ് പ്രേമിയായ ദിനു അലക്സ്. മെസിയുടെ നമ്പര്‍ പത്ത് എന്നെഴുതിയിക്കുന്ന ജേഴ്സി സംഘടിപ്പിക്കുവാനായി കോട്ടയത്തെ ഒട്ടേറെ കടകളില്‍ ഇയാള്‍ കയറിയിറങ്ങിയിരുന്നുവത്രേ. ഈ ജഴ്സി ഇപ്പോള്‍ വീട്ടില്‍ കാണാനില്ല. അതും ധരിച്ചായിരിക്കാം ദിനു പോയതെന്ന് കരുതുന്നു. മൊബൈല്‍ ഫോണിന്‍റെ കവറിലും എല്ലാം മെസിയുടെ ചിത്രങ്ങളായിരുന്നു. 

Share this News Now:
  • Google+
Like(s): 385