28 June, 2018 11:27:53 PM


നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കും: മന്ത്രി സുനില്‍കുമാര്‍

വെള്ളറട ഗ്രാമ പഞ്ചായത്തിലെ പകല്‍ വീട് ഉദ്ഘാടനം ചെയ്തു




തിരുവനന്തപുരം: കൃഷി ചെയ്യുന്ന നെല്‍വയലുകളുടെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായെന്നും മൂന്നു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും കാര്‍ഷിക വികസന മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. വെള്ളറട ഗ്രാമപഞ്ചായത്തിലെ പകല്‍വീടിന്‍റെയും പാറശ്ശാല മണ്ഡലം സമ്പൂര്‍ണ്ണ തരിശുനിര്‍മാര്‍ജ്ജന കര്‍മ്മ പദ്ധതിയായ തളിരിന്‍റെ പെരുങ്കടവിള ബ്ലോക്ക്തല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നെല്‍വയലിന്‍റെ വിസ്തൃതി 1.96 ലക്ഷം ഹെക്ടര്‍ മാത്രമായിരുന്നു. അത് 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായി. കാര്‍ഷിക സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. നെല്‍വയല്‍  തണ്ണീര്‍ത്തട നിയമ ഭേദഗതി ദുര്‍വ്യഖ്യാനിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പുതിയ ഭേദഗതി പ്രകാരം സ്വകാര്യ വ്യക്തികളുടെ തരിശിടങ്ങളില്‍ സര്‍ക്കാരിന് കൃഷി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. 
 
വയോജനങ്ങളെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പകല്‍ വീടുകള്‍ക്കാകുമെന്നും മന്ത്രി പറഞ്ഞു. പെരുങ്കടവിള ബ്ലോക്കില്‍  ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വയോജനങ്ങള്‍ക്കുള്ള മാനസിക ഉല്ലാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. തളിര്‍ പദ്ധതിയുടെ പെരുങ്കടവിള ബോക്ക്തല ഉദ്ഘാടനം വഴുതനതൈ നട്ട് മന്ത്രി നിര്‍വഹിച്ചു. വെള്ളറട രുക്മിണി മെമ്മോറിയല്‍ ദേവി ആശുപത്രി പരിസരത്തെ രണ്ടര ഏക്കര്‍ തരിശുനിലത്താണ് തൈ നട്ടത്. പാറശാല മണ്ഡലത്തിലെ അമ്പതേക്കര്‍ നിലം ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം കൃഷിയോഗ്യമാക്കിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 43