04 July, 2018 04:40:22 PM


കള്ളനോട്ട് കേസ്: സീരിയല്‍ നടിയുടെ വീട് നിഗൂഡതകളുടെ കേന്ദ്രം

കള്ളനോട്ട് അച്ചടി മറ്റൊരാള്‍ക്ക് വിറ്റ വീട്ടില്‍ നിന്നും മാറികൊടുക്കാതെകൊല്ലം: എട്ടടിയോളം ഉയരത്തില്‍ മതില്‍. ആര്‍ക്കും ഒന്നും കാണാത്ത തരത്തില്‍ നാലടി ഉയരത്തില്‍ ഗ്യാപ്പ് ഇല്ലാതെ ചെടി വളര്‍ത്തല്‍. അയല്‍കാരെ അടുപ്പിക്കാത്ത നയതന്ത്രജ്ഞത. അകത്തേക്ക് കടന്നു ചെന്നാലും പ്രവേശനം സ്വീകരണ മുറി വരെ മാത്രം. വീട് വിറ്റ് കാശ് വാങ്ങിയിട്ടും ഒഴിഞ്ഞു കൊടുക്കാതെ കൈയടക്കിയ ഇടപെടല്‍. കള്ളനോട്ട് കേസില്‍ പിടിയിലായ സീരിയല്‍ നടി സുര്യാ ശശികുമാറിന്‍റെ ആഡംബര ബംഗ്ലാവിലെ തൂണിലും തുരുമ്പിലും ദുരൂഹത. കള്ളപ്പണത്തിന്‍റെ കോട്ടയില്‍ തളം കെട്ടിയിരിക്കുന്നത് നിഗൂഡതകളുടെ ചങ്ങല.

കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഇടുക്കി പൊലീസ് പരിശോധന നടത്തിയ കൊല്ലം മനയില്‍കുളങ്ങര വനിതാ ഐ.റ്റി.ഐ യുടെ പിറകിലുള്ള ഉഷസ് എന്ന വീടിന് പുറം ലോകവുമായി യാതോരു ബന്ധവുമില്ല. 57 ലക്ഷം രൂപയുടെ കള്ളനോട്ടും അത്യാധുനിക അച്ചടിയന്ത്രവും പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. സീരീയല്‍ നടി സൂര്യാ ശശികുമാറും അമ്മ രമാദേവിയും താമസിച്ചിരുന്ന ഈ വീടുമായി നാട്ടുകാര്‍ക്കോ സമീപവാസികള്‍ക്കോ യാതോരു അടുപ്പവും ഇല്ല. മനപ്പൂര്‍വ്വം തന്നെയാകണം ആരേയും അടുപ്പിക്കാതെ മാറ്റി നിര്‍ത്തിയത് എന്ന് പൊലീസ് സംശയിക്കുന്നു. മുപ്പത് സെന്‍റോളം വരുന്ന സ്ഥലത്ത് ആയിരത്തി അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഈ മണിമാളിക പണികഴിപ്പിച്ചിരിക്കുന്നത്.


പഴയ കുടുംബവീട് മോടി കൂട്ടി ഈ രൂപത്തിലാക്കിയതാണ്. ഏഴടിയോളം ഉയരത്തില്‍ പണി കഴിപ്പിച്ചിരിക്കുന്ന മതിലിന് മുകളിലെക്ക് പിന്നെയും നാല് അടി ഉയരത്തില്‍ ഗ്യാപ്പ് ഇല്ലാതെ കടലാസ് ചെടി നട്ട് പിടിപ്പിച്ചിരിക്കുന്നു. റോഡില്‍ നിന്ന് നോക്കിയാല്‍ മുകള്‍ഭാഗം മാത്രം കാണാവുന്ന വീടിന്‍റെ ഗേറ്റ് എല്ലാ സമയത്തും അടഞ്ഞ് കിടക്കും. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഈ വീട് സൂര്യയുടെ അമ്മ മറ്റോരാള്‍ക്ക് വിറ്റിരുന്നു. എന്നാല്‍ താമസം മാറാതെ ഇവിടെ വാടകയ്ക്ക് തുടര്‍ന്ന് താമസിക്കുക ആയിരുന്നു സൂര്യയും കുടുംബവും.

