30 June, 2018 06:02:42 PM


ബിഷപ്പിനെതിരായ പരാതി സഭ നേതൃത്വം മുക്കി; കര്‍ദിനാളും പ്രതിക്കൂട്ടില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍



കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതി സഭ നേതൃത്വം മൂടിവെച്ചതായി ആരോപണം. ലൈംഗികമായും മാനസികമായുമുള്ള പീഡനങ്ങള്‍ വിവരിച്ച്‌​ കഴിഞ്ഞ ആഗസ്​റ്റിലാണ് ​സീറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ്​ ആലഞ്ചേരിക്ക്​​ കന്യാസ്​ത്രീ പരാതി നല്‍കിയത്​. സഭ ആസ്ഥാനത്തെത്തിയായിരുന്നു ഇത്​. എന്നാല്‍, പരാതി​ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച സഭ നേതൃത്വം ബലാല്‍സംഗം ചെയ്​തുവെന്ന പരാതി​ പൊലീസിനു കൈമാറിയതുമില്ല. തുടര്‍ന്ന്​ കര്‍ദിനാള്‍ തന്നെ കേസ്​ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായും കുറവിലങ്ങാട്​ എത്തിയപ്പോള്‍ ഇവരുമായി സംസാരിച്ചതായും വിവരമുണ്ട്​.

പരാജയപ്പെട്ടപ്പോള്‍ സമ്മര്‍ദത്തിലൂടെയും ഭീഷണിയിലൂടെയും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബിഷപ്​ ശ്രമിച്ചെങ്കിലും കന്യാസ്​ത്രീ വഴങ്ങിയില്ല. ഇതോടെ സമ്മര്‍ദം ശക്തമായതി​നെതുടര്‍ന്നാണ് ​ഇവര്‍ െ​പാലീസില്‍ നേരിട്ട്​ പരാതി നല്‍കിയത്​. സെന്‍റ്​ ഫ്രാന്‍സിസ്​കന്‍ മിഷന്‍ സന്യാസിസമൂഹത്തി​ന്‍റെ മുന്‍ മദര്‍ സൂപ്പീരിയറായ ഇവര്‍ ഒരു മിഷന്‍ ഹോമിലാണ്​ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്​. ജലന്ധര്‍ രൂപത ലത്തീന്‍ സഭയു​ടെ കീഴിലുള്ളതാണെങ്കിലും അധ്യക്ഷനായ ബിഷപ് ഫ്രാങ്കോ മുളക്കല്‍ സീറോ മലബാര്‍ സഭാംഗമായ തൃശൂര്‍ സ്വദേശിയാണ്​. 

ഫ്രാന്‍സിസ്​കന്‍ മിഷന്‍ കേരളത്തില്‍ സീറോ മലബാര്‍ സഭയുമായി ബന്ധ​പ്പെട്ടാണ്​ പ്രവര്‍ത്തിക്കുന്നത്​. ഇതാണ് ബിഷപ്പിനെതിരെ പരാതിയുമായി​ കര്‍ദിനാളിനെ സമീപിക്കാന്‍ കാരണം. പീഡനപരാതി മറച്ചു​െവച്ചതിന്​ സഭ നേതൃത്വത്തിനെതിരെ കേസ്​ എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്​. ഫ്രാങ്കോ 2009 ജനുവരിയില്‍ സഹായ മെത്രാനും 2013ല്‍ ജലന്ധര്‍ ബിഷപ്പായും നിയമിതനായി. സന്മാര്‍ഗിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്​.

ബിഷപ്പിനെതിരായ പരാതിയുടെ ആദ്യഘട്ടത്തില്‍, കന്യാസ്​ത്രീയുടെ സഹോദരന്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ വധിക്കാന്‍ നോക്കുന്നുവെന്നാരോപിച്ച്‌ ബിഷപ്പും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടു പരാതി ലഭിച്ചതോടെ വൈക്കം ഡിവൈ.എസ്​.പിയോട് വിശദ അന്വേഷണം നടത്താന്‍ ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച ശേഷം ബുധനാഴ്​ചയാണ്​ ബിഷപ്പിനെതിരെ കേസെടുത്തത്. തുടര്‍ന്ന്​ വനിത പൊലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്​തമായിട്ടുണ്ട്​.



Share this News Now:
  • Google+
Like(s): 219