28 June, 2018 11:46:41 PM


ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ കണ്ടെത്തി സാക്ഷരതാ മിഷന്‍

കോടികള്‍ വിലമതിക്കുന്ന ഒറ്റത്തടി ശില്‍പങ്ങള്‍ കണ്ടെത്തി




പത്തനംതിട്ട: ഒറ്റത്തടിയില്‍ തീര്‍ത്ത കോടികള്‍ വിലമതിക്കുന്ന അനന്തശയന ശില്‍പ്പം മുതല്‍ വിദേശവിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സാളഗ്രാം വരെയുള്ള വിഗ്രഹങ്ങളുടെ അപൂര്‍വശേഖരം കണ്ടെത്തി സാക്ഷരതാമിഷന്റെ ചരിത്രരേഖ സര്‍വ്വേ. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് 25 വര്‍ഷത്തിന് മുകളിലുള്ള ചരിത്ര വഴികളിലൂടെ സാക്ഷരതാമിഷന്‍ സഞ്ചരിച്ചത്. സാക്ഷരതാ മിഷന് കീഴിലുള്ള തുല്യത പഠന കേന്ദ്രത്തിലെ പഠിതാക്കളാണ് തിരുശേഷിപ്പുകള്‍ തേടിയ അന്വേഷകര്‍.

 
ചരിത്രകഥകള്‍ ഉറങ്ങുന്ന ജില്ലയുടെ അപൂര്‍വ ചരിത്രരേഖകളുടേയും ചിത്രങ്ങളുടേയും വസ്തുക്കളുടേയും വിവരങ്ങളാണ് പഠിതാക്കള്‍ പ്രധാനമായും ശേഖരിച്ചത്. ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ആയുധങ്ങള്‍, 300ല്‍ അധികം വര്‍ഷം പഴക്കമുള്ള കളിമണ്ണ് പാത്രങ്ങള്‍, ചീനഭരണികള്‍ തുടങ്ങിയവയുടെ വിവരങ്ങളും കേരളീയ വാസ്തുശില്‍പകലയുടെ ചരിത്രം വെളിപ്പെടുത്തുന്ന അപൂര്‍വ ഗ്രന്ഥങ്ങള്‍, മലയാള സാഹിത്യ നിരൂപണങ്ങള്‍, നാല് ഓംകാരം പുസ്തകങ്ങള്‍ എന്നിവയും പഠിതാക്കള്‍ ശേഖരിച്ചു. താളിയോലകളില്‍ എഴുതപ്പെട്ട് സൂക്ഷിച്ച നിരവധി ചരിത്രരേഖകളുടെ വിവരങ്ങളും പഠിതാക്കള്‍ കണ്ടെത്തി. ഇതില്‍ പന്തളം കൊട്ടാരത്തില്‍ നിന്ന് ലഭിച്ച പാലി ഭാഷയില്‍ രചിക്കപ്പെട്ട താളിയോല ഗ്രന്ഥമാണ് ഏറ്റവും ശ്രദ്ധേയം. 

 
കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലഘട്ടത്തില്‍ തറവാടുകളില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്ന അപൂര്‍വ്വയിനം വസ്തുക്കളുടെ വിപുലമായ ശേഖരവും ഇവര്‍ സര്‍വ്വേയിലൂടെ കണ്ടെത്തി. 101 വര്‍ഷം പഴക്കമുള്ള മുറുക്കാന്‍ ചെല്ലം, 100 വര്‍ഷത്തിനുമേല്‍ പഴക്കം ചെന്ന ആമാടപ്പെട്ടി, 160 വര്‍ഷം പഴക്കമുള്ള മെതിയടി, 200 വര്‍ഷം പഴക്കമുള്ള വളവരയന്‍പ്പെട്ടി, മൂന്നര നൂറ്റാണ്ട് പഴക്കമുള്ള കോല്‍ത്താഴ്, 250 വര്‍ഷം പഴക്കമുള്ള പാലുരുളി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരിക്കല്ല്, കുഴിക്കല്ല്, പറ, ചങ്ങഴി, നാഴി എന്നിവയൊക്കെ ഇവയില്‍ ചിലത് മാത്രം. രാജാക്കന്മാര്‍ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പകിടയും ഇവര്‍ കണ്ടെത്തി. 

 
കൂടാതെ പന്തളം രാജകൊട്ടാരത്തിലെ ഇപ്പോഴത്തെ തലമുറയിലെ മുതിര്‍ന്ന തമ്പുരാട്ടിയുമായി പഠിതാക്കള്‍ ആശയവിനിമയം നടത്തി. ഇതിലൂടെ രാജകൊട്ടാരത്തിലെ ചരിത്രകഥകള്‍ വായ്മൊഴിയിലൂടെയും വരമൊഴിയിലൂടെയും പഠിതാക്കള്‍ മനസിലാക്കി. കേരളചരിത്രത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളുടെ ചരിത്രശേഷിപ്പുകളും പഠിതാക്കള്‍ സര്‍വ്വേയിലൂടെ അന്വേഷിച്ചു കണ്ടെത്തി. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയതും ആരും അറിയാതെ പോയതുമായ ചരിത്രശേഷിപ്പുകള്‍ പുറത്തെത്തിക്കുക, അമൂല്യമായ ചരിത്ര ഏടുകളെ പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്റെ കീഴില്‍ 154 തുല്യതാ പഠിതാക്കളാണ് സര്‍വ്വേയുടെ ഭാഗമായത്. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.വി മാത്യു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡോ.പി. മുരുകദാസ്, പ്രേരക്മാരായ ഡി. ശിവദാസ്, ടി.വി വേണുഗോപാല്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്



Share this News Now:
  • Google+
Like(s): 191