വീടിന്‍റെ മുകളിലെത്തെ നിലയില്‍ നിന്നാണ് പൊലീസ് കള്ളനോട്ടും സാധനസാമഗ്രികളും കണ്ടെടുത്തത്. അച്ചടി പൂര്‍ത്തിയായതും വിവിധഘട്ടങ്ങളായി ചെയ്ത് വരിക ആയിരുന്ന നോട്ടുകളും പൊലീസ് കണ്ടെടുത്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രയില്‍ നിന്നും വാങ്ങിയ യന്ത്രം ആധുനികവല്‍ക്കരിച്ചാണ് നോട്ട് അച്ചടിച്ചിരുന്നത്. ഹൈദ്രാബാദില്‍ നിന്നുമാണ് അച്ചടിക്കുന്ന പേപ്പറും പ്ലാസ്‌ററിക്ക് ഷീറ്റും വാങ്ങിയിരുന്നത്. നോട്ടില്‍ പ്രിന്‍റ് ചെയ്യേണ്ട ആര്‍.ബി.എയുടെ മുദ്രയും കമ്പ്യൂട്ടര്‍ പ്രിന്‍ററും പൊലീസ് കണ്ടെടുത്തിരുന്നു.

ഇരുനൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടാണ് ഇവിടെ പ്രിന്‍റ് ചെയ്തിരുന്നത്. ആറ് മാസത്തിലേറെയായി ഇവിടെ നോട്ടടി നടക്കുന്നുണ്ട് എന്നാണ് പൊലീസ് നിഗമനം. ഈ വീട് വില്‍ക്കാനായി മുളങ്കാടകം സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയതിന് ശേഷം പറ്റിച്ചതായി രമാദേവിയുടെ മറ്റോരു കേസ് നിലവിലുണ്ട്. സമീപവാസികളുമായി ബന്ധമില്ലാത്തതിനാല്‍ നടിയെ പറ്റിയോ ഇവിടെ വരുന്നവരെ പറ്റിയോ യാതൊരു വിവരങ്ങളും അയല്‍ക്കാരില്‍ നിന്നും അറിയാന്‍ സാധിക്കുന്നില്ല. വലിയ കള്ളനോട്ട് മാഫിയ ആണ് താമസിച്ചിരുന്നത് എന്ന് അറിഞ്ഞ നാട്ടുകാര്‍ പേടിച്ച്‌ ഇപ്പോള്‍ അറിയാവുന്ന വിവരങ്ങള്‍ പോലും പങ്ക് വെക്കാന്‍ തയ്യാറാകുന്നില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത ഗുണ്ടാസംഘവും കള്ളനോട്ട് സംഘത്തിന്‍റെ പിന്നിലുണ്ടാകും എന്നാണ് നാട്ടുകാരുടെ പേടി.

സീരിയല്‍ നടിയായ മകള്‍ സൂര്യ ബംഗളൂരുവില്‍ താമസിക്കുന്നതിനാല്‍ രമാദേവിയും മറ്റൊരു മകള്‍ ശ്രുതിയും ബംഗളൂരുവിലായിരുന്നെന്നാണ് പ്രദേശവാസികളുടെ ധാരണ. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇവിടേക്ക് വന്നാല്‍പ്പോലും അയല്‍ക്കാരുമായി സംസാരിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാറില്ല. കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകീട്ടോടെ വീട്ടില്‍ വിളക്ക് തെളിച്ചിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ പൊലീസ് ആരംഭിച്ച തിരച്ചില്‍ രാവിലെ പത്തുമണിക്കുശേഷമാണ് അവസാനിച്ചത്. 
 
ഒന്നരവര്‍ഷംമുന്‍പ് ഈ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. അന്നും ഇവിടെ രമാദേവിയും മക്കളുമുണ്ടായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് പത്തിലധികംപേര്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. സംഘത്തിലെ കൂടുതല്‍പ്പേര്‍ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.Share this News Now:
  • Google+
Like(s): 241