29 June, 2018 02:42:46 PM


ഓര്‍ത്തഡോക്സ് സഭ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വൈദികര്‍ക്കെതിരേ പരാതി നല്‍കാത്തത് തടസമാകുന്നു




തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ലൈംഗീകാരോപണത്തില്‍ പാരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പോലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉര്‍ന്നിരുന്നു.


ഈ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസമായി പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ, കേസില്‍ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.


ഇതോടെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യവും തെളിയുന്നുണ്ട്. പരാതിക്കാരിയുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത് സംബന്ധിച്ച്‌ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ക്രൈംബ്രാഞ്ച് അന്വേഷണം സാധ്യമാകുകയുള്ളു. നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍, ഇതിന്മേല്‍ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പോലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം. ഇരയായ സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.


പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ തന്നെ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വി.എസിന്റെ കത്തിന്റെ ഉള്ളടക്കം. ഇത് സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കുന്ന പ്രവണതയാണെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ ഒന്നും ചുമതലപ്പെടുത്തിയിട്ടില്ല. ക്രൈം ബ്രാഞ്ച് ഡിജിപി തീരുമാനിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനായിരിക്കും കേസന്വേഷിക്കുകയെന്നാണ് സൂചന.



Share this News Now:
  • Google+
Like(s): 124