26 June, 2018 08:21:22 PM


കേടുവന്ന മത്സ്യങ്ങള്‍ വിറ്റഴിക്കാനുള്ള വിപണിയായി കേരളം മാറുന്നു

കയറ്റുമതിക്കിടെ തിരസ്കരിച്ച മീനുകളും കേരളത്തില്‍ എത്തുന്നു
കോട്ടയം : വിദേശങ്ങളിലേക്ക് കയറ്റുമതിയ്ക്ക് തയ്യാര്‍ ചെയ്യുന്ന മത്സ്യങ്ങളില്‍ കേടു വന്നതും വിവിധ കാരണങ്ങളാല്‍ തിരിച്ചയക്കപ്പെടുന്നവയും വിറ്റഴിക്കാനുള്ള കേന്ദ്രങ്ങളായി കേരളത്തിലെ മാര്‍ക്കറ്റുകള്‍ മാറുന്നു. രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം മത്സ്യങ്ങള്‍ ഏറെയും കേരളത്തില്‍ എത്തുന്നത്. 

ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ മത്സ്യം എത്തിക്കുന്ന തെര്‍മോക്കോള്‍ പെട്ടികള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ഇവ കയറ്റി അയക്കാന്‍ കൊണ്ടുപോയിടത്ത് നിന്ന്  തിരിച്ചുവരുന്നവയാണെന്ന് മത്സ്യവ്യാപാരികളില്‍ ചിലര്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ ദിവസം ഇരിക്കേണ്ട മീനാണ് തെര്‍മോക്കോള്‍ പെട്ടികളിലാക്കി വരുന്നത്. ആന്ധ്രായിലെ വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും വലിയ തോതിലാണ് കേരളത്തിലെ മാര്‍ക്കറ്റില്‍ മീന്‍ എത്തുന്നത്. മൂന്നും നാലും ദിവസം റോഡുമാര്‍ഗം സഞ്ചരിച്ച് ഏറെ പഴകിയാണ് മത്സ്യം ഇവിടെ കിട്ടുന്നതെന്നും വ്യാപാരികള്‍  സമ്മതിക്കുന്നു. കടലില്‍ നിന്ന് പിടിച്ച് ബോട്ടിനുള്ളില്‍ ദിവസങ്ങളോളം കിടന്ന ശേഷമാണ് ഇവ കേരളത്തിലേക്ക് കയറ്റിവിടുന്നത്. അപ്പോള്‍ മത്സ്യം ചീയാതിരിക്കണമെങ്കില്‍ ഫോര്‍മാലിന്‍ കലര്‍ത്താതെ നിവൃത്തിയുമില്ല. ഇങ്ങനെ കേരളത്തില്‍ കിട്ടുന്ന മീനുകളില്‍ മുള്ളന്‍കട്ട, കൂന്തല്‍, പന്നിത്തള, കരിമീന്‍ എന്നിവയാണ് പ്രധാനികള്‍.

ആന്ധ്രാപ്രദേശിന് പുറമെ തൂത്തുകുടി, രാമേശ്വരം, കന്യാകുമാരി, മംഗലാപുരം മല്‍പ തുടങ്ങിയ സ്ഥലങ്ങളില്‍  നിന്നാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ മത്സ്യം ഏറെയും എത്തുന്നത്. തൂത്തുകുടി, രാമേശ്വരം എന്നിവിടങ്ങളില്‍  നിന്നും ഏറ്റുമാനൂരിലേക്കും എറണാകുളത്തേക്കും കൊണ്ടുപോന്ന ഒമ്പതര ടണ്‍ മത്സ്യമാണ് ഇന്നലെ രാവിലെ കൊല്ലത്ത് പിടിച്ചത്.  ഇവയില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കൂടിയ അളവില്‍ കണ്ടിരുന്നു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി  കൊല്ലത്ത് ആര്യങ്കാവിന് പുറമെ കാസര്‍കോട് മഞ്ചേശ്വരത്തും പാലക്കാടും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നിരുന്നു. 

അതേസമയം, ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാന്‍  മാര്‍ഗമില്ല. മത്സ്യബന്ധന ബോട്ടിലോ, ഹാര്‍ബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനാവാത്തതാണ് കാരണം. ആന്ധ്രാപ്രദേശില്‍ നിന്നും ആലപ്പുഴയിലെത്തിച്ച നാലായിരം കിലോ ചെമ്മീനിലും പാലക്കാട് പിടിച്ചെടുത്ത ചെമ്മീനിലും ഫോര്‍മാലിന്റെ അംശം വളരെ കൂടുതലായി കണ്ടിരുന്നു. പക്ഷെ ഇവ തിരിച്ചയക്കുകയോ നശിപ്പിക്കുകയോ ആണ് അധികൃതര്‍ക്ക് ചെയ്യാന്‍ പറ്റുക. കഴിഞ്ഞയിടെ തിരുവല്ലയില്‍ ചെമ്മീന്‍ കഴിച്ച യുവതിയും കൊച്ചിയില്‍ ചെമ്മീന്‍ ബിരിയാണി കഴിച്ച കുട്ടിയും മരണപ്പെട്ടിരുന്നു. രാസവസ്തുവിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമായി വിദഗ്ധര്‍ ചൂണ്ടികാട്ടിയതെങ്കിലും ചെമ്മീന്റെ പിന്നാലെ കഴിച്ച നാരങ്ങയില്‍ പഴിചാരി രക്ഷപെടുകയായിരുന്നു കച്ചവടക്കാര്‍.  

വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ചെമ്മീനില്‍ അപകടകരമായ അളവില്‍ ഫോര്‍മാലിന്‍ കലര്‍ന്നിരുന്നതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കണ്ടെത്തിയിരുന്നു. ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ  മീന്‍ കറിവെച്ച് വാങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിളച്ചുകൊണ്ടിരുന്ന അവസ്ഥയുണ്ടായി. ഇത് മീനിലെ രാസപദാര്‍ത്ഥത്തിന്റെ പ്രതിപ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മാര്‍ക്കറ്റിനെതിരെ വന്‍ പ്രക്ഷോഭവും ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ എത്തുന്ന മീനിന്റെ ഗുണനിലവാരം സ്ഥിരമായി പരിശോധിക്കാന്‍ നിലവില്‍ കാര്യമായ സംവിധാനങ്ങളില്ല. വല്ലപ്പോഴും നടക്കുന്ന റെയ്ഡില്‍ കുറെ മത്സ്യങ്ങള്‍ പിടിച്ചെടുക്കുമെങ്കിലും വ്യാപാരികള്‍ അത് കാര്യമാക്കുന്നുമില്ല. കേരളത്തിലെ ചില മൊത്തവ്യാപാരികള്‍ മാര്‍ക്കറ്റിലെ വില്‍പനയ്ക്കു ശേഷം മിച്ചം വരുന്ന വീണ്ടും പാക്ക് ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്നുമുണ്ട്. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടലുകളിലാണ് ഇത്തരം പഴകിയ മത്സ്യങ്ങള്‍ ഏറെയും ചെന്നെത്തുന്നത്. ആഴ്ചകള്‍ പഴകി എത്തുന്ന മീന്‍ തിരിച്ച് ഫ്രഷ് ആയി തന്നെ വന്‍ നഗരങ്ങളിലെത്തണമെങ്കില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഉറപ്പുതന്നെയെന്ന് വ്യാപാരികളും രഹസ്യമായി സമ്മതിക്കുന്നു.
Share this News Now:
  • Google+
Like(s): 367